- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1712 രോഗികളും 11 മരണങ്ങളുമായി ബ്രിട്ടൻ സമ്പൂർണ്ണ വിജയത്തിലേക്ക്; 40 മില്ല്യൺ ഫൈസർ വാക്സിൻ കൂടി യു കെയിലെത്തും; ഇനി 30 കഴിഞ്ഞവർക്ക് കുത്തിവയ്പ്പ്; ലോകത്തിന് മാതൃകയായി ബ്രിട്ടന്റെ അതിജീവന കഥ
കൊറോണയെ തളച്ച ബ്രിട്ടൻ ഇനിയൊരുങ്ങുന്നത് 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ. ഏതാനും ദിവസങ്ങൾക്കകം ഇത് ആരംഭിക്കും. 40 മില്ല്യൺ ഡോസുകൾക്കുള്ള പുതിയ ഓർഡർ കൂടി നൽകിക്കഴിഞ്ഞു. ഇത് സമയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൃദ്ധർക്ക് ശരത്ക്കാലത്ത് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് കൊടുക്കാനായും ഇത് ഉപയോഗിക്കും. ഫൈസറുമായുള്ള ചർച്ചകൾ വിജയിക്കുകയാണെങ്കിൽ, 20 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അസ്ട്രസെനെക വാക്സിന് പകരമായി ഫൈസർ നൽകുവാനും പദ്ധതിയുണ്ട്. ഏതായാലും 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ എടുക്കുവാനുള്ള ക്ഷണം ഈ വാരം അവസാനത്തോടെ ലഭിക്കും എന്ന് ഉറപ്പായിട്ടുണ്ട്.
നേരത്തേ നിശ്ചയിച്ച പ്രകാരം മെയ് പകുതിയോടെയായിരുന്നു ഈ പ്രായപരിധിയിൽ പെട്ടവർക്കുള്ള വാക്സിൻ നൽകേണ്ടത്. എന്നാൽ, പ്രതീക്ഷിച്ചതിലും വേഗതയിൽ മുന്നോട്ട് പോകുന്ന ബ്രിട്ടന്റെ വാക്സിൻ പദ്ധതി ഇത് നേരത്തേ ആക്കിയിരിക്കുകയാണ്. നിലവിൽ, ബ്രിട്ടന്റെ ജനസംഖയിൽ പകുതിയിലധികം പേർക്ക് വാക്സിന്റെ ആദ്യ ഡോസെങ്കിലും ലഭിച്ചിരിക്കുകയാണ്. അതിൽ 12 ദശലക്ഷം പേർക്ക് രണ്ടു ഡോസും ലഭിച്ചുകഴിഞ്ഞു. 40 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ പകുതിയിലേറെ പേർക്കും ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു.
ഡിസംബർ 8 നും ഏപ്രിൽ 24 നും ഇടയിലായി ഇംഗ്ലണ്ടിൽ മാത്രം 3,87,92,402 ഡോസ് വാക്സിനുകളാണ് നൽകിയിട്ടുള്ളത്. അതിനിടയിൽ 30 കളിൽ ഉള്ളവർക്ക് അസ്ട്രാസെനെക വാക്സിൻ നൽകണോ അല്ലെങ്കിൽ അതിനു പകരമായി മറ്റെതെങ്കിലും അംഗീകൃത വാക്സിൻ നൽകണമോ എന്ന കാര്യം ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ ചർച്ച ചെയ്യുകയാണ്. ഈ വാക്സിൻ, ചെറുപ്പക്കാരിൽ തികച്ചും വിരളമായ ഒരു തരം രക്തം കട്ടപിടിക്കലിന് ഇടയാക്കുന്നു എന്ന പരാതി ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ഇവർക്ക് വ്യത്യസ്തമായ മറ്റേതെങ്കിലും വാക്സിൻ ആയിരിക്കും നൽകുക.
ഇക്കാര്യത്തിൽ ജോയിന്റ് കമ്മിറ്റിയിൽ വ്യത്യസ്ത അഭിപ്രായമുള്ളതായി ആണ് അറിയാൻ കഴിയുന്നത്. അസ്ട്രസെനെക തന്നെ മുപ്പത് വയസ്സ് പ്രായപരിധിയിലുള്ളവർക്ക് നൽകി വാക്സിൻ പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കണമെന്ന് ശക്തിയായി വാദിക്കുന്ന ഒരു വിഭാഗവും കമ്മിറ്റിയിലുണ്ട്. അസ്ട്രസെനെകയും ജോൺസൺ ആൻഡ് ജോൺസനുമായി ബന്ധപ്പെട്ട് രക്തം കട്ടപിടിക്കൽ ഭീതി നിലനിൽക്കുന്നതിനാലാണ് ഫൈസറിന്റെ കൂടുതൽ വാക്സിൻ സർക്കാർ സംഭരിക്കാൻ ഒരുങ്ങുന്നത്. അതുപോലെ ബൂസ്റ്റർ ഡോസുകൾ നൽകുന്ന പദ്ധതി സെപ്റ്റംബറിൽ ആരംഭിക്കുവാനും ഇടയുണ്ട്.
70 വയസ്സിന് മുകളിൽ പ്രായമുള്ള 10.3 മില്ല്യൺ കെയർ ഹോം അന്തേവാസികൾക്കായിരിക്കും ബൂസ്റ്റർ ഡോസ് നൽകുക. ദീർഘകാലത്തെ പ്രതിരോധം ഉറപ്പാക്കുന്നതിനായി ആരോഗ്യ പ്രവർത്തകരേയും കെയർ വർക്കർമാരെയും ഇതിൽ ഉൾപ്പെടുത്തിയേക്കാം. അതേസമയം, ഏപ്രിൽ 12 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നിട്ടും രോഗവ്യാപനം കുറഞ്ഞുതന്നെ വരികയാണ് എന്നത് ബ്രിട്ടന് ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്. ഇന്നലെ 1712 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.
ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഏപ്രിൽ 23-ലെ കണക്കുകൾ പ്രകാരം 243 രോഗികൾ മാത്രമാണ് ഇപ്പോൾ വിവിധ ആശുപത്രികളിലായി ഐ സി യുവിൽ ഉള്ളത്. മൊത്തം ആശുപത്രികളിൽ ഉള്ള രോഗികളുടെ എണ്ണം 1,781 ആണ്.
മറുനാടന് മലയാളി ബ്യൂറോ