- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർസനലിന്റെ അമേരിക്കൻ ഉടമക്കെതിരെ ആരാധകരുടെ പടയോട്ടം; യൂറോപ്യൻ സൂപ്പർ ലീഗിന് ചുക്കാൻ പിടിച്ചതിന്റെ പേരിൽ എമിരേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്നലെ അരങ്ങേറിയത് വമ്പൻ പ്രതിഷേധം; ഫുട്ബോൾ ഭ്രാന്തന്മാർക്ക് ശരിക്കും ഭ്രാന്ത് പിടിച്ചപ്പോൾ
ഫുട്ബോൾ ഭ്രാന്ത് യഥാർത്ഥ ഭ്രാന്തായി മാറിയ കാഴ്‌ച്ചയായിരുന്നു ഇന്നലെ രാത്രി വടക്കൻ ലണ്ടനിലെ എമിരേറ്റ്സ് സ്റ്റേഡിയത്തിൽ കണ്ടത്. യൂറോപ്യൻ സൂപ്പർലീഗ് എന്ന ആശയം ഇല്ലാതായതോടെ അതിനു മുൻകൈ എടുത്തവരിൽ പ്രമുഖനായ അർസനലിന്റെ ഉടമയായ അമേരിക്കൻ പൗരൻ സ്റ്റാൻ ക്രോൻകെയെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു ക്ലബ്ബിന്റെ ആരാധകർ കലാപമുണ്ടാക്കിയത്. എവർടണിനെതിരെയുള്ള പ്രീമിയർ ലീഗ് മാച്ചിനു തൊട്ടുമുൻപായിട്ടായിരുന്നു ഇത് സംഭവിച്ചത്.
പ്രധാന ബോക്സ് ഓഫീസിനു മുകളിലുള്ള മെറ്റൽ സ്‌ക്രീനുകൾ തകർത്ത ആരാധകർ പടക്കം പൊട്ടിച്ചും എയർഹോണുകൾ മുഴക്കിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധിച്ചു. ക്രോൻകെയെ പുറത്താക്കണം, അർസനിലെ തിരികെ നൽകണം എന്നായിരുന്നു ഇന്നലെ സ്റ്റേഡിയത്തിൽ ഉയർന്ന പ്രധാന മുദ്രാവാക്യം. പൊലീസ് ഉടനടി സ്ഥലത്തെത്തി പ്രതിഷേധക്കാരെ തടഞ്ഞു. ഒരു പൊലീസ് ഓഫീസർക്ക് തലയ്ക്ക് നിസാരമായ പരിക്ക് പറ്റിയിട്ടുണ്ട്. ഒരാൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
അതിനിടയിൽ ക്ലബ്ബിന്റെ ടിക്കറ്റ് ഓഫീസിനു മുകളീൽ നിന്നും താഴേക്ക് വീണ ഒരുാരാധകന്റെ കാല് ഒടിയുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ അടച്ചിട്ട സ്റ്റേഡിയത്തിനകത്ത് മത്സരം നടക്കുമ്പോഴും പ്രതിഷേധം ഉയരുകയായിരുന്നു. കാണികൾക്കിടയിൽ തടിച്ചുകൂടിയ ആരാധകർ അവിടെ നിന്നും താഴെയുള്ള ബോക്സ് ഓഫീസിലേക്ക് നീങ്ങുകയായിരുന്നു. പിന്നീറ്റ് ടീം സ്റ്റോറിലെത്തിയുംഅവർ ഒച്ചപ്പാടുണ്ടാക്കി.
ചെറിയ തോതിൽ അക്രമാസക്തരായ ജനക്കൂട്ടം പൊലീസിനു നേരെ കല്ലുകളും കുപ്പികളും വലിച്ചെറിയാൻ തുടങ്ങിയതോടെ പൊലീസിന് ബലം പ്രയോഗിക്കേണ്ടതായി വന്നു. ഈ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ഇതിനു തൊട്ടുമുൻപായി സ്റ്റേഡിയത്തിന്റെ പുറത്തും പ്രകടനക്കാർ പ്രതിഷേധവുമായി എത്തിയിരുന്നു എങ്കിലും അനിഷ്ടസംഭവങ്ങൾ ഒന്നുംതന്നെ ഉണ്ടായില്ല. ലോസ് ഏഞ്ചലസ് റാംസ് എൻ എഫ് എൽ ക്ലബ്ബ് ഉൾപ്പടെ അമേരിക്കയിൽ നിരവധി കായിക ക്ലബ്ബുകളുടെ ഉടമയാണ് അമേരിക്കൻ പൗരനായ സ്റ്റാൻ ക്രോൻകെ.
സ്റ്റാൻ ക്രോൻകെയുടെ നേതൃത്വത്തിലുള്ള ക്രോൻകെ സ്പോർട്സ് & എന്റർടെയിന്മെന്റിനെതിരെ നേരത്തേയും പ്രതിഷേധവുമായി ആരാധകർ എത്തിയിരുന്നു. ക്ലബ്ബിന്റെ ഉന്നമനത്തിനായി പ്രതീക്ഷിച്ചത്ര നിക്ഷേപം നടത്തിയിട്ടില്ല എന്നതായിരുന്നു പ്രധാന ആരോപണം. ഇതിനിടയിലാണ് യൂറോപ്യൻ ഫുട്ബോൾ കലക്കി മീൻ പിടിക്കാനുള്ള യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയവുമായി ഒരു കൂട്ടം ക്ലബ്ബുകൾ രംഗത്തെത്തുന്നത്. ക്രോൻകെ ഇതിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.
ആവേശം മൂത്ത ഒരു കൂട്ടം ആരാധകർ അർസനൽ ക്ലബ്ബിലെ കളിക്കാർ വരുന്ന വാഹനങ്ങൾ തടയുവാൻ പദ്ധതിയൊരുക്കിയിരുന്നു. എന്നാൽ കളിക്കാർ നേരത്തേ സ്റ്റേഡിയത്തിൽ എത്തിയതിനാൽ അത് നടന്നില്ല. സാധാരണ കളിക്കാർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന വഴിയിലൂടെയല്ലാതെ അതിന് നേരെ എതിർവശത്തുള്ള വഴിയിലൂടെയാണ് ഇവർ സ്റ്റേഡിയത്തിൽ പ്രവേശിച്ചത്.
ആരാധകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ക്ലബ്ബ് യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയെങ്കിലും ആരാധകരുടെ കോപം അടങ്ങിയിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ