ഫുട്ബോൾ ആരാധകരുടെ ശക്തമായ ഇടപെടലിൽ യൂറോപ്യൻ ഫുട്ബോളിൽ ശക്തിപ്രാപിച്ചുവന്ന അഭ്യന്ത്രരയുദ്ധം ഇല്ലാതെയാവുകയാണ്. ശക്തമായ പ്രതിഷേധത്തേ തുടർന്ന് യൂറോപ്യൻ സൂപ്പർ ലീഗിൽ ഉൾപ്പെട്ടിരുന്ന ആറ് ഇംഗ്ലീഷ് ക്ലബ്ബുകളും അതിൽ നിന്നും പിന്മാറി. സൂപ്പർലീഗിൽ നിന്നും പിന്മാറുന്ന കാര്യം ആദ്യം അറിയിച്ചത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു. ആരാധകരുടെയും കളിക്കാരുടെയുമൊക്കെ പ്രതിഷേധം കനത്തതോടെ ക്ലബ്ബിന് വേറെ വഴി ഇല്ലാതെവരികയായിരുന്നു.

തൊട്ടുപുറകെ ചെൽസയും സൂപ്പർലീഗിൽ നിന്നും വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചു. ഏറെ സമയം കഴിയും മുൻപ് തന്നെ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ആർസനൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ടൊട്ടെൻഹാം ഹോട്സ്പർ എന്നീ ക്ലബ്ബുകളും ടൂർണമെന്റിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു. തങ്ങളുടെ നീക്കം ആരാധകരുടെ കോപത്തിനും, രാഷ്ട്രീയ നേതൃത്വത്തിന്റെ അപ്രീതിക്കും കാരണമാകുന്നു എന്ന് തിരിച്ചറിഞ്ഞ ഈ ആറ് ക്ലബ്ബുകളുടെയും ഉടമകൾ നേരത്തേ ഒരു അടിയന്തര യോഗം ചേർന്നിരുന്നു.

തങ്ങൾക്ക് തെറ്റുപറ്റിയെന്നും, അതിൽ ക്ഷചോദിക്കുന്നു എന്നും പറഞ്ഞാണ് യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും ഒഴിയുന്ന കാര്യം ആർസനൽ ആരാധകരെ അറിയിച്ചത്. അതേസമയം, സ്വന്തം കളിക്കാർ ഉൾപ്പടെ നിരവധി പേരിൽ നിന്നാണ് ലിവർപൂൾ ക്ലബ്ബിന് സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനം ഏറ്റുവാങ്ങേണ്ടതായി വന്നത്. ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകളുടെ ഉടമയായ അമേരിക്കൻ ബിസിനസ്സുകാരനായിരുന്നു യൂറോപ്യൻ സൂപ്പർലീഗ് എന്ന ആശയത്തിനു പിറകിലെ പ്രധാനി.റിയൽ മാഡ്രിഡ്, എ സി മിലാൻ തുടങ്ങിയ പ്രധാന യൂറോപ്യൻ ക്ലബ്ബുകളേയും ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു.

നേരത്തേ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ ചേർന്ന് യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചപ്പോൾ അത് ഫുട്ബോൾ പ്രേമികളിൽ കനത്ത ആശങ്കയുണർത്തിയിരുന്നു. തുടർന്ന് കടുത്ത പ്രതിഷേധമായിരുന്നു ഈ തീരുമാനത്തിനെതിരെ ഉയർന്നത്. പണം മാത്രം ലാക്കാക്കി ഫുട്ബോളിനെ കുരുതികൊടുക്കുകയാണ് എന്ന ആക്ഷേപമായിരുന്നു എല്ലായിടത്തും മുഴങ്ങിക്കേട്ടത്. പലയിടങ്ങളിലും ഇതിൽ ഉൾപ്പെട്ട ക്ലബ്ബുകളുടെ ഉടമകൾക്കെതിരെ ആരാധകർ കടുത്ത പ്രതിഷേധമുയർത്തി. ബ്രിറ്റണെതിരായുള്ള പ്രീമിയർ ലീഗ് മത്സരത്തിനെത്തിയ ചെൽസിയയുടെ കോച്ചിനെ ആരാധകർ മൈതാനത്തിനകത്തെക്ക് പ്രവേശിപ്പിച്ചില്ല.

എന്നൽ, സൂപ്പർലീഗിൽ നിന്നും ഒഴിവാകുന്നു എന്ന പ്രഖ്യാപനം വന്ന ഉടൻ തന്നെ അതുവരെ ആരോപണങ്ങൾ ഉയർത്തിയിരുന്ന ക്ലബ്ബ് ആരാധകർ, പഴയതെല്ലാം മറന്ന് തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബുകൾക്ക് അനുകൂലമായ മുദ്രാവാക്യങ്ങൾ മുഴക്കി വിജയാശംസകൾ നേര്ന്നു. യൂറോപ്യൻ സൂപ്പർ ലീഗ് സധ്യമായിരുന്നെങ്കിൽ, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന 12 പ്രധാന ക്ലബ്ബുകൾ അതിരുകളില്ലാതെ പണം സമ്പാദിക്കുമായിരുന്നു. അതേസമയം ചെറിയ ക്ലബ്ബുകളുടെ നിലനിൽപ്പ് തന്നെ ചോദ്യത്തിലാകുമായിരുന്നു. ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് തുടങ്ങിയവയ്ക്ക് പ്രസക്തി നഷ്ടപ്പെടുന്നതോടെ താഴെ തട്ടിലുള്ള ക്ലബ്ബുകൾക്കും അവസരങ്ങൾ ഏറെ നഷ്ടപ്പെടുമായിരുന്നു.