പ്രിൽ മാസത്തിൽ മൂന്നാം തവണയും പ്രതിദിന മരണസംഖ്യ ഒറ്റയക്കത്തിൽ നിർത്തി കൊറോണക്കെതിരെ ബ്രിട്ടന്റെ കുതിപ്പ് തുടരുകയാണ്. ഇന്നലെ രേഖപ്പെടുത്തിയത് വെറും ആറ് കോവിഡ് മരണങ്ങൾ മാത്രം. അതേസമയം, പ്രതിദിന രോഗവ്യാപനതോത് കഴിഞ്ഞയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 33 ശതമാനം കുറഞ്ഞ് 2,064 -ൽ എത്തി. അതേസമയം ബ്രിട്ടനിൽ ആകമാനം 12.9 മില്ല്യൺ ആളുകൾക്ക് വാക്സിന്റെ രണ്ടു ഡോസുകളും ലഭിച്ചുകഴിഞ്ഞിരിക്കുന്നു. 33.7 ദശലക്ഷം പേർക്ക് വാക്സിന്റെ അദ്യ ഡോസും ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്‌ച്ച 4 മരണങ്ങൾ മാത്രം രേഖപ്പെടുത്തിയപ്പോൾ ഏപ്രിൽ ഏഴാം തീയതി 7 മരണങ്ങൾ രേഖപ്പെടുത്തി. ഇന്നലെ മൂന്നാം തവണയാണ് പ്രതിദിന മരണസംഖ്യ ഈ മാസത്തിൽ ഒറ്റയക്കത്തിൽ എത്തുന്നത്.

കോവിഡിന്റെ രണ്ടാം വരവ് തുടങ്ങുന്നതിനു മുൻപ് സെപ്റ്റംബറിലായിരുന്നു ഇതുപോലെ മരണസംഖ്യ ഒറ്റയക്കത്തിൽ എത്തിയത്. അതുപോലെ, ഈ മാസം 12 ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ രോഗവ്യാപനത്തിന് ശക്തിപകരാൻ കാരണമായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എളുപ്പത്തിലാക്കണമെന്ന ആവശ്യത്തിന് ശക്തി കൂടുകയാണ്. പബ്ബുകളിലും റെസ്റ്റോറന്റുകളിലും ഇൻഡോർ ഡൈനിങ് അനുവദിക്കണമെന്നതും വിദേശയാത്രകൾക്ക് അനുമതി നൽകണമെന്നതുമാണ് പ്രധാന ആവശ്യങ്ങൾ. അതേസമയം. ഇനിയൊരു ലോക്ക്ഡൗൺ ഉണ്ടാകാതിരിക്കാൻ ബ്രിട്ടനിലെ യുവാക്കൾ മുഴുവൻ വാക്സിൻ എടുക്കണമെന്ന ആഹ്വാനവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, വാക്സിനേഷൻ പദ്ധതിയിൽ തങ്ങളേ ഏറെ പിന്നിലേക്ക് തള്ളിയ അസ്ട്രാസെനെകയുടെ കരാർ ലംഘനത്തിനെതിരെ നിയമനടപടികൾക്ക് മുതിരുകയാണ് യൂറോപ്യൻ യൂണിയൻ. വാക്സിൻ പദ്ധതി വേണ്ട വിധത്തിൽ മുന്നോട്ട് കോണ്ടുപോകാൻ കഴിയാത്തതിൽ യൂറോപ്യൻ യൂണിയനിലെ മിക്ക അംഗരാജ്യങ്ങളിലും കടുത്ത ജനരോഷം ഉയർനിട്ടുണ്ട്. ഇതിന് ഒരു ശമനം ഉണ്ടാക്കാനുള്ള പോംവഴിയാണ് നിയമ നടപടികൾ എന്നും സംസാരം ഉയരുന്നുണ്ട്.

അതേസമയം ബ്രിട്ടനിലെ 380 ലോക്കൽ അഥോറിറ്റികളിൽ 205 എണ്ണത്തിൽ വ്യാപനതോത് 1 ലക്ഷം പേരിൽ 20 രോഗികളിൽ താഴെ എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ഏപ്രിൽ 21 ലെ കണക്ക് പ്രകാരമാണിത്. ഷെറ്റ്ലാൻഡ് ഐലൻഡ്സ്, കോംഹെയർലെ, മാൽഡോൺ എന്നീ കൗൺസിൽ പ്രദേശങ്ങളിൽ കഴിഞ്ഞ ഏഴ് ദിവസമായി ഒരു പുതിയ കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ ബ്രിട്ടനിൽ ഏറ്റവുമധികം രോഗവ്യാപന തോതുള്ളത് നോർത്തേൺ അയർലൻഡിലെ ഡെറി നഗരത്തിലാണ്.

1 ലക്ഷം പേരിൽ 109.1 രോഗികൾ എന്നതാണ് ഇവിടത്തെ കണക്ക്.നോർത്ത് യോർക്ക്ഷയർ 1 ലക്ഷം പേരിൽ 80 രോഗികളുമായി രണ്ടാം സ്ഥാനത്തും 69.8 രോഗികലുമായി സ്‌കോട്ട്ലാൻഡിലെ ക്ലാക്ക്മാൻഷയർ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.