- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിനിലും വ്യാജൻ; മെക്സിക്കോയിലും പൊളണ്ടിലും വ്യാജ വാക്സിൻ കണ്ടെത്തിയെന്ന് ഫൈസർ; വാക്സിനിലൂടെ രക്ഷപ്പെടാൻ ലോകം കാത്തിരിക്കുമ്പോൾ വ്യാജ വാക്സിനും തലവേദനയാകുന്നു
ഏത് ദുരന്തവും വിറ്റ് കാശാക്കുവാൻ വെമ്പുന്ന ചിലരുണ്ട്. പണം മാത്രമായിരിക്കും അവരുടെ ലക്ഷ്യം. അത്തരത്തിലുള്ള ചിലർ കോവിഡിനേയും ഒരു പണം കായ്ക്കുന്ന മരമാക്കി മാറ്റിയിരിക്കുകയാണ്. ലോകം മുഴുവൻ ദുരിതം വിതയ്ക്കുന്ന കോവിഡിനെ ഭാഗികമായെങ്കിലും തടയാൻ വക്സിനുകൾ എത്തിയതോടെ ജനം ഒരല്പം ആത്മവിശ്വാസം കൈവർച്ചു. എന്നാൽ, പലയിടങ്ങളിലും ആവശ്യത്തിനു വാക്സിൻ ലഭിക്കാനില്ലാതെയായതോടെ വാക്സിനായുള്ള നെട്ടോട്ടാവും ആരംഭിച്ചു.
മനുഷ്യരുടെ ഈ ഭീതിയും പരിഭ്രമവും കാശാക്കി മാറ്റുകയാണ് ചില നരാധമന്മാർ വ്യാജ കോവിഡ് വാക്സിനുകൾ നിർമ്മിച്ചുകൊണ്ടാണവർ അനുകൂല സാഹചര്യത്തിൽ പണമുണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നത്. മെക്സിക്കോയിലും പോളണ്ടിലുമാണ് ഫൈസർ വാക്സിന്റെ വ്യാജപതിപ്പുകൾ കണ്ടുകിട്ടിയത്. മെക്സിക്കോയിൽ കണ്ടെത്തിയ വ്യാജനിൽ എന്താണെന്നറിയാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, പോളണ്ടിൽ കണ്ടെത്തിയതിൽ ചർമ്മ സംരക്ഷണത്തിനുപയോഗിക്കുന്ന ഒരു തരം രാസവസ്തുവായിരുന്നു ഉണ്ടായിരുന്നത്.
വാക്സിനുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ കണ്ടെത്തിയ തട്ടിപ്പാണിത്. കോവിഡ് പ്രതിസന്ധി ആരംഭിച്ചപ്പോൾ മുതൽ തന്നെ ലോകത്തിന്റെ പലഭാഗങ്ങളിലും അതിന്റെ പേരിൽ തട്ടിപ്പുകളും ആരംഭിച്ചിരുന്നു. രോഗപരിശോധനയുടെ പേരിലായിരുന്നു ആദ്യ തട്ടിപ്പ്. പിന്നീട് പ്രതിസന്ധിയിൽ വീടുകളിൽ കുടുങ്ങിപ്പോയവർക്ക് പലവിധത്തിലുള്ള വ്യാജസന്ദേശങ്ങൾ അയച്ച് അവരുടെ വിവരങ്ങൾ ചോർത്തി ബാങ്കിൽ നിന്നും മറ്റുമായി പണം തട്ടിക്കുന്ന നിരവധി കേസുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഒരുപക്ഷെ തട്ടിപ്പുകാർ ഇത്രയും ആഘോഷമാക്കിയ മറ്റൊരു ദുരന്തം ലോക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടാകില്ല. മനുഷ്യനിലെ ഭീതിക്കൊപ്പം, ഈ കോമേഴ്സ് പോലുള്ള ആധുനിക സാങ്കേതികവിദ്യയും സമർത്ഥമായി ഉപയോഗിക്കാനായപ്പോൾ ആയിരക്കണക്കിന് നിഷ്‌കളങ്കരായ വ്യക്തികളാണ് ലോകമെമ്പാടുമായി തട്ടിപ്പിനിരയായത്. മെക്സിക്കോയിൽ ഏകദേശം 80 പേർക്കാണ് വ്യാജവാക്സിൻ ലഭിച്ചത്. 1000 ഡോളറായിരുന്നു അവർ ഒരു ഡോസിന് വിലയീടാക്കിയത്.
ഇതുവരെ വ്യാജവാക്സിൻ എടുത്തതുമായി ബന്ധപ്പെട്ട് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട് മെക്സിക്കോയിൽ ആറുപേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, വിശദാംശങ്ങൾ ലഭ്യമല്ല. അതേസമയം പോളണ്ടിൽ കണ്ടെത്തിയ വാക്സിൻ ഇതുവരെ ആർക്കും നൽകിയിട്ടില്ല എന്നാണ് വിശ്വസിക്കുന്നത്. ഒരു വ്യക്തിയുടെ അപ്പാർട്ട്മെന്റിൽ നിന്നാണ് ഇത് കണ്ടെത്തിയത്. അയാളെ ഇപ്പോൾ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇത്തരത്തിൽ വാക്സിൻ ലഭ്യമാക്കാം എന്നുപറഞ്ഞ് നിരവധി സന്ദേശങ്ങളും മറ്റും ലഭിച്ചേക്കും. ഇതിൽ പലതിലും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ കൂടി അവർ ശേഖരിക്കും. അത് ഏറ്റവും അപകടകരമായ കാര്യമാണ്. മാത്രമല്ല, ഒരു കാരണവശാലും ഫൈസറിന്റെ വാക്സിൻ ഇന്റർനെറ്റ് വഴി വാങ്ങരുത് എന്ന് കമ്പനി പറയുന്നു. അവർ അത് ഓൺലൈൻ വ്യാപാരത്തിന് ലഭ്യമാക്കിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ