- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
16 ഉം 17 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ; നാല് കൗമാരക്കാർ അറസ്റ്റിൽ; ഇലക്ട്രിക് സ്കൂട്ടറിൽ എത്തി മോഷണവും പിടിച്ചു പറിയും കത്തിക്കുത്തും നടത്തുന്നത് ലണ്ടനിൽ പതിവാകുന്നു
കോവിഡിന്റെ ഒന്നാം തരംഗം ആഞ്ഞടിക്കുന്ന വേളയിൽ ഒരു അന്താരാഷ്ട്ര സംഘടന നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നതുകൊറോണാനന്തര കാലഘട്ടം കുറ്റകൃത്യങ്ങൾ വർദ്ധിക്കും എന്നതായിരുന്നു. കലാപങ്ങളും കൊള്ളകൊള്ളിവയ്പുകളുമായി അശാന്തി നിറഞ്ഞ ഒരു ലോകമായിരിക്കും ഉണ്ടാവുക എന്നായിരുന്നു അവർ പ്രവചിച്ചത്. അത് യാഥാർത്ഥ്യമായി വരികയാണോ എന്ന ആശങ്കയുണർത്തുന്ന സംഭവങ്ങളാണ് ഇപ്പോൾ ലോകത്തിന്റെ പലഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. അതിൽ ഏവരേയും ഞെട്ടിച്ച ഒരു സംഭവമായിരുന്നു തെക്ക് കിഴക്കൻ ലണ്ടനിൽ നടന്നത്.
പട്ടാപകൽ നടുറോഡിൽ 16 ഉം 17 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളേയാണ് നാല് കൗമാരക്കാർ ചേർന്ന് കുത്തിമലർത്തിയത്. തെക്ക് കിഴക്കൻ ലണ്ടനിലെ ലാംബെത്തിലുള്ള ഒരു റോഡിൽ വൈകിട്ട് 4 മണിക്ക് ശേഷമായിരുന്നു സംഭവം നടന്നത്. കുത്തേറ്റ പെൺകുട്ടികൾ ഇരുവരും സുഹൃത്തുക്കളാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇതിൽ 17 വയസ്സുള്ള പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് പൊലീസ് അറിയിച്ചത്.
ഈ ആക്രമത്തിന് പുറകിലെന്ന് പൊലീസ് സംശയിക്കുന്ന 16 നും 17 നും ഇടയിൽ പ്രായമുള്ള നാല് ആൺകുട്ടികൾ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ രണ്ടുപേരെ സംഭവസ്ഥലത്തിന് അടുത്തുനിന്നു തന്നെ പിടികൂടുകയായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലായിരുന്നു മറ്റ് രണ്ട് പേരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവുമായി ബന്ധപ്പെട്ട ഫോട്ടോകളൊ വീഡിയോയോ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അത് നൽകണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം, ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുന്ന ഒരു സംഘത്തിന്റെ അക്രമസംഭവങ്ങൾ പെരുകിവരുന്നതായി റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നു. കൊള്ളയും, ദേഹോപദ്രവമേൽപ്പിക്കലും, വെടിവയ്‌പ്പും വരെ ഇവർ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ചിലയിടങ്ങളിൽ കടകൾ കുത്തിത്തുറന്നുള്ള മോഷണവും നടന്നിട്ടുണ്ട്. മയക്കുമരുന്ന് കച്ചവടവും പൊടിപൊടിക്കുകയാണത്രെ. മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടർ ഓടിച്ചുപോയ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇലക്ട്രിക് സ്‌കൂട്ടർ പ്രോത്സാഹിപ്പിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം മാത്രം ഇലക്ട്രിക് സ്‌കൂട്ടർ ഉൾപ്പെട്ട 120 കുറ്റകൃത്യങ്ങളാണ് നോർഫോക്കിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്‌കോട്ട്ലാൻഡ് യാർഡ് കഴിഞ്ഞവർഷം ഇത്തരത്തിലുള്ള 200 ഓളം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മേഴ്സിസൈഡിൽ നൂറിലധികം കുറ്റകൃത്യങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടർ ഉൾപ്പെട്ടിരുന്നു.
രാജ്യവ്യാപകമായി ഇലക്ട്രിക് സ്‌കൂട്ടറുകൾ നിയമവിധേയമാക്കുവാൻ ഉദ്ദേശിക്കുന്ന സമയത്താണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതുകൊണ്ടു തന്നെ ഇവ നിയമവിധേയമാക്കുവാനുള്ള നടപടികൾ റദ്ദ് ചെയ്യണമെന്ന ആവശ്യം ചില എം പിമാർ ഉന്നയിച്ചുകഴിഞ്ഞു. നിലവിൽ പലയിടങ്ങളിലും ഇവ നിയമവിധേയമല്ലെങ്കിലും ഒരു വ്യക്തിക്ക് അനായസമായി ഇവ ഷോപ്പുകളിൽ നിന്നോ ഓൺലൈനായോ വാങ്ങാം എന്ന സാഹചര്യമാണ് നിലവിലുള്ളത്.