കാളികാവ്: സമസ്തകേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര കൂടിയാലോചനാസമിതി അംഗമായ കാളികാവ് അമ്പലക്കടവിലെ ഒ. കുട്ടി മുസ്ലിയാർ (ഓടങ്ങാടൻ മുഹമ്മദ് -93) അന്തരിച്ചു. പരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. കൂടിയാലോചനാസമിതിയിലെ ഏറ്റവും പ്രായംകൂടിയ പണ്ഡിതനാണ് കുട്ടി മുസ്ലിയാർ. തെക്കൻകേരളത്തിലും തിരുക്കൊച്ചി ഭാഗങ്ങളിലുമുള്ള പള്ളികളിലാണ് ചെറുപ്പകാലം ചെലവിട്ടത്. മയ്യിത്ത് നമസ്‌കാരത്തിന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയത്തങ്ങൾ, സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവർ നേതൃത്വംനൽകി.

കേരളത്തിന്റെ വിവിധഭാഗങ്ങളിലെ പള്ളികളിൽ ദർസ് നടത്തിയിട്ടുണ്ട്. പഴയകാല സമസ്ത പണ്ഡിതനിരയിൽ അഫ്‌സൽ- ഉൽ- ഉലമ ബിരുദംനേടിയ അപൂർവ വ്യക്തികളിലൊരാളാണ്. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: എസ്.വൈ.എസ്. സംസ്ഥാനസെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്, ആയിഷ, ജമീല, ഡോ. അബ്ദുൾജലീൽ (വണ്ടൂർ വി എം.സി. ഹയർസെക്കൻഡറി സ്‌കൂൾ), മുഹമ്മദലി ഫൈസി, മൈമൂന, റംലത്ത്. മരുമക്കൾ: പരേതനായ സുലൈമാൻ ഫൈസി മാളിയേക്കൽ, കുഞ്ഞമ്മദ് മുസ്ലിയാർ അൽ ഖാസിമി, ബഷീർ ഫൈസി, അബ്ദുൾ നാസർ ഫൈസി, സഹ്ല, ഉനൈസ, റൈഹാനത്ത്.

ഒടങ്ങാടൻ മമ്മദ് മൊല്ലയുടെയും വേങ്ങര ഊരകം ഫാത്വിമയുടെയും മകനായി 1928 ൽ മലപ്പുറം ജില്ലയിലെ കാളികാവിനടുത്ത അമ്പലക്കടവിലാണ് ഉസ്താദ് ഒ. കുട്ടി മുസ്ലിയാരുടെ? ജനനം. എടപ്പറ്റ മോയിൻ മുസ്ലിയാരുടെ കീഴിൽ ഓത്തുപള്ളിയിലൂടെയാണ് പ്രാഥമിക പഠനം ആരംഭിച്ചത്. അതിന് ശേഷം പള്ളിശ്ശേരി,തുവ്വൂര്,കാളികാവ് ,കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി പതിമൂന്ന് വർഷം ദർസ് പഠനം. അരിപ്ര മൊയ്തീൻ ഹാജി, പറവണ്ണ ഉസ്താദ്, കണ്ണിയത്ത് ഉസ്താദ് എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.

കെ.ടി മാനു മുസ്ലിയാർ ,കെ കെ അബ്ദുല്ല മുസ്ലിയാർ, ഇബ്‌നു ഖുതുബി സി എച്ച് അബ്ദുറഹിമാൻ മുസ്ലിയാർ, പറവണ്ണ ഉസ്താദിന്റെ മകൻ മുഹമ്മദ് ഖാസിം എന്നിവരായിരുന്നു കുട്ടി ഉസ്താദിന്റെ പ്രമുഖരായ സഹപാഠികൾ. അതിന് ശേഷം വാഴയൂരിൽ ദർസ് അദ്ധ്യാപനം ആരംഭിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ 1961 ൽ പകരം ഒരു മുദരിസിനെ നിർത്തി കുട്ടി ഉസ്താദ് ദയൂബന്ദ്? ദാറുൽ ഉലൂമിലേക്ക് ഉപരിപഠനത്തിനായി പോയി. 1962 ൽ ഖാസിമി ബിരുദം കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തി.

വാഴയൂർ ദർസ് വിട്ട ശേഷം കോട്ടയം, ഈരാറ്റുപേട്ട, നിലമ്പൂർ, കണ്ണാടിപ്പറമ്പ്, എടയാറ്റൂർ, തുവ്വൂര് എന്നിവിടങ്ങളിലായി നീണ്ട അര നൂറ്റാണ്ടിലേറയുള്ള അദ്ധ്യാപന ജീവിതം നയിച്ച ഉസ്താദ് ശാരീരിക അസ്വസ്ഥതകൾ കാരണം വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. പഠനകാലത്ത് വീടുകളിൽ കുടിയോത്തിന് പോയിരുന്ന ഉസ്താദ് ആ കാലത്ത് തന്നെ ഖുർആൻ മുഴുവൻ മന:പാഠമാക്കിയിരുന്നു.