ബ്രിട്ടൻ കോവിഡിന്റെ ആക്രമണത്തിൽനിന്നും മുക്തി നേടുകയാണെന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചുകൊണ്ട് മറ്റൊരു ദിനം കൂടി കടന്നുപോയി. ഈ വർഷത്തെ വേനലവധി മാസ്‌ക് ഇല്ലാതെത്തന്നെ ബ്രിട്ടീഷുകാർക്ക് ആഘോഷിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗങ്ങളും. വാക്സിനുകൾ ഫലപ്രദമാകുന്നു. വാക്സിൻ പദ്ധതിയും പ്രതീക്ഷിച്ച രീതിയിൽ മുന്നേറുന്നു. ഇത് രണ്ടും ഏറെ പ്രതീക്ഷകൾക്ക് വക നൽകുന്നു എന്നാണ് ശാസ്ത്രോപദേശക സമിതി അംഗമായ ഒരു ശാസ്ത്രജ്ഞൻ പറഞ്ഞത്.

രോഗവ്യാപനം കുറയുന്നു. അതുപോലെ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും, മരണനിരക്കും കുറയുന്നു. മെയ്‌ മാസത്തിൽ ഇവ വീണ്ടും ഇടിയുമെന്നുതന്നെയാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. അതോടെ നേരത്തേ നിശ്ചയിച്ചതുപോലെ ജൂൺ 21 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കാനാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. ഇന്നലെ 2,678 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 40 മരണങ്ങളും രേഖപ്പെടുത്തി.

മരണനിരക്ക് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 18 ശതമാനം വർദ്ധിച്ചുവെങ്കിലും അതിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. അതേസമയം ഇന്നലെ 4,31,000 ഡോസ് വാക്സിനുകൾ നൽകിയതായി ആരോഗ്യവകുപ്പ അറിയിച്ചു. ഇതെല്ലാം രണ്ടാം ഡോസ് ആയിരുന്നു. ഇതിനു പുറമേ 1, 31,000 പേർക്ക് ആദ്യ ഡോസ് വാക്സിനും നൽകി. ഏറ്റവും അവസാനം നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടും രോഗവ്യാപനത്തിൽ തുടർച്ചയായ ഇടിവ് കാണിക്കുന്നത് നല്ലൊരു ശകുനമാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ 16 ന് അവസാനിച്ച ആഴ്‌ച്ചയിൽ 90,000 പേർക്ക് വൈറസ് ബാധയുണ്ടായിരുന്നു. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിൽ ഇത് 1,12,600 ആയിരുന്നു. സെപ്റ്റംബർ 10 ന് ശേഷം ഇതാദ്യമായിട്ടാണ് രോഗബാധിതരുടെ എണ്ണം 1 ലക്ഷത്തിന് താഴെ വരുന്നത്. നിലവിലെ സാഹചര്യങ്ങൾ കാണിക്കുന്നത് ഏറ്റവും ഒടുവിലായി നൽകിയ ഇളവുകൾ രോഗവ്യാപനത്തിന് ആക്കം കൂട്ടിയിട്ടില്ല എന്നാണ്.

സ്ഥിതിഗതികൾ മെച്ചപ്പെടാൻ തുടങ്ങിയതോടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് നീക്കംചെയ്യണമെന്ന ആവശ്യത്തിനും ശക്തികൂടി. നേരത്തേ ബിസിനസ്സ് രംഗത്തുനിന്നും രാഷ്ട്രീയ രംഗത്തുനിന്നുമാണ് ഈ ആവശ്യം കൂടുതലായി ഉയർന്നിരുന്നതെങ്കിൽ ഇപ്പോൾ ചില ശാസ്ത്രജ്ഞന്മാരും ഈ ആവശ്യം ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. കോവിഡ് സിംപ്ടം സ്റ്റഡിയുടെ തലവൻ പ്രൊഫസർ ടിം സ്പെക്ടറാണ് ഇക്കാര്യത്തിൽ മുൻനിരയിൽ നിൽക്കുന്നത്.