തിരുവനന്തപുരം: പൊലീസുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസുകാരന്റെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹമാണ് നെയ്യാറ്റിൻകര തിരുപുറത്തെ വീട്ടിൽ നിന്നും കണ്ടെത്തിയത്. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഷിബുവാണ്(50) മരിച്ചത്. വീട്ടിൽനിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യയുമായി അകന്നു കഴിയുന്ന ഇയാൾ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പത്ത് വർഷമായി ഭാര്യയുമായി ഒരു ബന്ധവുമില്ല. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ഷിബു, കുറച്ച് ദിവസമായി മെഡിക്കൽ ലീവിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമെ മരണകാരണത്തെക്കുറിച്ച് വ്യക്തത വരികയുള്ളു. റൂറൽ എസ്‌പി ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.