- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈപ്പ് ലൈൻ വഴി പ്രാണവായു എത്തിക്കുന്ന 'പ്രാണ' പദ്ധതിയുമായി തൃശ്ശൂർ മെഡിക്കൽ കോളേജ്; 500 കട്ടിലുകളിൽ ഓക്‌സിജൻ നേരിട്ട് എത്തും
തൃശ്ശൂർ: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഓക്‌സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിക്കുന്നു എന്ന ഹൃദയം നുറുങ്ങുന്ന വാർത്തയാണ് കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. ഇതോടെ പേടിച്ചരണ്ട അവസ്ഥയിലാണ് കേരളത്തിലെ കോവിഡ് രോഗികളും എന്നാൽ കേരളത്തിന് ആവശ്യമായ ഓക്‌സിജൻ ഇപ്പോൾ ലഭ്യമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. കോവിഡ് രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈൻ വഴി ഓക്‌സിജൻ എത്തിക്കുന്ന 'പ്രാണ' പദ്ധതിക്ക് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ തുടക്കമായിരിക്കുകയാണ്.
സംസ്ഥാനത്താദ്യമായാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പൊതുജനപങ്കാളിത്തത്തോടെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പദ്ധതി പൂർത്തിയായത്. റുവാർഡുകളിൽ 500 കട്ടിലുകളിലാണ് പദ്ധതിവഴി ഓക്‌സിജൻ എത്തിക്കുന്നത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തന്നെയാണ് ഇത് വിഭാവനംചെയ്തത്. ഒരു കട്ടിലിൽ ഓക്‌സിജൻ എത്തിക്കാനുള്ള ചെലവ് 12,000 രൂപയാണ്. കോവിഡ് മുക്തരായവർ, ജീവനക്കാർ, ഡോക്ടർമാർ, ബിസിനസുകാർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പദ്ധതിയിൽ പങ്കാളികളായി.
കോവിഡ് ചികിത്സയുടെ തുടക്കത്തിൽ സിലിൻഡർ മുഖേനയാണ് ഇവിടെ ഓക്‌സിജൻ എത്തിച്ചിരുന്നത്. 'പ്രാണ' പദ്ധതി നടപ്പാക്കിയതുവഴി കോവിഡ് വാർഡിൽ വേഗം ഓക്‌സിജൻ ലഭ്യമാക്കാനായി. ഇപ്പോൾ മെഡിക്കൽ കോളേജ് പണംമുടക്കി വാങ്ങുന്ന ഓക്‌സിജനാണ് പദ്ധതിവഴി രോഗികൾക്ക് നൽകുന്നത്. ഒരു കട്ടിൽ സംഭാവന നൽകിയവർ മുതൽ ഒരു വാർഡ് മുഴുവൻ സജ്ജീകരിക്കാൻ പണം നൽകിയ സുരേഷ് ഗോപി എംപി. വരെ ഇതിലുണ്ട്. എട്ടുമാസത്തിനുള്ളിലാണ് പദ്ധതി യഥാർഥ്യമാക്കിയത്.
ഓക്‌സിജൻ നിർമ്മാണപ്ലാന്റിന്റെ പണി ഒരാഴ്ചയ്ക്കകം പൂർത്തിയാകും. ഇതോടെ ഓക്‌സിജൻ ഈ പ്‌ളാന്റിൽനിന്ന് ലഭ്യമാക്കും. കേന്ദ്രസർക്കാർ അനുവദിച്ച 1.5 കോടി ചെലവഴിച്ചാണ് പ്‌ളാന്റ് നിർമ്മിച്ചത്. ദിവസേന 250 യൂണിറ്റ് ഓക്‌സിജൻ ഉത്പാദിപ്പിക്കാനാകും. കൂടുതൽ രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നാലും ഓക്‌സിജൻ പ്‌ളാന്റും 'പ്രാണ' പദ്ധതിയും ആശ്വാസമേകും.