മുത്തച്ഛന്റെ അന്ത്യകർമ്മങ്ങൾക്കെത്തിയ ഹാരിയോട് രാജകുടുംബാംഗങ്ങൾ സ്വീകരിച്ച തണുപ്പൻ സമീപനം ഹാരിയെ ഞെട്ടിച്ചിരിക്കുകയാണെന്ന് രാജകൊട്ടാരത്തിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ പറയുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടനിലേക്ക് ഇനി ഹാരി വരാനുള്ള സാധ്യത തീരെ കുറവാണെന്നും ഇവർ പറയുന്നു. അമ്മ ഡയാന രാജകുമാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് ഇനി ഹാരി വരുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ. ഇനി അതുണ്ടാകില്ലെന്ന്നാണ് ഇവർ പറയുന്നത്.

അനാച്ഛാദന ചടങ്ങിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനം നല്ലൊരു കാരണമായി ഹാരി ചൂണ്ടിക്കാട്ടുമെന്നാണ് രാജകൊട്ടാരത്തിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന റസ്സൽ മെയേഴ്സ് പറയുന്നത്. ഇനിയൊരിക്കൽ കൂടി തന്റെ കുടുംബത്തിനെ അഭിമുഖീകരിക്കാൻ ഹാരി ഇഷ്ടപ്പെടുന്നില്ലത്രെ.ഡയാന രാജകുമാരിയുടെ ഇരുപതാം ചരമവർഷത്തിൽ, അവർ ബ്രിട്ടന് നൽകിയ സംഭാവനകളുടെ ഓർമ്മയ്ക്കായാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. രാജകുമാരിയുടെ അറുപതാം ജന്മദിനമായ 2021 ജൂലായ് 1 ന് കെൻസിങ്സ്റ്റൺ പാലസിലെ സൻകൻ ഗാർഡനിലാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്.

ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഹാരി തീർത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു എന്നാണ് റേഡിയോ അവതാരകനായ കെവിൻ ഒ സള്ളിവൻ പറയുന്നത്. രാജകുടുംബം പൊതുവേ ഒരു തണുപ്പൻ സമീപനം സ്വീകരിച്ചപ്പോൾ, ബന്ധുക്കളിൽ ചിലർ ഹാരിയോട് സംസാരിക്കാൻ പോലും വിമുഖത കാണിച്ചു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹാരി ഇപ്പോഴും ഔദ്യോഗികമായി പരിപാടിയിൽ പങ്കെടുക്കുന്നത് റദ്ദാക്കിയിട്ടില്ലെന്നും, ഹാരി വരികയാണെങ്കിൽ വില്യമും കെയ്റ്റും തീർച്ചയായും ഹാരിയെ സ്വാഗതം ചെയ്യും എന്നുമാണ് റസ്സൽ മെയേഴ്സ് പറഞ്ഞത്.

എന്നാൽ, നിലവിലെ സഹചര്യത്തിൽ ഹാരി വരാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അത് ഉറപ്പിച്ചു പറയാനാവില്ല. വരുന്ന നാളുകളിലെ സംഭവവികാസങ്ങൾ ഒരുപക്ഷെ സാഹചര്യം മാറ്റിമറിച്ചേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജകുമാരിയുടെ 20-)0 വാർഷികദിനത്തിൽ രണ്ടുവർഷം മുൻപാണ് സഹോദരന്മാർ ഇരുവരും ചേർന്ന് അമ്മയുടെ പ്രതിമ സ്ഥാപിക്കുന്ന കാര്യം പ്രസ്താവിച്ചത്. പ്രശസ്തശില്പിയായ ഇയാൻ റാങ്ക്- ബ്രോഡ്ലിക്കാണ് ഇതിന്റെ നിർമ്മാണ ചുമതല. 1998- മുതലുള്ള എല്ലാ ബ്രിട്ടീഷ്- കോമൺവെൽത്ത് കോയിനുകളും രൂപകല്പന ചെയ്തിട്ടുള്ളത് ഇദ്ദേഹമാണ്. 2012-ൽ എലിസബത്ത് രാജ്ഞിയുടെ രജതജൂബിൽ അനുബന്ധിച്ചും അദ്ദേഹം ഒരു പ്രത്യേക കോയിൻ രൂപകല്പന ചെയ്തിരുന്നു.

എലിസബത്ത് രാജ്ഞിയുടെ മൂത്തമകൾ ആന്നി രാജകുമാരിയുടെ പുത്രി സാറാ ടിൻഡലും ഭർത്താവ് മൈക്ക് ടിൻഡലും മാസങ്ങൾക്ക് മുൻപ് തന്നെ സഹോദരന്മാർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞുതീർത്ത് ഊഷ്മളമായ ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഓപ്ര വിൻഫ്രിയുടെ വിവാദ അഭിമുഖത്തിനു ശേഷം ആ ശ്രമം അതുവരെ നേടിയതെല്ലാം ഇല്ലാതെയായി എന്നും റസ്സൽ പറയുന്നു.