മലപ്പുറം: കോവിഡ് ബാധിച്ചു മരിച്ച എഴുത്തുകാരനും കവിയുമായ സുകുമാർ കക്കാടി(82) ന്റെ സംസ്‌ക്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തി. കോവിഡ് ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം.

അദ്ധ്യാപനത്തിൽനിന്നു വിരമിച്ച ശേഷം സാഹിത്യരംഗത്തു സജീവമായ സുകുമാർ കക്കാട് 26 പുസ്തകങ്ങൾ രചിച്ചു. നോവലിസ്റ്റ്, കവി, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. മലയാള മനോരമയുടെ മാമ്മൻ മാപ്പിള നോവൽ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സാക്ഷരതാ മിഷൻ എക്‌സിക്യൂട്ടീവ് അംഗമായും എസ്‌സിഇആർടി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

തിരൂരങ്ങാടി കക്കാട്ട് ജനിച്ച സുകുമാർ പിന്നീട് വേങ്ങര കുന്നുംപുറത്തു സ്ഥിരതാമസമാക്കുകയായിരുന്നു. വേങ്ങര ഗവ. ഹൈസ്‌കൂളിൽ മലയാളം അദ്ധ്യാപകനായിരുന്നു. ഭാര്യ: വിശാലാക്ഷി അമ്മ. മക്കൾ. കെ.പി.സുധീർ (തെരുവോരം സമിതി ചെയർമാൻ), സുനിൽ കക്കാട്. മരുമക്കൾ: സിന്ധു, അനില.

അകലുന്ന മരുപ്പച്ചകൾ, മരണച്ചുറ്റ്, ഡൈസ്നോൺ, വെളിച്ചത്തിന്റെ നൊമ്പരങ്ങൾ, ലൈലാമജ്നു (പുനരാവിഷ്‌കാരം), കണ്ണുകളിൽ നക്ഷത്രം വളർത്തുന്ന പെൺകുട്ടി, കലാപം കനൽവിരിച്ച മണ്ണ്, കണ്ണീരിൽ കുതിർന്ന കസവുതട്ടം, അന്തിക്കാഴ്ചകൾ എന്നീ നോവലുകൾ രചിച്ചു.

ജ്വാലാമുഖികൾ, മരുപ്പൂക്കൾ, തഴമ്പ്, പാട്ടിന്റെ പട്ടുനൂലിൽ, സ്നേഹഗോപുരം, സൗഹൃദ ഗന്ധികൾ എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

സി.എച്ച് അവാർഡ് (2004), മാമ്മൻ മാപ്പിള അവാർഡ് (1983), ഫിലിം സൈറ്റ് അവാർഡ് (1973), പാലക്കാട് ജില്ലാ കവി-കാഥിക സമ്മേളന അവാർഡ് (1969) എന്നിവ ലഭിച്ചിട്ടുണ്ട്.