തൃശൂർ: തൃശൂർ പൂരത്തിനിടെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് രണ്ട് പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മിറ്റി അംഗവും ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനുമായ രമേഷ് (56), പൂരം എക്‌സിബിഷൻ കമ്മിറ്റി അസി.സെക്രട്ടറി പനിയത്ത് രാധാകൃഷ്ണ മേനോൻ(56) എന്നിവരാണ് മരിച്ചത്. പൂരത്തിന്റെ ഭാഗമായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽവരവ് പഞ്ചവാദ്യം അർധരാത്രി നടക്കവെയാണ് ആലിന്റെ കൊമ്പ് ഒടിഞ്ഞുവീണ് ദുരന്തമുണ്ടായത്. രണ്ട് പേർ മരിച്ചു. പരിക്കേറ്റ 20 പേരെ ജില്ലാ ആശുപത്രിയിലും 7 പേരെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

രാത്രി 12.20 ഓടെ ബ്രഹ്മസ്വം മഠത്തിനു സമീപം പഞ്ചവാദ്യം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കൊമ്പ് ഒടിഞ്ഞുവീണത്. ഈ ബഹളത്തിനിടെ ആന ഭയപ്പെട്ടോടി എംജി റോഡിലേക്ക് നീങ്ങിയെങ്കിലും ഉടൻ നിയന്ത്രണത്തിലാക്കാനായി. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സിഐ ഉൾപ്പെടെ ഏതാനും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ തിമില കലാകാരന്മാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടയ്ക്കൽ രവി, മദ്ദളം കലാകാരൻ വരദരാജൻ എന്നിവരുമുണ്ട്. ചില മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്.

വൈദ്യുതി ലൈനിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുട്ടായതിനാൽ ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം ചെറിയ രീതിയിൽ തടസപ്പെട്ടു. അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവസ്ഥലത്ത് പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ജില്ലാ കളക്ടറും പൊലീസ് മേധാവിയും സ്ഥലത്തെത്തി. ആൾക്കൂട്ടം കുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കാനാരിക്കുന്ന മറ്റ് ചടങ്ങുകൾ നടത്തിയേക്കില്ല. വെടിക്കെട്ട് നടത്തുന്നതിൽ നിന്ന് തിരുവമ്പാടി പിന്മാറി. കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വെടിക്കോപ്പുകൾ നിർവീര്യമാക്കാനുള്ള ചർച്ചകൾ നടക്കുന്നു. ചടങ്ങുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള തൃശൂർ പൂരമായതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകടത്തിൽ പൊലിഞ്ഞ രണ്ട് സംഘാടകർക്കും പൂര സ്‌നേഹികൾ ആദരാഞ്ജലികൾ അർപ്പിച്ചു.