ഇന്തൊനീഷ്യ: ബാലി തീരത്തിനു സമീപം കടലിനടിയിൽ തകർന്ന മുങ്ങിക്കപ്പലിലെ 53 ജീവനക്കാരും മരിച്ചതായി ഇന്തോനേഷ്യ. കെആർഐ നംഗ്ഗല 402' മുങ്ങിക്കപ്പൽ കടലിൽ 838 മീറ്റർ ആഴത്തിൽ തകർന്നാണ് കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം മരിച്ചത്. കടൽത്തട്ടിൽ 3 ഭാഗങ്ങളായി പിളർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ റോബട് കണ്ടെത്തിയെന്നും അവയുടെ ചിത്രങ്ങൾ അയച്ചെന്നും നാവികസേനാ മേധാവി അഡ്‌മിറൽ യൂദോ മർഗാനോ അറിയിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രസിഡന്റ് ജോക്കോ വിഡോദൊ അനുശോചനമറിയിച്ചു. അപകട കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. ഇലക്ട്രിക്കൽ തകരാറാകാമെന്നാണു നിഗമനം.ബുധനാഴ്ചയാണു മുങ്ങിക്കപ്പൽ ബാലി തീരത്തുനിന്നു കാണാതായത്. അവിടെ നിന്ന് 1500 മീറ്റർ അകലെയാണു കപ്പലിന്റെ അവശിഷ്ടം കണ്ടത്. 44 വർഷം പഴക്കമുള്ളതാണ് ജർമൻ നിർമ്മിത കപ്പൽ. 200 മീറ്ററിൽ കൂടുതൽ താഴേക്കു പോകാൻ ആവാത്ത മുങ്ങിക്കപ്പലാണിത്.

ശനിയാഴ്ച രാവിലെ തന്നെ കപ്പലിലെ ഓക്‌സിജൻ തീർന്നിരിക്കാമെന്നു നാവികസേന ആശങ്കപ്പെട്ടിരുന്നു. ഇന്തൊനീഷ്യൻ നാവിക സേനയോടൊപ്പം യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിരുന്നു.