കൊച്ചി: അന്തരിച്ച വൈറ്റില ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി ശാന്തിമയാനന്ദ (63)യുടെ ഭൗതികശരീരം പച്ചാളം ശാന്തികവാടത്തിൽ സംസ്‌ക്കരിച്ചു. ഇന്നലെ ഉച്ചയ്ക്കു 12.44നായിരുന്നു വിയോഗം. ചിതാഭസ്മം ഇന്നു കാലടി ശ്രീരാമകൃഷ്ണമഠാധിപതിയുടെ നേതൃത്വത്തിൽ പെരിയാറ്റിൽ നിമജ്ജനം ചെയ്യും. കോവിഡ് അനുബന്ധ അസുഖങ്ങളെത്തുടർന്നു 13 മുതൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മാനദണ്ഡപ്രകാരമാണ് സംസ്‌ക്കാരം നടന്നത്.

മൂന്നു പതിറ്റാണ്ടിലേറെയായി ശ്രീരാമകൃഷ്ണ മഠവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്വാമി ശാന്തിമയാനന്ദ 2020 ഫെബ്രുവരിയിലാണു കൊച്ചിയിലെത്തിയത്. കൊച്ചി മഠാധിപതിയായിരുന്ന സ്വാമി ഭദ്രേശാനന്ദ ഫിജിയിലേക്കു സ്ഥലംമാറി പോയതോടെയാണ് അദ്ദേഹം ഇവിടെ മഠാധിപതിയായത്. ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രി മഠത്തിലെ സഹ മഠാധിപതിയായിരുന്നു. 3 പതിറ്റാണ്ടോളം ബെംഗളൂരു ശ്രീരാമകൃഷ്ണ മഠത്തിലായിരുന്നു പ്രവർത്തനം. ആന്ധ്രാപ്രദേശിലെ വിജയവാാഡയാണ് സ്വദേശം. 1997ൽ സന്യാസം സ്വീകരിച്ചു.