- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്പർ പ്ലേറ്റ് ഇല്ലാത്തതിന് പിടിച്ചെടുത്ത ബൈക്കുമായി സ്റ്റേഷനു മുന്നിൽ അഭ്യാസ പ്രകടനം; വീഡിയോ എടുത്ത ശേഷം പൊലീസിനെ വെല്ലുവിളിച്ച് യൂട്യൂബിലിട്ടും യുവാവ്
തിരുവനന്തപുരം: നമ്പർ പ്ലേറ്റ് ഇല്ലാത്തതിന് പൊലീസ് പിടിച്ച് കേസെടുത്ത് വിട്ടുകൊടുത്ത ബൈക്കുമായി സ്റ്റേഷനു മുന്നിൽ യുവാവിന്റെ അഭ്യാസം. ഇത് വീഡിയോയിൽ പിടിച്ച് പൊലീസിനെ വെല്ലുവിളിച്ച് യുട്യൂബിലിടുകയും ചെയ്തു. കൊല്ലം പരവൂർ സ്റ്റേഷനു മുന്നിൽ നടത്തുന്ന ബൈക്ക് പ്രകടനത്തിന്റെ വീഡിയോയാണ് വൈറലായത്.
കൊല്ലം-പരവൂർ തീരദേശപാതയിൽനിന്നു പൊലീസ് ബൈക്ക് പിടികൂടുന്നത് മുതൽ മൊബൈൽ ഫോണിൽ രഹസ്യമായി ചിത്രീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് സംഭവം. ദൃശ്യങ്ങളിൽ കേന്ദ്രസേനയെയും കാണാം. നമ്പർ പ്ലേറ്റില്ലാത്ത സ്പോർട്സ് ബൈക്ക് സ്റ്റേഷനിലേക്ക് പൊലീസുകാരൻ ഓടിച്ചുപോകുന്നതും വീഡിയോയിലുണ്ട്. സ്റ്റേഷനിൽനിന്ന് ബൈക്ക് യുവാവ് പുറത്തേക്ക് ഇറക്കുന്നതാണ് അടുത്ത ദൃശ്യം. റോഡിലേക്കിറക്കിയ ഉടൻ ബൈക്ക് ഓടിച്ച യുവാവ് പിൻവശത്തെ ടയർ പൊക്കി ഓടിച്ചുപോകുകയും ചെയ്യുന്നുണ്ട്.
'അവനെ പിടിക്കാൻ ഏമാന്മാർക്ക് ഉടൽവിറയ്ക്കും. അവൻ നാലാംദിവസം സ്റ്റേഷനിൽനിന്നു പൊടിതട്ടി ഇറങ്ങിപ്പോകും. പിടിച്ചവനെ ഐസ് പെട്ടിയിൽ കിടത്തും' എന്നിങ്ങനെ ഭീഷണിയോടെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോക്ക് പ്രചാരം ലഭിച്ചതോടെ, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.