- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണങ്ങൾ കൃത്യമായി നടപ്പായാൽ കേരളത്തിലെ കോവിഡ് കണക്കുകൾ മെയ് പകുതിക്ക് ശേഷം കുറയും; മെയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം നാലു ലക്ഷത്തോളമാകും: പ്രതിദിനം 38,000 രോഗികൾ ആകുന്നതോടെ ആരോഗ്യ മേഖലയിലുണ്ടാകുക വൻ പ്രതിസന്ധി

തിരുവനന്തപുരം: സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി നടപ്പായാൽ കേരളത്തിലെ കോവിഡ് വ്യാപനം മെയ് പകുതിക്കുശേഷം കുറഞ്ഞു തുടങ്ങുമെന്ന് വിലയിരുത്തൽ. മെയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കോവിഡ് വ്യാപനം ഏറ്റവും ഉയർന്ന തോതിലെത്തുകയും പിന്നീടു കുറയുകയും ചെയ്യും. ആ സമയത്ത് ചികിത്സയിലുള്ളവർ നാലു ലക്ഷത്തോളമാകുമെന്നും ദുരന്തനിവാരണ അഥോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മെയ് അവസാനം വരെ ഉയർന്നു നിൽക്കാനിടയുണ്ട്.
കഴിഞ്ഞ 19നു തയാറാക്കിയ ആദ്യ റിപ്പോർട്ട് പ്രകാരം മെയ് രണ്ടാം വാരം 2.18 ലക്ഷം പേർ വരെ ചികിത്സയിലുണ്ടാകുമെന്നാണു വിലയിരുത്തിയത്. എന്നാൽ, കൂട്ടപ്പരിശോധനയുടെ ഫലങ്ങൾ വന്നതോടെ റിപ്പോർട്ട് പുതുക്കി. സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് (റീപ്രൊഡക്ഷൻ റേറ്റ്ആർ) 2.5 ആയി. ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആർ നിരക്ക് കൂടുതൽ. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇതു കുറവാണ്. പ്രതിവാര വർധന നിരക്ക് ശരാശരി 150 %. ശനി ഞായർ മിനി ലോക്ഡൗൺ കോവിഡ് വ്യാപനത്തിന്റെ തോതു കുറയ്ക്കുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.
കേരളത്തിൽ പ്രതിദിന കേസുകൾ 38,657 വരെയായേക്കാമെന്നു നിതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നു. ഐസിയു ഓക്‌സിജൻ കിടക്കകളിൽ 5,574 എണ്ണത്തിന്റെയും ഐസിയു കിടക്കകളിൽ 918 എണ്ണത്തിന്റെയും കുറവിനു സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. 603 വെന്റിലേറ്ററുകളുടെയും കുറവുണ്ടായേക്കും. രണ്ടാം തരംഗത്തിൽ കേരളത്തിലെ മരണനിരക്ക് ആദ്യതരംഗത്തിലേതിന്റെ പകുതിയായി. ഏപ്രിൽ 1023 സമയത്ത് 1.5 ലക്ഷം പേർക്കു കോവിഡ് ബാധിച്ചു. മരണം 290. മരണനിരക്ക് 0.19 %. ആദ്യതരംഗത്തിൽ 12.95 ലക്ഷം പേർക്കു കോവിഡ് ബാധിക്കുകയും 5000 പേർ മരിക്കുകയും ചെയ്തിരുന്നു. മരണനിരക്ക് 0.39 %.
കേരളത്തിൽ 28,469 പേർക്കു കൂടി കോവിഡ് ബാധിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം 2.18 ലക്ഷമായി. 1,26,773 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 % ആയി ഉയർന്നു. 30 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 5110. എറണാകുളത്ത് 4468 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂർ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂർ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസർകോട് 771, വയനാട് 659 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 338 പേർക്കും 45 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 8122 പേർ കോവിഡ് മുക്തരായി.

