നാധിപത്യ മര്യാദകൾക്ക് പുകൾപെറ്റ ബ്രിട്ടൻ ഇപ്പോൾ മനുഷ്യത്വത്തിന് നല്ലൊരു മാതൃക ലോകത്തിന് സമ്മാനിക്കുകയാണ്. ഇന്ത്യ കോവിഡിന്റെ പിടിയിൽ ഞെരിഞ്ഞമരുമ്പോൾ ഇന്ത്യയിൽ നിന്നും കരാർ പ്രകാരം ലഭിക്കുവാനുള്ള 50 ലക്ഷം വാക്സിനു വേണ്ടി സമ്മർദ്ദം ചെലുത്തുന്നത് അധാർമ്മികമാണെന്ന പൊതുവികാരമാണ് ഇപ്പോൾ ബ്രിട്ടനിലുള്ളത്. കരാർ പ്രകാരം മാർച്ച് 18 നായിരുന്നു ബ്രിട്ടന് ഈ വാക്സിൻ നൽകേണ്ടത്. പിന്നീട് അത് ഏപ്രിൽ 18 ലേക്ക് മാറ്റി. അത് ഇതുവരെയും ഇന്ത്യയിൽ നിന്നും കയറ്റി അയച്ചിട്ടില്ല.

ഇന്ത്യ കടുത്ത പ്രതിസന്ധിയിൽ ഉഴറുന്ന ഘട്ടത്തിൽ ഇനി അത് ബ്രിട്ടന് ലഭിക്കുന്ന കാര്യം സംശയമാണെന്നാണ് ഒരു ശാസ്ത്രജ്ഞൻ ഇന്നലെ പറഞ്ഞത്. ലോകത്ത് മറ്റൊരു രാജ്യവും ദർശിച്ചിട്ടില്ലാത്ത ദയനീയ സ്ഥിതിയിലാണ് ഇന്ത്യയിപ്പോൾ. പല ആശുപത്രികളിലും ഓക്സിജൻ ലഭ്യമാകുന്നില്ല. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും വാക്സിൻ ആവശ്യപ്പെടുന്നതിന് നിയമപരമായ അവകാശമുണ്ടെങ്കിൽ കൂടി ധാർമ്മികമായി അത് തെറ്റാണെന്നാണ് യൂണിവേഴ്സിറ്റി മൈക്രോബയോളജിസ്റ്റായ ഡോ. സൈമൺ ക്ലാർക്ക് പറഞ്ഞത്.

രാഷ്ട്രീയ കാരണങ്ങളാൽ ഇത്തരം സാഹചര്യത്തിൽ വാക്സിൻ കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാരിന് കഴിയില്ല. ധാർമ്മികതയുടെ പേരിൽ അത് സ്വീകരിക്കാൻ ബ്രിട്ടനും ആവില്ല എന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ നമ്മൾ വാക്സിൻ ഇന്ത്യയിൽ നിന്നും ഇപ്പോൾ വാങ്ങുകയാണെങ്കിൽ, രോഗബാധയ്ക്ക് അത്ര സാധ്യതയില്ലാത്തവരെ രക്ഷിക്കാനായി ഒരുപറ്റം മനുഷ്യരെ കുരുതികൊടുക്കുന്നത് തികച്ചും അധാർമ്മികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ പദ്ധതിപ്രകാരം ജൂലായ് മാസത്തോടെ എല്ലാ ബ്രിട്ടീഷുകാർക്കും നൽകാൻ മതിയായ തോതിലുള്ള വാക്സിൻ ബ്രിട്ടനിൽ തന്നെ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ നിന്നുള്ളതുകൂടി ലഭിച്ചാൽ വാക്സിൻ പദ്ധതി ഇനിയും ത്വരിതപ്പെടുത്താം എന്നാണ് സർക്കാർ ആലോചിച്ചിരുന്നത്. അതായത്, നിലവിൽ ബ്രിട്ടന്റെ അവസ്ഥ താരതമ്യേന സുരക്ഷിതമാണ്. എന്നാൽ, ഇന്ത്യയുടെ അവസ്ഥ അതല്ല.

കരാർ പ്രകാരം ബ്രിട്ടനു പുറമേ ഐക്യരാഷ്ട്ര സഭയുടെ കോവാക്സ് പദ്ധതി പ്രകാരം മൂന്നാം ലോക രാഷ്ട്രങ്ങളിൽ വിതരണം ചെയ്യുവാനായി കൂടി സിറം ഇൻസ്റ്റിറ്റിയുട്ട് വാക്സിൻ നൽകുന്നുണ്ട്. നിലവിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഏതാണ്ട് പൂർണ്ണമായി തന്നെ വാക്സിൻ നൽകിക്കഴിഞ്ഞു. അതുപോലെ എൻ എച്ച് എസ് ജീവനക്കാർക്കും കെയറർമാർക്കും നൽകിക്കഴിഞ്ഞു. രണ്ടാം ഡോസിനും ആവശ്യമായ സ്റ്റോക്ക് ഇപ്പോൾ തന്നെ ബ്രിട്ടന്റെ കൈവശമുണ്ട്.