ന്നലെ ബ്രിട്ടനിലെ കോവിഡ് മരണനിരക്കിൽ ദൃശ്യമായത് 42 ശതമാനത്തിന്റെ ഇടിവ്. രോഗപരിശോധനകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടും ഇന്നലെ 2,396 പേർക്ക് മാത്രമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കാര്യത്തിൽ 3.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം ഇന്നലെ 1,10,000 പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകുകയും ചെയ്തു. ഇതോടെ ബ്രിട്ടനിൽ 33.1 മില്ല്യൺ പേർക്ക് ഇതുവരെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭ്യമായി കഴിഞ്ഞു.

അതിനിടയിൽ ഇന്നലത്തെ കണക്കുകൾ പ്രകാരം വാക്സിനേഷൻ എടുത്ത 32 പേരെ കോവിഡ് ലക്ഷണങ്ങൾ പ്രദർശിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യു കെ കൊറോണ വൈറസ് ക്ലിനിക്കൽ കാരക്ടറൈസേഷൻ കൺസോർഷ്യം നടത്തിയ പഠനത്തിൽ വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത് നിർദ്ദിഷ്ട കാലാവധി പൂർത്തിയാക്കി രോഗപ്രതിരോധം നേടിയ 74,000 പേരിൽ 2000 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ 32 പേർക്ക് അവർ വാക്സിൻ എടുക്കുന്നതിനു മുൻപായാണ് രോഗബാധ ഉണ്ടായിട്ടുള്ളത് എന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്‌ച്ച 8,42,239 പേരെയാണ് രോഗപരിശോധനക്ക് വിധേയരാക്കിയതെങ്കിൽ ഇന്നലെ 9,63,319 പേരെ രോഗപരിശോധനക്ക് വിധേയരാക്കി. എന്നിട്ടും രോഗവ്യാപനത്തിൽ 3.8 ശതമാനത്തിന്റെ കുറവുണ്ടായത് തീർത്തും ആശാവഹമായ കാര്യമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. നിലവിൽ ബ്രിട്ടനിലെ 380 ലോക്കൽ അഥോറിറ്റികളിൽ ഡെറി സിറ്റിയിലും സ്ട്രാബെയ്നിലും മാത്രമാണ് 1 ലക്ഷം പേരിൽ 100 ൽ അധികം രോഗികളുള്ളത്.

എൻ എച്ച് എസിൽ നിന്നുള്ള് മറ്റൊരു റിപ്പോർട്ട് കാണിക്കുന്നത് നിലവിൽ 2000-ൽ താഴെ കോവിഡ് രോഗികൾ മാത്രമാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത് എന്നാണ്. നിലവിൽ പ്രതിദിനം 200 ൽ താഴെമാത്രം രോഗികളേയുാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. ഇത്തരത്തിലുള്ള അനുകൂല റിപ്പോർട്ടുകൾ വരുമ്പോൾ ബ്രിട്ടൻ ഇപ്പോഴും എന്തിനാണ് കടുത്ത നിയന്ത്രണങ്ങളിൽ ജീവിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് നീക്കാനുള്ള സമ്മർദ്ദം ഏറുന്നുമുണ്ട്.

നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അടുത്തഘട്ടം മെയ്‌ 17 നാണ്. അന്ന് പബ്ബുകളും റെസ്റ്റോറന്റുകളും പൂർണ്ണമായി പ്രവർത്തനസജ്ജമാവുകയും ഒപ്പം വിദേശയാത്രകൾ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വാക്സിനേഷൻ പദ്ധതിയുടെ വിജയം സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ നിന്ന് വ്യതിചലിക്കുകയില്ലെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്ത് കോവിഡ് വ്യാപനം വ്യാപകമായതിനു ശേഷം ഇതാദ്യമായി ബ്രിട്ടൻ, ഏറ്റവുമധികം രോഗവ്യാപനം നടക്കുന്ന 20 രാജ്യങ്ങളുടെ പട്ടികയിൽ നിന്നും പുറത്തായി. എന്നിരുന്നാലും, ഇപ്പോഴും കോവിഡ് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച രാജ്യങ്ങളിൽ ഒന്നായി തുടരുകയാണ് ബ്രിട്ടൻ. ഇതുവരെ 1,27,000 ൽ അധികം കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 1 ലക്ഷം പേരിൽ 412 മരണങ്ങളുമായി പെറുവാണ് ജനസംഖ്യാനുപാതിക മരണനിരക്കിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം.

ബൾഗേറിയ (1 ലക്ഷം പേരിൽ 338 മരണങ്ങൾ), മെക്സിക്കോ (321), റഷ്യ (313), ലിത്വാനിയ (301) എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ പെറുവിന്റെ തൊട്ടുപിന്നിലുള്ളത്. ഈ പട്ടികയിൽ ബ്രിട്ടന്റെ സ്ഥാനം 23-മത് ആണ്.

അതേസമയം, ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വരുന്ന മെയ്‌ 17 മുതൽ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക് ക്ലാസ്സ് മുറികളിൽ മാസ്‌ക് ധരിക്കേണ്ടതായി വരില്ല. എന്നാൽ, സ്‌കൂളുകൾക്കുള്ളിലെ പൊതു ഇടങ്ങളിലും അതുപോലെ ഒരു മീറ്റർ സാമൂഹ്യ അകലം പാലിക്കാൻ കഴിയാത്ത ക്ലാസ്സ് മുറികളിലും ഏഴ് വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതായി വരും. സ്‌കൂളുകളിലെ മാസ്‌ക് ധാരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഭാഗികമായി നീക്കം ചെയ്യും എന്നാണ് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞത്.

സ്‌കൂളുകളിൽ മാസ്‌ക് ധാരണം നിർബന്ധമാക്കിയതിനെതിരെ നേരത്തേ പല രക്ഷകർത്താക്കളും രംഗത്തുവന്നിരുന്നു. മാസ്‌ക് ധരിക്കാത്ത കുട്ടികളെ കൂട്ടുകാരിൽ നിന്നും അകറ്റി ഇരുത്താനുള്ള തീരുമാനത്തെ മാസ്‌ക് അപ്പാർത്തീഡ് എന്നായിരുന്നു പ്രതിഷേധക്കാർ വിളിച്ചിരുന്നത്. മാസിക് നിയന്ത്രണം ഭാഗികമായി ഇളവു ചെയ്യുമെങ്കിലും സ്‌കൂളുകളിൽ ഇപ്പോൾ തുടർന്നുവരുന്ന പരിശോധനകൾ വീണ്ടും തുടരും അതുപോലെ വായുസഞ്ചാരം കൂടുതൽ ലഭിക്കത്തവണ്ണമുള്ള ക്രമീകരണം, കർശനമായ ശുചിത്വം പാലിക്കൽ തുടങ്ങിയവയും തുടരും.