- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷം മുമ്പ് നടന്ന മുങ്ങി മരണം കൊലപാതകം; വിനോദ് കൊല്ലപ്പെട്ടത് സ്വവർഗരതിക്കായി ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി കുളിപ്പിക്കുന്നതിനിടയിൽ: സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
മാവേലിക്കര: ഒരു വർഷം മുമ്പ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് കണ്ടെത്തി. ചെട്ടിക്കുളങ്ങര കൈതവടക്ക് കുന്നേൽ വിനോദിന്റെ (34) മുങ്ങിമരണമാണ് കൊലപാതകമെന്ന് ഒരു വർഷത്തിന് ഇപ്പുറം തെളിഞ്ഞത്. അച്ചൻകോവിലാറ്റിൽ ഒരുവർഷം മുൻപ് ജീർണാവസ്ഥയിൽ കാണപ്പെട്ട അജ്ഞാത മൃതദേഹമാണ് വിനോദിന്റെതാണെന്ന് തിരിച്ചറിഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു. ചെട്ടിക്കുളങ്ങര പേള ഷിബുഭവനം കെ. ഷിബു (32), പേള കൊച്ചുകളീക്കൽ ആർ. അനിൽകുമാർ (45) എന്നിവരാണ് അറസ്റ്റിലായത്.
2020 മാർച്ച് ഒന്നിനാണ് അച്ചൻകോവിലാറ്റിൽ വലിയപെരുമ്പുഴ പാലത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലൂടെയാണ് ഒരു വർഷത്തിനിപ്പുറം മൃതദേഹം വിനോദിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. 2020 ഫെബ്രുവരി 28-നാണ് വിനോദിനെ കാണാതായത്. സ്വവർഗരതിക്കായി ഷിബുവും അനിൽ കുമാറും ചേർന്ന് ബലംപ്രയോഗിച്ചു കൊണ്ടുപോയ വിനോദ് പുഴയിൽ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ജീർണിച്ചനിലയിൽ കാണപ്പെട്ട മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാതിരുന്നതിനാൽ സംഭവസമയത്ത് ബന്ധുക്കൾക്ക് വിനോദിനെ തിരിച്ചറിയാനായിരുന്നില്ല. എന്നാൽ മൃതദേഹം വിനോദിന്റേതെന്ന് സംശയിച്ച് തന്നെ പൊലീസ് അന്വേഷണം തുടർന്നു. രാസപരിശോധനാ റിപ്പോർട്ടിൽ മുങ്ങിമരണമെന്ന് തെളിഞ്ഞ സംഭവത്തിലെ തുടരന്വേഷണമാണ് പ്രതികളെ കുടുക്കിയത്. 2020 ഫെബ്രുവരി 28-ന് വിനോദിനെ രണ്ടുപേർ ബൈക്കിൽ പിന്തുടർന്നശേഷം ഓടിച്ചിട്ടുപിടിച്ച് ബൈക്കിൽ കയറ്റി വലിയപെരുമ്പുഴ ഭാഗത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ പനച്ചമൂട് ജങ്ഷനു സമീപത്തെ ക്യാമറകളിൽനിന്നു പൊലീസിനു ലഭിച്ചിരുന്നു. അന്ന് ഷിബുവിനെയും അനിലിനെയും പൊലീസ് ചോദ്യംചെയ്‌തെങ്കിലും വിനോദിനെ തട്ടാരമ്പലത്തിൽ ഇറക്കിവിട്ടു എന്നായിരുന്നു മൊഴിനൽകിയത്. മരിച്ചത് വിനോദാണെന്നു സ്ഥിരീകരിക്കാത്തതിനാൽ ഇരുവരെയും ചോദ്യംചെയ്തു വിട്ടയച്ചിരുന്നു.
ശാസ്ത്രീയപരിശോധനാ റിപ്പോർട്ടിനെത്തുടർന്നു നടത്തിയ രഹസ്യാന്വേഷണത്തിൽ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്. പലപ്പോഴും ഷിബുവും അനിലും വിനോദിനെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുപോയി സ്വവർഗരതിക്കായി ഉപയോഗിക്കുമായിരുന്നു. സംഭവദിവസം വൈകീട്ട് വിനോദിനെ ഇരുവരും ബൈക്കിൽ കയറ്റി വലിയപെരുമ്പുഴ കടവിലെത്തിച്ചു. കുളിപ്പിക്കുന്നതിനായി വസ്ത്രങ്ങൾ ഊരിമാറ്റിയശേഷം ആറ്റിലേക്കിറക്കിയപ്പോൾ നീന്തലറിയാത്ത വിനോദ് മുങ്ങിത്താഴ്ന്നതായാണ് പ്രതികൾ പൊലീസിനു മൊഴിനൽകിയത്. തുടർന്ന് ഇരുവരും ചേർന്ന് വിനോദിന്റെ വസ്ത്രങ്ങൾ സമീപത്തുതന്നെ കുഴിച്ചുമൂടി.
മൃതദേഹം പൊങ്ങിയോ എന്നറിയാൻ തൊട്ടടുത്ത ദിവസങ്ങളിൽ പാലത്തിനുസമീപം എത്തിയ പ്രതികൾ 2020 മാർച്ച് ഒന്നിന് രാവിലെയെത്തിയപ്പോൾ ആറ്റിൽ കമഴ്ന്നുകിടന്ന മൃതദേഹം വിനോദിന്റെ തന്നെയാണോയെന്ന് ഉറപ്പാക്കാനായി തിരിച്ചിട്ടശേഷം സ്ഥലത്തുനിന്നു മടങ്ങി. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. ചെങ്ങന്നൂർ ഡിവൈ.എസ്‌പി. ഡോ. ആർ. ജോസ്, മാവേലിക്കര ഇൻസ്‌പെക്ടർ ജി. പ്രൈജു, എസ്‌ഐ. എസ്. മിനുമോൾ, എഎസ്ഐ. രാജേഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനു വർഗീസ്, ജി. ഉണ്ണിക്കൃഷ്ണപിള്ള, സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്‌കർ, ജി. ഗോപകുമാർ, വി.വി. ഗിരീഷ് ലാൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
മൃതദേഹം കൊല്ലത്തെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചിരുന്നു. മൃതദേഹപരിശോധനാവേളയിൽ ശേഖരിച്ച സാംപിളുകളും വിനോദിന്റെ പിതൃസഹോദരന്റെ സാംപിളുകളും തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ ഡി.എൻ.എ. പരിശോധന നടത്തി. കഴിഞ്ഞ ജനുവരിയിൽ ലഭിച്ച ഡി.എൻ.എ. പരിശോധനാഫലമനുസരിച്ച് മരിച്ചതു വിനോദാണെന്ന് പൊലീസ് ഉറപ്പാക്കി.
മറുനാടന് മലയാളി ബ്യൂറോ