- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് ഓഫ് ബറോഡ ഓഫീസർ ഷീബയെ അപമാനിച്ചുവെന്നും ശമ്പളം തടഞ്ഞുവയ്ക്കാൻ നോട്ടീസ് നൽകി എന്നുമുള്ള പരാതിയിൽ കേസെടുത്ത് വനിതാ കമ്മിഷൻ; ബാങ്കുകളിലെ വനിതാ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ കമ്മീഷൻ
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ പുതിയകാവ് ശാഖയിലെ ഓഫീസർ പി.എൻ.ഷീബയെ ഫോണിൽ വിളിച്ച് അപമാനിച്ചുവെന്നും നിയമവിരുദ്ധമായി ശമ്പളം തടഞ്ഞുവയ്ക്കാൻ നോട്ടീസ് നൽകി എന്നുമുള്ള പരാതിയിൽ വനിതാ കമ്മിഷൻ കേസെടുത്തു.
ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണൽ ഓഫീസ് ജനറൽ മാനേജർ കെ.വെങ്കടേശൻ, റീജണൽ ഹെഡ് ആർ.ബാബു രവിശങ്കർ, എച്ച്ആർ സീനിയർ മാനേജർ അനിൽകുമാർ പി.നായർ എന്നിവരെ എതിർ കക്ഷികളാക്കി ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാങ്ക് മാനേജ്മെന്റിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബാങ്കിങ് സമയം ഉച്ചയ്ക്ക് രണ്ട് മണിവരെയായി നിജപ്പെടുത്തിയിട്ടും വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ നിർബന്ധിത ഡ്യൂട്ടിക്ക് വിധേയമാക്കുന്ന ബാങ്ക് അധികൃതരുടെ നടപടി തൊഴിലാളിവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. വിഷയത്തിൽ വനിതാ കമ്മിഷൻ ബാങ്കിലെത്തി തെളിവെടുപ്പു നടത്തുമെന്ന് ചെയർപേഴ്സൺ എം.സി.ജോസഫൈൻ അറിയിച്ചു.
ബാങ്കിങ്ങ് മേഖല തൊഴിലാളി വിരുദ്ധമാണെന്ന പൊതുധാരണ ശരിവയ്ക്കുന്നതാണ് സമീപകാല സംഭവങ്ങൾ. കനറാബാങ്ക് തൊക്കിലങ്ങാടി ശാഖാ അസിസ്റ്റന്റ് മാനേജർ സ്വപ്ന തൊഴിലിടത്തിൽ ത്മഹത്യചെയ്യാനിടയായതും മാനേജ്മെന്റിന്റെ അഴിമതി കണ്ടെത്തിയതിന് പിരിച്ചുവിടപ്പെട്ട കനറാ ബാങ്കിലെതന്നെ ലോ ഓഫീസർ പ്രിയംവദ നടത്തുന്ന നിയമപോരാട്ടാം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. എന്നാൽ ആരോടും പരാതിപറയാനാകാതെ നിയമനം ലഭിച്ച് സമൂഹത്തിൽ മാന്യമായ തൊഴിലുണ്ട് എന്ന കാരണത്താൽ തങ്ങൾ തൊഴിലിടങ്ങളിൽ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളെ മനസ്സിലൊതുക്കി കഴിയുകയാണ് ബഹുഭൂരിപക്ഷം വരുന്ന ബാങ്ക് ജീവനക്കാരായ സ്ത്രീകളും. എന്നാൽ അവർക്ക് സധൈര്യം വനിതാ കമ്മിഷനോട് തുറന്നുപറയാവുന്നതാണ്.
സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ സ്ത്രീ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾkeralawomenscommission@yahoo.co.in എന്ന ഇ-മെയിലിൽ അവരവർക്ക് തന്നെ കമ്മിഷനെ അറിയിക്കാവുന്നതാണ്. കമ്മിഷൻ അടുത്ത ആറ് മാസത്തിനകം ലഭിക്കുന്ന പരാതികൾ പരിശോധിച്ച് തുടർനടപടികൾക്ക് വിശദമായ ശിപാർശകൾ സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നതാണെന്ന് ചെയർപേഴ്സൺ എം.സി.ജോസഫൈൻ അറിയിച്ചു.