ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു നേർത്ത നൂലിലൂടെ സഞ്ചരിക്കുകയാണ് ഇന്ന് ഇന്ത്യ. ആദ്യവരവിനെ കാര്യക്ഷമമായി നേരിട്ട ഇന്ത്യയ്ക്ക് പക്ഷെ കൊറോണയുടെ രണ്ടാം വരവ് കടുത്ത വെല്ലുവിളിയാവുകയാണ്. ഏതുനേരവും എത്താമെന്ന് ഉറപ്പുള്ള രണ്ടാം വരവിനെ പ്രതിരോധിക്കാൻ ആവശ്യമായ സമയമുണ്ടായിട്ടും ഇന്ത്യ അക്കാര്യത്തിൽ ഒന്നും ചെയ്തില്ല എന്ന് ആരോപണം പല കോണുകളിൽ നിന്നായി ഉയരുമ്പോഴും ഇന്ത്യയിലെ കണ്ണുനീർ കഥകൾ നാടാകെ വിളമ്പുകയാണ് വിദേശ മാധ്യമങ്ങൾ.

ആശുപത്രി കിടക്കകളും ആംബുലൻസും എന്തിനധികം, പ്രാണവായുപോലും ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്നാണ് ബ്രിട്ടനിലെ ഒരു പ്രമുഖ പത്രം റിപ്പൊർട്ട് ചെയ്യുന്നത്. ആംബുലൻസ് സേവനം ലഭ്യമാകാതിരുന്നതിനെ തുടർന്ന് സ്വന്തം മകന്റെ മരണം ഒരു റിക്ഷയിലേറ്റി കൊണ്ടുപോകുന്ന ഒരു അമ്മയുടെ ചിത്രം പങ്കുവച്ചാണ് ഇന്ത്യയുടെ ദുരന്തകഥ ഈ മാധ്യമം വായനക്കാരുമായി പങ്കിട്ടത്. അതേസമയം, ആശുപത്രികളിൽ സ്ഥലം ഇല്ലാതെ ആയതോടെ പലർക്കും വീടുകളിൽ തന്നെ ചികിത്സയൊരുക്കേണ്ട ഗതികേടിലായിരിക്കുകയാണ്.

ഓക്സിജൻ ഉൾപ്പടെയുള്ള അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾക്കും മരുന്നുകൾക്കുമായി രോഗികളുടെ ബന്ധുക്കൾ നാലുപാടും ഓടുകയാണ്. ഇന്നലെ 3,52,991 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 2,812 മരണങ്ങളാണ് 24 മണിക്കൂർ ഇടവേളയിൽ രേഖപ്പെടുത്തിയത്. തുടർച്ചയായി അഞ്ചാം ദിവസമാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗവ്യാപനതോത് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദുരന്തവും പണമുണ്ടാക്കാനുള്ള അവസരമായി എടുത്തവർ ഇന്ത്യയിൽ വർദ്ധിക്കുന്നു എന്ന് മറ്റൊരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

സാധാരണ നിലയിൽ 6,000 രൂപ വരെ വിലവരുന്ന ഓക്സിജൻ സിലിണ്ടർ 50,000 രൂപയ്ക്ക് വരെ വിറ്റുപോകുന്നു എന്നാണ് ഈ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും ദുരിതപൂർണ്ണമായ അവസ്ഥയിൽ പലരും ഓക്സിജൻ ലഭിക്കാതെ ശ്വാസം മുട്ടി മരിക്കുന്നതായും ഇവർ റിപ്പോർട്ട് ചെയ്യുന്നു. മതിയായ ചികിത്സ ലഭിക്കാതെ, ദുരിതങ്ങൾ അനുഭവിക്കാൻ കെല്പില്ലാതെ ആശുപത്രി കെട്ടിടങ്ങളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നവരും ഉണ്ടെന്ന് ഈ മാധ്യമം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കൂടുതൽ മാരകമായ രണ്ടാം വരവിനെ നിയന്ത്രിക്കുന്നതിൽ സഹായിക്കുവാനും, ഇന്ത്യയുടെ തകരുന്ന ആരോഗ്യ രംഗത്തെ താങ്ങി നിർത്തുവാനും സൈന്യത്തെ കളത്തിലിറക്കാൻ ഇന്ത്യൻ സർക്കാർ ആലോചിക്കുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റായ്ഗഢിൽ നിന്നും 64.55 ടൺ ഓക്സിജൻ വഹിച്ചുകൊണ്ട് ഓക്സിജൻ എക്സ്പ്രസ്സ് എന്ന് വിളിക്കുന്ന ട്രെയിൻ ഡൽഹിയിലേക്ക് യാത്രതിരിച്ചതായും ഇവർ പറയുന്നുണ്ട്.

ഏപ്രിൽ 10 നും ഏപ്രിൽ 24 നും ഇടയിൽ 1,777 മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡൽഹിക്ക് ഈ ട്രെയിൻ എത്തിച്ചേർന്നാൽ, ഓക്സിജൻ ക്ഷാമത്തിൽ നിന്നും ഒരല്പം മുക്തിലഭിക്കും.