കൊച്ചി: പെട്രോളിയം പമ്പ് നടത്തുന്നവരാണ് എന്ന വസ്തുത മറച്ചുവച്ചു ഹൈക്കോടതിയിൽ ഹർജി നൽകിയ കൊല്ലം സ്വദേശികൾക്കു കോടതി 25,000 രൂപ വീതം പിഴ ചുമത്തി. പെട്രോൾ പമ്പ് അനുമതി സംബന്ധിച്ച വിഷയത്തിലാണ് പമ്പ് ഉടമകളെന്ന വിവരം മറച്ചു വെച്ച് ഇരുവരും ഹർജി നൽകിയത്. കോടതി ഇത് കണ്ടു പിടിച്ചതോടെ ചോദ്യം ചെയ്യുകയും പിഴയിടുകയും ആയിരുന്നു.

ശൂരനാട് സ്വദേശികളായ വൈ.അഷ്‌റഫ്, എം.എസ്.ജയചന്ദ്രൻ എന്നിവർക്കാണു പിഴ വിധിച്ചത്. കൊല്ലം പോരുവഴിയിൽ ദേശീയപാത 183നോടു ചേർന്നു പെട്രോൾ പമ്പിനു നൽകിയ അനുമതി, എൻഒസി എന്നിവ സംബന്ധിച്ചു ഹർജി നൽകിയതിനാണ് കോടതിയുടെ പിഴ. പെട്രോൾ പമ്പിന് അനുമതി തേടിയ നാരായ എനർജി ലിമിറ്റഡിനു തുക നൽകാനാണു ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ ഉത്തരവിട്ടത്. ഇരുവരുടെയും ഹർജി തള്ളിയ കോടതി ഒരുമാസത്തിനകം തുക കോടതിയിൽ നിക്ഷേപിക്കാൻ നിർദ്ദേശം നൽകി.

പമ്പ് നടത്തുന്നുണ്ടോയെന്നു കോടതി ചോദിച്ചപ്പോഴാണ് ഇരുവരും സമ്മതിച്ചത്. വാണിജ്യ താൽപര്യം സംരക്ഷിക്കാനായി ഹർജിക്കാർ എന്ന വ്യാജവേഷം കെട്ടുകയായിരുന്നെന്നു കോടതി പറഞ്ഞു. കോടതിയുടെ അധികാരം ദുരുപയോഗം ചെയ്യുന്നതു ഗൗരവ വിഷയമാണ്. ഫലവത്തായ നീതി നിർവഹണ സംവിധാനം ഇല്ലാതാക്കുമെന്നതിനാൽ ഇത്തരം പരാതിക്കാരെ അനുവദിക്കാനാവില്ല. ഭാവിയിൽ ഇത്തരം ശ്രമങ്ങൾ തടയാൻ പിഴ ചുമത്തുകയാണ്. പൊതുതാൽപര്യം കരുതിയല്ല ഹർജി നൽകിയത്.

നാരായ എനർജി ലിമിറ്റഡിനു 2019 ഓഗസ്റ്റ് ഒന്നിനു കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നൽകിയ അനുമതി മന്ത്രാലയത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചുള്ളതാണെന്ന് അഷ്‌റഫിന്റെ ഹർജിയിൽ പറഞ്ഞിരുന്നു. മൂന്നര മീറ്ററിലേറെ വീതിയുള്ള 2 റോഡുകൾ 300 മീറ്ററിനുള്ളിൽ പമ്പ് സൈറ്റിനു സമീപത്തുകൂടി കടന്നുപോകുന്നുണ്ടെന്നും കേന്ദ്രമന്ത്രാലയത്തിന്റെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നും ഹർജിയിലുണ്ടായിരുന്നു. പമ്പ് സ്ഥാപിക്കാനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയതു ചോദ്യം ചെയ്താണു ജയചന്ദ്രൻ ഹർജി നൽകിയത്.

എന്നാൽ റോഡുകളുടെ വീതി മൂന്നര മീറ്ററിലേറെയാണെന്ന വാദം കോടതി തള്ളി. റോഡിന്റെ ഇരുവശത്തുമുള്ള കോൺക്രീറ്റ് ഭാഗം വാഹന ഗതാഗതത്തിനുള്ളതല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.