വാഷിങ്ടൻ: ചൊവ്വയിൽ ഓക്‌സിജൻ ഉത്പാദനം വിജയകരമായി പരീക്ഷിച്ച് നാസയുടെ പെഴ്‌സിവീയറൻസ് ദൗത്യം. 'മാഴ്‌സ് ഓക്‌സിജൻ ഇൻ സിറ്റു റിസോഴ്‌സ് യൂട്ടിലൈസേഷൻ എക്‌സ്പിരിമെന്റ്' (മോക്‌സി) എന്ന പരീക്ഷണത്തിലൂടെയാണ് ചൊവ്വയിൽ ഓക്‌സിജൻ ഉത്പാദനംനടത്തിയത്. ആദ്യ പരീക്ഷണത്തിൽ തന്നെ 5.4 ഗ്രാം ഓക്‌സിജൻ ലഭിച്ചു. ഒരു ബഹിരാകാശയാത്രികന് 10 മിനിറ്റ് ശ്വസിക്കാൻ ഇതു മതിയാകും.

ഇതാദ്യമായാണ് ഭൂമിയിലല്ലാതെ മറ്റൊരു ഗ്രഹത്തിൽ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്നത്. പെഴ്‌സിവീയറൻസ് റോവറിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് താപോർജം ഉൽപാദിപ്പിച്ച ശേഷം അതുപയോഗിച്ച് കാർബൺ ഡയോക്‌സൈഡിനെ കാർബൺ മോണോക്‌സൈഡും ഓക്‌സിജനുമായി വിഘടിപ്പിച്ചായിരുന്നു പരീക്ഷണം.

ചൊവ്വയുടെ അന്തരീക്ഷത്തിൽ 0.13 % മാത്രമാണ് ഓക്‌സിജൻ സാന്നിധ്യമെങ്കിലും കാർബൺ ഡയോക്‌സൈഡ് 96 ശതമാനത്തോളമാണ്. ദിവസങ്ങൾക്കു മുൻപ് നടന്ന ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ പരീക്ഷണത്തിനു പിന്നാലെ മോക്‌സിയും ഫലംകണ്ടതോടെ സമീപകാലത്തെ ഏറ്റവും വിജയകരമായ അന്യഗ്രഹ ദൗത്യങ്ങളിലൊന്നായി മാറുകയാണ് പെഴ്‌സിവീയറൻസ്.