- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സിനേഷൻ വൻ വിജയം; കോവിഡ് കുത്തനെ കുറഞ്ഞെന്ന് ഗവേഷകർ
കോവിഡ് വാക്‌സിനേഷൻ വൻ വിജയമാണെന്നും കോവിഡ് കുത്തനെ കുറഞ്ഞെന്നും ഗവേഷകർ വ്യക്തമാക്കി. അതിവേഗം വാക്‌സീനേഷൻ നടത്തിയ രാജ്യങ്ങളിലെല്ലാം കോവിഡ്19 രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതായാണ് റിപ്പോർട്ട്. ബ്രിട്ടനിൽ ആദ്യ ഡോസ് അസ്ട്രാസെനെക്ക, ഫൈസർ വാക്‌സീൻ നൽകിയതിനു ശേഷം എല്ലാ പ്രായത്തിലുമുള്ള മുതിർന്നവർക്കിടയിൽ കോവിഡ്-19 കേസുകൾ 65 ശതമാനം കുറഞ്ഞതായി ബ്രിട്ടനിലെ വാക്‌സീനേഷൻ പഠനങ്ങൾ സൂചിപ്പിക്കുന്നു.
കോവിഡ്-19 വാക്‌സീനേഷൻ സർവേയുടെ ഭാഗമായ രണ്ട് പഠനങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഓക്‌സ്ഫഡ് സർവകലാശാലയും സർക്കാരിന്റെ ആരോഗ്യ വകുപ്പും ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫിസും സഹകരിച്ചാണ് പഠനം നടത്തിയത്. ഈ രണ്ട് പഠനങ്ങളിലും വാക്‌സിനേഷൻ കൂടിയതോടെ കോവിഡ് കുത്തനെ കുറഞ്ഞതായി കണ്ടെത്തി. കൊറോണ വൈറസിന്റെ പുതിയ വകഭേദം ബി1.1.7 ബ്രിട്ടനിൽ കണ്ടെത്തിയ സമയത്താണ് ഈ ഗവേഷണം നടത്തിയത്.
മുൻ വൈറസുകളെ അപേക്ഷിച്ച് 50 മുതൽ 100 ശതമാനം വരെ വ്യാപനശേഷി കൂടിയതാണ് ബി1.1.7 വകഭേദം. എന്നാൽ ഈ സമയത്തും പ്രായമായവരിലും ആരോഗ്യസ്ഥിതി കുറവുള്ളവരിലും വാക്‌സീനേഷൻ ഫലപ്രദമായിരുന്നു എന്നും കണ്ടെത്തി.ഈ കണ്ടെത്തലുകൾ ലോകത്തിനു തന്നെ അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതാണെന്ന് ബ്രിട്ടിഷ് ആരോഗ്യമന്ത്രി ജെയിംസ് ബെഥേൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.
2020 ഡിസംബർ 1 നും 2021 ഏപ്രിൽ 3 നും ഇടയിൽ 373,402 വ്യക്തികളുടെ മൂക്ക്, തൊണ്ടകളിൽ നിന്നെടുത്ത സ്വാബുകളുടെ 16 ലക്ഷത്തിലധികം പരിശോധനാ ഫലങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്. അസ്ട്രാസെനെക്ക, ഫൈസർ-ബയോടെക് വാക്‌സീനുകളുടെ ഒരു ഡോസ് നൽകി 21 ദിവസത്തിനുശേഷം, രണ്ടാമത്തെ ഡോസ് നൽകാതെ തന്നെ എല്ലാ പുതിയ കോവിഡ്-19 കേസുകളുടെയും നിരക്ക് 65 ശതമാനം കുറഞ്ഞുവെന്നാണ് കണ്ടെത്തിയത്.
രോഗലക്ഷണം കാണിക്കുന്ന കേസുകൾ 74 ശതമാനം കുറയുകയും, റിപ്പോർട്ട് ചെയ്യപ്പെടാത്ത ലക്ഷണങ്ങളില്ലാത്ത കേസുകൾ 57 ശതമാനം കുറയുകയും ചെയ്തു. മൊത്തത്തിലുള്ള കേസുകളിലെയും രോഗലക്ഷണം കാണിക്കുന്ന കേസുകളിലെയും കുറവ് രണ്ടാമത്തെ ഡോസിന് ശേഷം ഇതിലും മികച്ചതായിരുന്നു, ഇത് യഥാക്രമം 70 ശതമാനം, 90 ശതമാനം എന്നിങ്ങനെയായിരുന്നു എന്നും പഠനം കണ്ടെത്തി.
രണ്ടാമത്തെ പഠനത്തിൽ സാർസ്-കോവ്-2 വൈറസിനെതിരെയുള്ള ആന്റിബോഡികളുടെ അളവാണ് പരിശോധിച്ചത്. ഒന്നുകിൽ ഒരു ഡോസ് വാക്‌സീൻ അല്ലെങ്കിൽ രണ്ട് ഡോസ് ഫൈസർ വാക്‌സീൻ സ്വീകരിച്ചതിനു ശേഷം എന്ത് മാറ്റമാണ് സംഭവിച്ചതെന്നാണ് പഠനത്തിനു വിധേയമാക്കിയത്. ഫൈസറിന്റെ ആദ്യ ഡോസ് വാക്‌സീൻ സ്വീകരിച്ച പ്രായമായവരിൽ ആന്റിബോഡി പ്രതികരണങ്ങൾ അൽപം കുറവാണെന്നും എന്നാൽ ഫൈസറിന്റെ രണ്ടാം ഡോസുകൾക്ക് ശേഷം എല്ലാ പ്രായത്തിലുമുള്ളവരുടെയും പ്രതികരണം ഉയർന്നതാണെന്നും ഫലങ്ങൾ വ്യക്തമാക്കുന്നുണ്ട്.