- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമുകിയുടെ ആവശ്യപ്രകാരം ഔദ്യോഗിക വസതി മോടി പിടിപ്പിച്ചു; രാജി വച്ചുപോയ മന്ത്രിയുടെ വെല്ലുവിളി കുഴപ്പത്തിലാക്കി; തലയൂരാൻ പാർട്ടി തന്നെ പണം മുടക്കി; എന്നിട്ടും വിവാദച്ചുഴിയിൽ ഉലഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
ബ്രിട്ടനിൽ ഭരണകക്ഷിയിലെ ഉൾപ്പോര് മറനീക്കി പുറത്തുവരുന്നു. രാഷ്ട്രീയ വടംവലിയിൽ പുറത്താക്കപ്പെട്ട മുൻ മന്ത്രി ഡൊമിനിക് കമ്മിങ്സാണ് ബോറിസ് ജോൺസനെതിരെ പടനീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യം ആവശ്യപ്പെടുന്ന പ്രവർത്തനക്ഷമതയും സത്യസന്ധതയും ബോറിസ് ജോൺസനിൽ നിന്നും പ്രതീക്ഷിക്കാനാവില്ല എന്നാണ് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്. ഔദ്യോഗിക വസതി മോടിപിടിപ്പിച്ചത് ശുദ്ധ വിഢിത്തവും ഒരുപക്ഷെ നിയമങ്ങൾക്ക് എതിരായ കാര്യവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ഔദ്യോഗിക ഉപദേശങ്ങൾക്ക് അനുസൃതമായി മാത്രമാണ് വസതി മോടിപിടിപ്പിക്കുന്ന കാര്യത്തിൽ ഇടപെട്ടിട്ടുള്ളത് എന്ന വിശദീകരണവുമായി ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. നേരത്തേ, ഔദ്യോഗിക വസതി മോടിപിടിപ്പിച്ച കാര്യം വിവാദമായപ്പോൾ, പാർട്ടിക്ക് ധനസഹായം നൽകുന്നവരുടെ സഹായം ബോറിസ് ജോൺസൺ തേടിയിരുന്നു. ഇത്തരത്തിൽ ലഭിച്ച എല്ലാ സംഭാവനകളും തികച്ചും സുതാര്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അതിന്റെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്പറഞ്ഞു.
മന്ത്രി എന്ന നിലയിൽ ലഭിക്കുന്ന സംഭാവനകളും സമ്മാനങ്ങളും നിയമാനുസൃതം ആവശ്യമുള്ളയിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ജനപ്രതിനിധി സഭ റെജിസ്റ്ററിലും ഇലക്ടൊറൽ കമ്മീഷൻ റെജിസ്റ്ററിലും കാണാവുന്നതുമാണ്. പ്രധാന മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം, നവംബറിലെ രണ്ടാം ലോക്ക്ഡൗൺ സംബന്ധിച്ച വിവരങ്ങൾ ചോർത്തിയത് താനാണ് എന്ന ആരോപണം കമ്മിങ്സ് നിഷേധിച്ചു. അതുസംബന്ധമായി നടന്ന അന്വേഷണം പ്രധാനമന്ത്രി അട്ടിമറിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. തെളിവുകളെല്ലാം ബോറിസ് ജോൺസന്റെ കാമുകി കാരി സിമ്മണ്ട്സിന്റെ സുഹൃത്തായ ഹെന്റി ന്യുമാനെതിരെ ആയതിനാലാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ആദ്യം നമ്പർ 10 ൽ ഒരു സുപ്രധാന സ്ഥാനത്തേക്ക് കൊണ്ടുവന്ന ന്യുമാൻ ചോർച്ചയിൽ തനിക്ക് പങ്കുണ്ടെന്ന കാര്യം നിഷേധിച്ചിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിയുടെ ഫണ്ടിൽ നിന്നും അതുപോലെ പാർട്ടി അനുഭാവികളിൽ നിന്നും സ്വീകരിച്ച സംഭാവനകളിലൂടെയും ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതിന് പണം നൽകിയ കാര്യം ഇപ്പോൾ ഇലക്ടൊറൽ കമ്മീഷൻ അന്വേഷിച്ചുവരികയാണ്. ഇതിനോടകം തന്നെ പല പ്രമുഖ പാർട്ടി നേതാക്കളേയും ചോദ്യം ചെയ്തുകഴിഞ്ഞു.
കാമുകിയായ കാരി സിമ്മണ്ട്സിന്റെ ആവശ്യപ്രകാരം നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചത് വിവാദമായിരുന്നു. പണം പൊതുഖജനാവിൽ നിന്നും നൽകാനാവില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തപ്പോൾ 58,000 പൗണ്ടാണ് പാർട്ടി മുൻകൈ എടുത്ത് ബോറിസ് ജോൺസനു വേണ്ടി അടച്ചത്. അതാണ് ഇപ്പോൾ പുതിയ വിവാദത്തിനു കാരണമായിരിക്കുന്നത്.
സർക്കാരിലേക്ക് അടയ്ക്കുവാനുള്ള പണത്തിനായി, പാർട്ടിക്ക് സാമ്പത്തികസഹായം നൽകാറുള്ള ധനികരായ അനുയായികളെ ബോറിസ് ജോൺസൺ സമീപിച്ചതായി കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.