ന്ത്യൻ വിമാനകമ്പനിയായ വിസ്താരയുടെ ഡൽഹിയിൽ നിന്നും ഹോങ്കോംഗിലേക്കുള്ള വിമാനത്തിൽ പറന്നിറങ്ങിയത് 52 കോവിഡ് രോഗികൾ. ഇത്രയധികം രോഗികൾക്ക് പ്രതിദിനം രോഗം സ്ഥിരീകരിക്കാത്ത സാഹചര്യമാണ് ഇപ്പോൾ ഹോങ്കോംഗിലുള്ളത്. അവിടേക്ക് ഒരു വിമാനത്തിൽ അമ്പത്തിരണ്ടോളം രോഗികൾ പറന്നെത്തിയത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ഇവരെല്ലാവരും യാത്ര തുടങ്ങുന്നതിനു മുൻപേ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചവരാണ് എന്നതാണ് മറ്റൊരു വസ്തുത. ഏപ്രിൽ 4 നാണ് ഈ വിമാനം ഹോങ്കോംഗിലെത്തിയതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവരുന്നത്.

ജനുവരിയോടെ തന്നെ കോവിഡിന്റെ നാലാം തരംഗത്തെയും നിയന്ത്രണവിധേയമാക്കിയ ഹോങ്കോംഗിൽ, വിമാനത്തിൽ ഉണ്ടായിരുന്ന ത്ര രോഗികൾ ഓരോ ദിവസവും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ, ഇന്ത്യയിലാകട്ടെ കൊറോണയുടെ താണ്ഡവത്തിൽ ആരോഗ്യരംഗം തകർച്ചയുടെ വക്കിൽ എത്തിനിൽക്കുകയാണ്. പ്രതിദിനം 2800 പേർ വരെയാണ് മരണപ്പെടുന്നത്. പ്രതിദിന രോഗബാധിതരുടെ എണ്ണം 3 ലക്ഷം കവിഞ്ഞിരിക്കുന്നു.

വിമാനത്തിന്റെ കപ്പാസിറ്റി അനുസരിച്ച് അതിൽ 188 യാത്രക്കാർ ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ, എത്രപേർ വിമാനത്തിൽ ഉണ്ടായിരുന്നു എന്ന കാര്യം ഹോങ്കോംഗ് അധികൃതർ പുറത്തുവിട്ടിട്ടില്ല. വിമാനത്തിലെ ആധുനിക വെന്റിലേഷൻ സമ്പ്രദായങ്ങൾ വിമാനത്തിനുള്ളിൽ രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നുണ്ട് എന്നാണ് വിദഗ്ദർ പറയുന്നത്. എന്നാൽ, ഇവിടെ സംഭവിച്ചിരിക്കുന്ന രോഗ വ്യാപനത്തിന് പ്രധാനമായും നാലുകാരണങ്ങളാണ് വിദഗ്ദർ പറയുന്നത്.

യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപുള്ള പരിശോധന റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. യാത്രക്കാരിൽ ഒരാൾക്ക് ഈ പരിശോധന നടത്തിയതിനു ശേഷം രോഗം ബാധിച്ചിരിക്കാം. ഇതൊരു കാരണമാണ്. അതല്ലെങ്കിൽ, അമിത സമ്മർദ്ദത്തിലായിരിക്കുന്ന ഇന്ത്യയുടെ ആരോഗ്യ മേഖലക്ക് കൃത്യമായ ഒരു പരിശോധന റിപ്പോർട്ട് നൽകാൻ കഴിയാതെ വന്നതാകാം. അതല്ലെങ്കിൽ, ചില യാത്രക്കാർ വ്യാജ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടാകാം.

ഹോങ്കോംഗിലെത്തിയതിനു ശേഷം ഇവർ നിയമാനുസൃതമായ ഹോട്ടൽ ക്വാറന്റൈന് വിധേയരാകുമ്പോഴായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഒരുപക്ഷെ ഇവർക്ക് ഈ ഹോട്ടലിൽ നിന്നും രോഗം പിടിപെട്ടിർക്കാം എന്നതാണ് മൂന്നാമത്തെ കാരണം. നാലമത്തെ കാരണമായി പറയുന്നത്, യാത്രക്കരിലൊരാൾക്ക് അതിവ്യാപന ശേഷിയുള്ള ഇനം കൊറോണയുടെ ബാധ ഉണ്ടായിരിക്കാം എന്നാണ്.

വിമാനത്തിനുള്ളിൽ വച്ചു തന്നെ ഇത് അതിവേഗം മറ്റുള്ളവരിലേക്ക് പടർന്നിരിക്കാം. വിദേശത്തുനിന്നും ഹോങ്കോംഗിലെത്തുന്നവർക്ക് മൂന്നാഴ്‌ച്ചത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണ് ഇതിനിടയിൽ നടത്തിയ പരിശോധനയിലാണ് 52 പേർക്ക് രോഗം സ്ഥിരീകരിച്ചത്.