തിരുവനന്തപുരം: ഓൺലൈൻ രജിസ്റ്റർ ചെയ്തു വരുന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എല്ലാ ജില്ലാ വാക്സിനേഷൻ ഓഫീസർമാർക്കും ഇത് പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 21ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾക്ക് അനുബന്ധമായാണ് പുതിയ മാർഗനിർദേശമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ വാക്സിനേഷൻ ഇപ്പോൾ പൂർണമായും ഓൺലൈനിലാണ് (https://www.cowin.gov.in) നടക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈകൾ ശുചിയാക്കുകയും വേണം.

ഇനി സംസ്ഥാനത്ത് 4 ലക്ഷത്തോളം ഡോസ് വാക്സിനാണുള്ളത്. കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 413 സർക്കാർ ആശുപത്രികളും 193 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 606 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിനേഷൻ നടന്നത്. ഇതുവരെ ആകെ 68,46,070 ഡോസ് വാക്സിനാണ് നൽകിയത്. അതിൽ 58,00,683 പേർക്ക് ആദ്യഡോസ് വാക്സിനും 10,45,387 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്.