- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേഗന്റെയും ഹാരിയുടെയും ജീവചരിത്ര പുസ്തകം പുതിയ വിവാദങ്ങൾ കൂടി ചേർത്ത് പുതിയ എഡിഷൻ ഇറക്കും; ഇരുവർക്കുമുള്ള സാമ്പത്തിക സഹായങ്ങൾ ചാൾസ് റദ്ദ് ചെയ്യും; ബ്രിട്ടീഷ് രാജകുടുംബം ചെറുതാകുന്നു
നേരത്തേ തന്നെ ഏറെ വിവാദമായ മേഗൻ മെർക്കലിന്റെ ''ഫൈൻഡിങ് ഫ്രീഡം'' എന്ന ജീവചരിത്ര പുസ്തകം ഏറ്റവും പുതിയ വിവാദങ്ങളും കൂട്ടിച്ചേർത്ത് വരുന്ന വേനൽക്കാലത്ത് പുതിയ പതിപ്പിറങ്ങുന്നതായി സ്ഥിരീകരിച്ചു. ഓപ്ര വിൻഫ്രിയുടെ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങളും ഈ പതിപ്പിൽ ചേർക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഓമിഡ് സ്‌കോബിയും കരോലിൻ ഡുറാന്റും ചേർന്നെഴുതിയ പുസ്തകത്തിന്റെ ആദ്യ പതിപ്പ് കഴിഞ്ഞവർഷം ഓഗസ്റ്റ് 11 നാണ് പ്രസിദ്ധീകരിച്ചത്.
കൊട്ടാരം ജീവനക്കാരെ മേഗൻ അപമാനിച്ചു എന്ന് ആരോപിക്കപ്പെടുന്ന സംഭവം മുതൽ ഫിലിപ്പ് രാജകുമാരന്റെ മരണം വരെയുള്ള സംഭവങ്ങൾ ഉൾക്കൊള്ളുന്ന പുതിയ അദ്ധ്യായങ്ങളുമായിട്ടായിരിക്കും പുതിയ പതിപ്പ് ഇറങ്ങുക. നെറ്റ്ഫ്ളിക്സ്, സ്പോർട്ടിഫൈ എന്നിവരുമായുള്ള ശതകോടികളുടെ കരാറുകളുടെ വിശദാംശങ്ങളും ഈ പതിപ്പിൽ ഉണ്ടാകും എന്ന് കരുതപ്പെടുന്നു. കൂടാതെ അവരുടെ കാലിഫോർണിയയിലെ പുതിയ ജീവിതവും ഹാരിയുടെ സൈനിക പദവികൾ ഉൾപ്പടെയുള്ളവ എടുത്തുമാറ്റിയ സംഭവവും ഇതിൽ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.
ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഹാരിയും സഹോദരൻ വില്യമും തമ്മിലുള്ള അകലം കുറഞ്ഞതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, വരുന്ന ഓഗസ്റ്റ് 5 ന് വിൽപനയ്ക്കെത്തുന്ന ഫൈൻഡിങ് ഫ്രീഡത്തിന്റെ പുതിയ പതിപ്പ് അത് വീണ്ടും വർദ്ധിപ്പിക്കുവാനാണ് സാധ്യത. ഓപ്ര വിൻഫ്രിയുടെ അഭിമുഖം ഉണ്ടാക്കിയ ഞെട്ടലിൽ നിന്നും രാജകുടുംബം ഇനിയും പൂർണ്ണമായും മുക്തരായിട്ടില്ല. അതിനിടയിലാണ് പുതിയ ഒരു ആഘാതം കൂടി വരുന്നത്. ഇത് ഹാരിയും കുടുംബവുമായുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്നാണ് കൊട്ടാരത്തിലെ കാര്യങ്ങൾ അടുത്തുനിന്ന് നിരീക്ഷിക്കുന്നവരുടെ അഭിപ്രായം.
അതിനിടയിൽ, ബുധനാഴ്‌ച്ച മുത്തശ്ശിയുടെ തൊണ്ണൂറ്റഞ്ചാം പിറന്നാളിന് കാത്തുനിൽക്കാതെ ചൊവ്വാഴ്‌ച്ച തന്നെ ഹാരി അമേരിക്കയിലേക്ക് തിരികെ പറന്നു. ഇതിനിടയിൽ ഒരു തവണമാത്രമാണ് ഹാരി പിതാവ് ചാൾസ് രാജകുമാരനുമായും സഹോദരൻ വില്യമുമായും കൂടിക്കാഴ്‌ച്ച നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം കെയ്റ്റ് മുൻകൈ എടുത്ത് സഹോദർന്മാർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കിയെങ്കിലും അത് പൂർണ്ണതയിലെത്തിയില്ലെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം, ഫിലിപ്പ് രാജകുമാരന്റെ മരണശേഷം കുടുംബത്തിലെ കാര്യങ്ങൾ നേർവഴിക്ക് കൊണ്ടുവരാനുള്ള ചാൾസ് രാജകുമാരന്റെ ശ്രമങ്ങളുടെ ഭാഗമായി ഹാരിയേയും മേഗനേയും പൂർണ്ണമായും കുടുംബത്തിൽ നിന്നും ഒഴിവാക്കിയേക്കും എന്നറിയുന്നു. ഫിലിപ്പ് രാജകുമാരന്റെ മരണശേഷം രാജകുടുംബാംഗങ്ങൾക്ക് വിവിധ ചുമതലകൾ വീതിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് ചാൾസും വില്യമും തമ്മിൽ ഉടൻ തന്നെ ഒരു കൂടിക്കാഴ്‌ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്.
കുടുംബം എന്ന സ്ഥാപനം കൂടുതൽ ചെറുതാക്കി ചെലവ് ചുരുക്കുക എന്നതാണ് ചാൾസിന്റെ നയം. ഇതിന്റെ ഭാഗമായിട്ടാണ് ഹാരിയേയും മേഗനേയും പൂർണ്ണമായും ഒഴിവാക്കുന്നത്. മറ്റ് രാജകുടുംബാംഗങ്ങളേയും ശമ്പളത്തോടെയുള്ള ജോലികൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നുണ്ട്. അവരിൽ ചിലർക്കും രാജപദവികളും മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെട്ടേക്കാം.