തിരുവനന്തപുരം: അർബുദം ബാധിച്ച മുഴ നീക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ വായ്ക്കുള്ളിൽ രോമം വളരുന്ന സംഭവത്തിൽ ചികിത്സാപ്പിഴവ് പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.

ഡോക്ടറെ അനുകൂലിച്ച് ആർ.സി.സി. റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ കമ്മിഷൻ ഉത്തരവിട്ടത്. കുന്നത്തുകാൽ സ്വദേശി സ്റ്റീഫനാണ് വായ്ക്കുള്ളിൽ മുടി വളർന്നതു മൂലം ദുരിതം അനുഭവിക്കുന്നത്. 2019 ജൂലായ് ഒമ്പതിനാണ് സ്റ്റീഫൻ റീജണൽ കാൻസർ സെന്ററിൽ വായ്ക്കുള്ളിൽ ശസ്ത്രക്രിയക്ക് വിധേയനായത്. വായ്ക്കുള്ളിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് കീഴ്‌ത്താടിയിലെ ചർമം വെച്ചുപിടിപ്പിച്ചതുകാരണം രോമവളർച്ചയുണ്ടായെന്നാണ് പരാതി. മെഡിക്കൽ ബോർഡിൽ പ്ലാസ്റ്റിക് സർജറി വിദഗ്ധനെ ഉൾപ്പെടുത്തണമെന്നും വായ്ക്കുള്ളിൽ പകരം ചർമം വെച്ചുപിടിപ്പിച്ചപ്പോൾ സംഭവിച്ച രോമവളർച്ച സ്വാഭാവികമാണോയെന്ന് പരിശോധിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ രോഗിയെ നേരിട്ട് പരിശോധിക്കണം. എട്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

വായ്ക്കുള്ളിലെ രോമവളർച്ചകാരണം ആഹാരം കഴിക്കാനോ ഉമിനീരിറക്കാനോ കഴിയാത്തതിനെത്തുടർന്നാണ് ശാസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരേ കൂലിപ്പണിക്കാരനായ സ്റ്റീഫൻ പരാതി നൽകിയത്. സർക്കാരിന്റെ കാരുണ്യ പദ്ധതി പ്രകാരമായിരുന്നു ചികിത്സ. വായിൽ വെച്ചുപിടിപ്പിക്കാൻ തുടയിൽനിന്നു മാംസം എടുക്കുമെന്നാണ് പറഞ്ഞതെങ്കിലും കീഴ്‌ത്താടിയിൽ നിന്നാണ് മാംസം എടുത്തതെന്ന് പരാതിയിൽ പറയുന്നു. പ്രശ്‌നം ഡോക്ടറെ അറിയിച്ചപ്പോൾ മുടി ബാർബറെ വിളിച്ച് വെട്ടിക്കാൻ പറഞ്ഞ് പരിഹസിച്ചതായും പരാതിയിൽ പറയുന്നു.