- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയെ ഒരു ബാറിൽ നിന്നും ഉടുപ്പിനു പിടിച്ച് പുറത്താക്കിയാൽ എന്ത് സംഭവിക്കും? ബ്രിട്ടനിൽ പ്രതിപക്ഷ നേതാവിനോട് കടക്കു പുറത്ത് എന്ന് പറഞ്ഞ് പബ്ബ് ഉടമ; വൈറൽ വീഡിയോ കാണാം
ജനാധിപത്യത്തിൽ ജനങ്ങൾ തന്നെയാണ് സർവ്വാധികാരികൾ. ഈ അടിസ്ഥാന തത്വം മറന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിച്ച ഏറ്റവും വലിയ മൂല്യശോഷണം. ജനപ്രതിനിധികളായി തെരഞ്ഞെടൂക്കപ്പെടുന്നവരെ അതിരുകവിഞ്ഞ് ആദരിക്കുകയും ഭയഭക്തി ബഹുമാനങ്ങളോടെ സമീപിക്കുകയും ഒക്കെ ചെയ്തതോടെ ജനാധിപത്യ സംവിധാനത്തിലും രാജാക്കന്മാരും രാജ്ഞിമാരുമൊക്കെ ഉടലെടുക്കുകയായിരുന്നു. അർഹിക്കാത്ത ഒരുപാട് ആനുകൂല്യങ്ങൾ പറ്റുന്ന ഒരു വിഭാഗമായി കഴിഞ്ഞിരിക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ.
എന്നാൽ, ഇതിൽ നിന്നെല്ലാം തീർത്തും വിഭിന്നമാണ് ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ബ്രിട്ടനിലെ സാഹചര്യം. അവിടെ ജനപ്രതിനിധി, ജനങ്ങളുടെ പ്രതിനിധി മാത്രമാണ്. ഒരു പരിധിക്കപ്പുറം പ്രത്യേക പരിഗണനകൾ ഏതും അർഹിക്കാത്ത ഒരാൾ. അയാൾ ചെയ്യുന്നത് ഇഷ്ടമായില്ലെങ്കിൽ ആർക്കും നേരിട്ട് പ്രതികരിക്കാം. തടയുവാൻ ആജ്ഞാനുവർത്തികളായ ഗുണ്ടാസംഘങ്ങളൊന്നും കൂടെയുണ്ടാകില്ല. ഇക്കാര്യം അടിവരയിട്ടു പറയുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നു.
ബ്രിട്ടൻ പാർലമെന്റിലെ പ്രതിപക്ഷനേതാവിനെ ഒരു പബ്ബുടമ തന്റെ പബ്ബിൽ നിന്നും പിടിച്ചു പുറത്താക്കുന്നതാണ് ഈ വീഡിയോ. പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയോട് കൂറുപുലർത്തുന്ന വ്യക്തിതന്നെയാണ് ഈ പബ്ബുടമയും എന്നതാണ് ഏറ്റവും രസകരമായ കാര്യം. തന്റെ പബ്ബ് മാസങ്ങളോളം അടച്ചിടാൻ കാരണമായ ലോക്ക്ഡൗണിനെ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായ സർ കീർ സ്റ്റാർമർ അനുകൂലിച്ചതാണ് പബ്ബുടമയെ പ്രകോപിപ്പിച്ചത്.
എന്ത് തെറ്റുചെയ് താലും സ്വന്തം പാർട്ടി നേതാവിനായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളുമായി എത്തുന്ന ചാവേറുകളും, യാതോരു ഉളുപ്പുമില്ലാതെ നേതാവിന്റെ അപദാനങ്ങൾ പാടിനടക്കാൻ തയ്യാറായ സ്തുതിപാഠകരും നിറഞ്ഞ ഇന്ത്യയിൽ ഇത് തീർച്ചയായും അവിശ്വസനീയമായ കാര്യം കൂടിയാണ്. ബാത്ത് എന്ന സ്ഥലത്താണ് സംഭവം നടന്നത്. തുറന്നുവച്ച പബ്ബിലെത്തിയ സ്റ്റാർമറിനെ പബ്ബുടമ റോഡ് ഹംഫ്രിസ് തടയുകയായിരുന്നു.
സ്റ്റാർമറെപബ്ബിനു പുറത്തേക്ക് തള്ളുവാനാഞ്ഞ ഹംഫ്രിസിനെ സ്റ്റാർമറുടെ സുരക്ഷാ ഉദ്യോഗസ്സ്ഥർ തടയുകയായിരുന്നു. ഈ മനുഷ്യന് എന്റെ പബ്ബിൽ പ്രവേശനമില്ല, എന്റെ ബാറിൽ നിന്നും ഉടൻ പുറത്തുകടക്കണം എന്ന് ബാറുടമഅലറി വിളിക്കുന്നത് വീഡിയോയിൽ കാണാം. ലോക്ക്ഡൗണിനും അതുപോലെ സ്‌കൂൾ വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കണമെന്ന തീരുമാനത്തിനും പിന്തുണ കൊടുക്കുക വഴി പ്രതിപക്ഷം പരാജയപ്പെടുകയായിരുന്നു എന്നായിരുന്നു ഹംഫ്രിസ് വാദിച്ചത്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, കോവിഡ് മൂലം മരണമടയുന്നവരുടെ ശരാശരി വയസ്സ് 81 വയസ്സാണെന്ന് അയാൾ ഒരു കടലാസ്സ് ഉയർത്തി ഉറക്കെ വിളിച്ചു പറയുന്നുണ്ട്. വൃദ്ധന്മാരെ മരണത്തിൽ നിന്നും രക്ഷിക്കുവാനാണ് നിങ്ങളെല്ലാവരും കൂടി സമ്പദ്വ്യവസ്ഥ തകർത്തതെന്നും അയാൾ ആരോപിക്കുന്നു. ബഹളത്തിനിടയിൽ സ്റ്റാർമർ ഇറങ്ങിപ്പോകാൻ ഒരുങ്ങുമ്പോൾ, തനിക്ക് സ്റ്റാമറിനോടാണ് സെക്യുരിറ്റിക്കാരോടല്ല സംസാരിക്കാനുള്ളതെന്നും പബ്ബുടമ പറയുന്നത് വീഡിയോയിൽ കേൾക്കാം.
ജീവിതകാലം മുഴുവൻ ലേബർ പാർട്ടിക്ക് വോട്ടുചെയ്ത തന്നെപോലെ ഉള്ളവരെ സ്റ്റാർമർ ചതിക്കുകയായിരുന്നു എന്നും അയാൾ ആക്രോശിക്കുന്നു. നിങ്ങൾ നിങ്ങളുടെ ജോലി യഥാവിധി ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാൽ ആയിരക്കണക്കിന് പേരാണ് മരണമടഞ്ഞതെന്നും അയാൾ സ്റ്റാർമറോട് പറയുന്നുണ്ട്. ലോക്ക്ഡൗണിനെ കുറിച്ച് എന്തറിയാമെന്നും, അത് ഉദ്ദേശിച്ച ഫലം തന്നോ എന്നും അയാൾ ചോദിക്കുന്നു.
അവസാനം സ്റ്റാർമർ തിരിഞ്ഞു നിന്ന് മഹാവ്യാധികാലത്ത് എൻ എച്ച് എസിലെ നഴ്സായ തന്റെ ഭാര്യ ഉൾപ്പടെയുള്ളവർ ചെയ്ത സേവനങ്ങൾ പബ്ബുടമയോട് വിവരിച്ചു. അവർ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി. എന്നാൽ സ്ഥല പരിമിതിയും സൗകര്യങ്ങളുടെ പരിമിതിയും അവർക്ക് പ്രതിബന്ധമായി. അത്രയ്ക്കധികമായിരുന്നു രോഗവ്യാപനത്തിന്റെ വ്യാപ്തി എന്നും അദ്ദേഹം പബുടമയോട് പറഞ്ഞു. ഇതിനെ തുടർന്നാണ് പബ്ബ് ഉടമ പ്രതിപക്ഷനേതാവിനോട് കടക്ക് പുറത്ത് പറയുന്നത്.
ജനാധിപത്യം, എല്ലാ അർത്ഥത്തിലും അതിന്റെ പരമോന്നത പദവിയിലെത്തിയ നിമിഷം എന്നാണ് പലരും സമൂഹമാധ്യങ്ങളിലൂടെ ഇതിനെ വിശേഷിപ്പിക്കുന്നത്. ഓരോ അനുയായിയും തന്റെ നേതാവിനെ ചോദ്യം ചെയ്യുവാനുള്ള ആർജ്ജവം കാണിക്കുന്ന കാലത്ത് മാത്രമേ ജനാധിപത്യം അതിന്റെ എല്ലാ നന്മകളോടും കൂടി നിലവിൽ വരികയുള്ളു എന്നും പലരും ചൂണ്ടിക്കാട്ടി. അന്ധമായ ആരാധനയല്ല, മറിച്ച് തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുവാൻ നിർബന്ധിതമാക്കുന്ന ആശയസംവാദങ്ങളാണ് ജനാധിപത്യത്തിന്റെ കാതൽ എന്നും പലരും ഓർമ്മിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ