റെയിൽവേ ട്രാക്കിൽ വീണ് മരണത്തെ മുഖാമുഖം കണ്ട കുട്ടിക്ക് രക്ഷകനായ റെയിൽവേ പോയിന്റ്‌സ്മാൻ മയൂർ ഷിൽഖേ എന്ന ധീരനെ ഇന്ത്യയിലെ കോടാനുകോടി ജനങ്ങൾ മുഴുവൻ പ്രശംസകളാൽ മൂടുകയാണ്. കൺമുന്നിൽ പ്രത്യക്ഷപ്പെട്ട ദൈവം എന്നാണ് പലരും ഈ യുവാവിനെ വിശേഷിപ്പിച്ചത്. മയൂറിന്റെ ധീരതയ്ക്ക് റെയിൽവേ അധികൃതർ അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിന് പിന്നാലെ മയൂരിനെ ആദരിക്കാൻ ഒരുങ്ങുകയാണ് ആനന്ദ് മഹീന്ദ്ര. മയൂരിന് മഹീന്ദ്ര താർ സമ്മാനം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജാവ മോട്ടോർ സൈക്കിൾ തങ്ങളുടെ പുതിയ വാഹനം ഈ ധീരന് നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മയൂരിന് പ്രത്യേക വസ്ത്രമോ തൊപ്പിയോ ഇല്ലായിരുന്നു. പക്ഷേ ധീരന്മാരായ സൂപ്പർഹീറോ സിനിമകളെക്കാൾ ധൈര്യം പക്ഷേ അയാൾ കാണിച്ചു. ജാവ കുടുംബം മുഴുവൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു.' ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 50,000 രൂപ റെയിൽവേ മന്ത്രാലയവും അദ്ദേഹത്തിന് നൽകിയിരുന്നു.

മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലായിരുന്നു ഷിൽഖേയുടെ അസാമാന്യ ധീരത പ്രകടമായ സംഭവം. പ്ലാറ്റ്‌ഫോമിലൂടെ അന്ധയായ അമ്മയ്‌ക്കൊപ്പം വരികയായിരുന്ന കുട്ടി ബാലൻസ് നഷ്ടമായി പ്ലാറ്റ്‌ഫോമിൽനിന്നു താഴേക്കു വീഴുകയായിരുന്നു. തിരികെ കയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടിക്ക് അതിനു കഴിയുന്നില്ലെന്നു സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ട്രാക്കിൽ കുട്ടിയെ കണ്ട മയൂർ ഷിൽഖേ സ്വന്തം ജീവൻ പണയം വച്ചു കുട്ടിയെ രക്ഷിക്കുകയായിരുന്നു. ട്രെയിൻ വരുന്നതു കണ്ടു ഓടിയെത്തിയ മയൂർ ട്രെയിൻ കുട്ടിയുടെ അടുത്തേക്ക് എത്താൻ നിമിഷങ്ങൾ മാത്രം അവശേഷിക്കേ കുട്ടിയുമായി പ്ലാറ്റ്‌ഫോമിലേക്കു ചാടി. കുട്ടിയുടെ അമ്മയ്ക്കു കാഴ്ച പരിമിതിയുണ്ടായിരുന്നു.