ന്യൂഡൽഹി: 18-45 പ്രായപരിധിയിലുള്ളവരുടെ വാക്‌സീൻ വിതരണ കാര്യത്തിൽ ആശയക്കുഴപ്പം. ഈ പ്രായപരിധിയിൽ ഉൾപ്പെടുന്നവർക്കു സർക്കാർ ആശുപത്രികളിൽ നിന്നും വാക്‌സിൻ എടുക്കാനാവില്ലെന്നും സ്വകാര്യ ആശുപത്രിയിൽനിന്നു മാത്രമേ വാക്‌സീനെടുക്കാൻ കഴിയുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ആശയക്കുഴപ്പത്തിനു കാരണം. പിന്നീട്, ഇതു പുതുക്കി 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് സർക്കാർ കേന്ദ്രത്തിൽ വാക്‌സീൻ എടുക്കാമെന്നും എന്നാൽ ഇതിന് കേന്ദ്രവിഹിതം കിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

കേരളം ഉൾപ്പെടെ ഈ പരിധിയിലുള്ളവർക്കും സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി വാക്‌സീൻ ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചിരിക്കെയാണ് കേന്ദ്രത്തിന്റെ നിബന്ധന വന്നത്. സംസ്ഥാന സർക്കാരുകളോ സ്വകാര്യ ആശുപത്രികളോ വാങ്ങുന്ന വാക്‌സീൻ മാത്രമേ ഈ പ്രായക്കാർക്കു ലഭിക്കൂ. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാം.

കോവിഷീൽഡിന് 600 രൂപയും കോവാക്‌സീന് 1200 രൂപയും ചെലവാക്കി സ്വകാര്യ ആശുപത്രികൾ വാങ്ങുന്ന വാക്‌സീൻ സർവീസ് ചാർജ് കൂടി ചേർത്ത് ഇതിലും ഉയർന്ന വിലയ്ക്കാകും ആളുകൾക്ക് ലഭ്യമാക്കുക. ഈ സാഹചര്യത്തിലാണ് സർക്കാർ ആശുപത്രിയിൽ എത്തുന്ന മുഴുവൻ ആളുകൾക്കും വാക്‌സീൻ സൗജന്യമാക്കുമെന്ന് കേരളം പ്രഖ്യാപിച്ചിരിക്കുന്നത്. കോവാക്‌സീന് 600 രൂപയ്ക്കും കോവിഷീൽഡിന് 400 രൂപയുമാണ് സംസ്ഥാന സർക്കാരുകൾ ചെലവാക്കേണ്ടത്.

വാക്‌സീൻ എടുക്കേണ്ടവർ കോവിഡ് പോർട്ടലിലോ അരോഗ്യ സേതു വെബ്‌സൈറ്റിലോ നിർമബന്ധമായി രജിസ്റ്റർ ചെയ്തിരിക്കണമെന്നും ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 28 മുതൽ റജിസ്‌ട്രേഷൻ ആരംഭിക്കും.