ചെറുതോണി: പന്നി ഫാമിൽ കയറി ഗർഭിണികളായ പന്നികളെ വെട്ടിക്കൊന്ന് യുവാവിന്റെ കൊടുംക്രൂരത. ഇടുക്കി മണിയാറൻകുടിയിലാണു മദ്യപിച്ച് അക്രമാസക്തനായ യുവാവ് അയൽവാസിയുടെ ഫാമിലെ പന്നികളെ വെട്ടിക്കൊന്നത്. പ്രസവിക്കാറായ രണ്ടു പന്നികളെ വടിവാളു കൊണ്ടു കുത്തിക്കൊന്ന അക്രമി 20 പന്നികളെ മാരകമായി മുറിവേൽപിച്ചു. കൂടാതെ വീട് ആക്രമിച്ച ഇയാൾ വാഹനങ്ങളും ഗൃഹോപകരണങ്ങളും അടിച്ചു തകർത്തു.

മണിയാറൻകുടി കൊക്കരക്കുളം ആശാരിക്കുടിയിൽ ജോബിയുടെ വീട്ടിലാണ് അയൽവാസിയായ തകരപ്പിള്ളിൽ ജോബി യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് ആശാരിക്കുടിയിൽ ജോബിയുടെ വീട്ടിൽ മദ്യപിച്ചെത്തിയ തകരപ്പിള്ളിൽ ജോബി വീട്ടിനുള്ളിലുണ്ടായിരുന്ന ജോബിയുടെ ഭാര്യ ഷീബയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ചരണ്ട ഗർഭിണിയായ യുവതി പുറത്തിറങ്ങാത്തതിനെത്തുടർന്നു വടിവാൾ കൊണ്ടു ജനലിലൂടെ വെട്ടി ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും മുറ്റത്തെ ജീപ്പിന്റെ ടയറുകൾ കുത്തിക്കീറുകയും ബൈക്കും ജീപ്പും തല്ലിത്തകർക്കുകയും ചെയ്തു.

ഇതിന് ശേഷമാണ് ഇയാൾ സമീപത്തുള്ള ഇവരുടെ ഫാമിൽ കയറി പന്നികളെ വടിവാൾ കൊണ്ട് ആക്രമിച്ചത്. ആകെ 33 പന്നികളാണു ഫാമിൽ ഉണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ ജോബി വീട്ടിലില്ലായിരുന്നു. പ്രകോപനമില്ലാതെയാണ് അക്രമി വീട്ടിലെത്തിയതെന്നും ജീവനു ഭീഷണിയുണ്ടെന്നും വീട്ടുടമയായ ജോബി പറഞ്ഞു. ജോബിയുടെ ഭാര്യ ഷീബ ഗർഭിണിയാണ്. ഇവരുടെ 3 കുട്ടികൾ നേരത്തേ അപൂർവരോഗം ബാധിച്ചു മരിച്ചിരുന്നു. ഇടുക്കി പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്.