- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണ വൈറസ് വായുവിലൂടെ പകരുമൊ? വായുവിലെ വൈറസിനെ ചെറുക്കുന്നതെങ്ങനെ? കോവിഡിനെ പറ്റിയുള്ള പൊതുവായ സംശയങ്ങൾക്ക് മറുപടിയുമായി ഡോക്ടർമാർ
തിരുവനന്തപുരം: കൊറോണ വൈറസ് വായുവിലൂടെ പകരുമൊ? എന്നതാണ് പൊതുവെ എല്ലാവർക്കുമുള്ള ഒരു പ്രധാന സംശയം. കൊറോണ വൈറസ് വായുവിലൂടെ പകരുമെങ്കിൽ അത് എല്ലായിടത്തും ഉണ്ടാകില്ലേ? തുടങ്ങി കോവിഡിനെ പറ്റിയുള്ള പൊതുവായ സംശയങ്ങൾക്ക് മറുപടിയുമായി ഡോക്ടർമാർ.
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന ഗവേഷകരുടെ കണ്ടെത്തൽ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ആശങ്കപ്പെടുന്നതു പോലെ വൈറസ് വെറുതേ വായുവിലൂടെ പറന്നു നടക്കില്ല. വൈറസ് ബാധിതർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും ലക്ഷക്കണക്കിനു കണികകൾ പുറത്തേക്കു വരും. ഇതിൽ 10 മൈക്രോണിൽ കൂടുതൽ ഭാരമുള്ളവ നിലത്തു വീഴും. ഭാരം കുറഞ്ഞവ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. പരമാവധി 10 അടി ചുറ്റളവിൽ. അടച്ചിട്ട മുറികൾ, എസി മുറികൾ എന്നിവിടങ്ങളിൽ 3 4 മണിക്കൂർ വരെ ഈ കണങ്ങൾ തങ്ങിനിൽക്കുമെന്നാണു കണ്ടെത്തൽ. തുറസ്സായ സ്ഥലങ്ങളിൽ അധിക നേരം തങ്ങിനിൽക്കില്ല.
കണികകൾ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങളിൽ തൊട്ടശേഷം മുഖത്തോ മൂക്കിലോ സ്പർശിച്ചാൽ അതിലൂടെ കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കും. വൈറസ് ചർമത്തിലൂടെ അകത്തു കയറില്ല. അതിനാലാണ് കണ്ണിലും മൂക്കിലും അനാവശ്യമായി സ്പർശിക്കരുതെന്നും കൈകൾ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണമെന്നും പറയുന്നത്.
വായുവിലെ വൈറസിനെ ചെറുക്കുന്നതെങ്ങനെ?
രണ്ടു മാർഗങ്ങളേയുള്ളൂ, മാസ്‌ക്കും സാനിറ്റൈസറും. മറ്റുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമുള്ള കണങ്ങൾ മുഖത്തു പറ്റിപ്പിടിക്കാതിരിക്കാൻ കൃത്യമായി മാസ്‌ക് ധരിച്ചാൽ മതി. കണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങൾ നമുക്കു തിരിച്ചറിയാനാവില്ല. അതിനാൽ നിരന്തരം കൈകൾ ശുചിയാക്കണം. അടച്ചിട്ട, ശീതീകരിച്ച മുറികളിൽ ഒത്തുചേരാതിരിക്കുക.
മാസ്‌ക് ഉയർത്തി തുമ്മുമ്പോൾ
പൊതുസ്ഥലത്തു തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മിക്കവരും താഴ്‌ത്തുന്നതാണു പതിവ്. മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന കണങ്ങൾ മാസ്‌കിൽ പറ്റുമെന്നതു കൊണ്ടും മാറ്റി ഉപയോഗിക്കാൻ വേറെ മാസ്‌ക് കൈവശമില്ല എന്നതു കൊണ്ടുമാണിത്. പക്ഷേ, ഇതുണ്ടാക്കുന്നതു വലിയ വിപത്താണ്. അതിനാൽ വീടിനു പുറത്തു യാത്ര ചെയ്യുമ്പോൾ എല്ലാവരും അധിക മാസ്‌ക് കൈവശം കരുതണം.
കോവിഡ് പൊതുവായ സംശയങ്ങളും മറുപടിയും
- 2 ഡോസ് വാക്‌സീനുമെടുത്ത ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കും കോവിഡ് വരുന്നുണ്ടല്ലോ?
വാക്‌സീൻ സ്വീകരിച്ചു കഴിഞ്ഞാൽ 7080% വരെ രോഗസാധ്യത കുറയും. അപ്പോഴും 30% വരെ സാധ്യത നിലനിൽക്കുന്നു. പക്ഷേ, ഗുരുതരമായ രോഗസാധ്യത 95% വരെയും മരണസാധ്യത 99.9% വരെയും ഇല്ലാതാകും.
- വാക്‌സീൻ എടുത്ത ശേഷവും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടോ?
തീർച്ചയായും വേണം. ജാഗ്രത കുറഞ്ഞാൽ വീണ്ടും രോഗ സാധ്യതയുണ്ട്. മറ്റുള്ളവർക്കു രോഗം പരത്താതിരിക്കാനും മുൻ കരുതലുകൾ വേണം.
- വാക്‌സീൻ എടുത്തവർ രക്തദാനം ചെയ്യാൻ തടസ്സമുണ്ടോ?
വാക്‌സീൻ എടുത്ത് 28 ദിവസത്തിനു ശേഷം രക്തദാനം ചെയ്യാം.
- ഒന്നാമത്തെ ഡോസ് എടുത്ത ശേഷം കോവിഡ് വന്നവർ രണ്ടാമത്തെ ഡോസ് സ്വീകരിക്കണോ ?
തീർച്ചയായും രണ്ടാമത്തെ ഡോസ് എടുക്കണം. കോവിഡ് നെഗറ്റീവ് ആയി 28 ദിവസത്തിനു ശേഷമാണ് അടുത്ത ഡോസ് എടുക്കേണ്ടത്.
- ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും വാക്‌സീൻ എടുക്കാമോ?
ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും വാക്‌സീൻ നൽകില്ല. ആർത്തവസമയത്ത് വാക്‌സീൻ എടുക്കുന്നതിൽ തടസ്സമില്ല.