- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മിഞ്ഞ പാലിന്റെ മാധുര്യം നുണയും മുന്നേ അമ്മയെ കോവിഡ് കൊണ്ടു പോയി; ആറ്റുനോറ്റുണ്ടായ പൊന്നോമനയെ തനിച്ചാക്കി മെറിൻ യാത്രയായത് കുഞ്ഞ് ജനിച്ച് അഞ്ചാം നാൾ: പ്രസവിച്ചയുടൻ കുഞ്ഞിനെ കണ്ട മെറിൻ യാത്രയായത് രണ്ടമതൊരു നോക്കു കുടി കാണാൻ ഭാഗ്യം ലഭിക്കും മുന്നേ
കോട്ടയം: ആറ്റുനോറ്റുണ്ടായ കൺമണിയെ കൺനിറയെ കാണും മുന്നേ മെറിനെ കോവിഡ് കൊണ്ടു പോയി. അമ്മിഞ്ഞ പാലിന്റെ മാധുര്യം നുണയും മുന്നേ അമ്മ യാത്രയായപ്പോൾ കണ്ടു നിൽ്കകുന്നവർക്കെല്ലാം നൊമ്പരമാവുകയാണ് ആ പിഞ്ചു കുഞ്ഞ്. ജനിച്ച് അഞ്ചാം നാളാണ് അവന്റെ അമ്മയെ കോവിഡ് തട്ടിയെടുത്തത്. ബന്ധുക്കളുടെ സ്‌നേഹ വാത്സല്യത്തിന് നടുവിൽ ചിരിച്ചും കരഞ്ഞും അമ്മയുടെ ചൂട് പറ്റാതെ ഉറങ്ങിയും കഴിയുമ്പോൾ കണ്ണീർ പൊഴിക്കുകയാണ് ഒരു കുടുംബം. അതിരമ്പുഴ പഞ്ചായത്ത് സിഡിഎസ് അക്കൗണ്ടന്റ് മെറിൻ മാത്യു(36) വിന്റെ നവജാത ശിശുവാണ് കോവിഡ് മഹാമാരിയുടെ ജീവിക്കുന്ന നൊമ്പരമാകുന്നത്.
കുഞ്ഞിന് ജന്മം നൽകി അഞ്ചാം നാളാണ് മെറിൻ കോവിഡ് ബാധിതയായി മരണമടഞ്ഞു. ഗാന്ധിനഗർ മുടിയൂർക്കര പ്ലാപ്പറമ്പിൽ പ്രസാദ് പി.ഏബ്രഹാമാണ് ഭർത്താവ്. കോവിഡ് ബാധിച്ചതിനാൽ ജനിച്ചയുടൻ ഒരു നോക്ക് മാത്രമാണ് മെറിന് തന്റെ കുഞ്ഞിനെ കാണാൻ ഭാഗ്യമുണ്ടായത്. രണ്ടാമത് ഒരു നോക്ക് കാണും മുന്നേ കോവിഡ് മെറിനെ കൊണ്ടു പോയി. അസുഖം മാറി തന്റെ കുഞ്ഞിനെ മാറോടണക്കാൻ കാത്തിരിക്കവെ മെറിൻ പൊലിഞ്ഞപ്പോൾ തേങ്ങിക്കരയുകയാണ് ഭർത്താവ് പ്രസാദ്.
എട്ട് മാസം ഗർഭിണിയായിരുന്ന മെറിൻ കഴിഞ്ഞ 20നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ആന്റിജൻ പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ച മെറിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അന്ന് രാത്രി മെറിൻ ആൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞ് കോവിഡ് നെഗറ്റീവ് ആയതിനാൽ മെറിനെ ഒരു തവണ കാണിച്ച ശേഷം കുട്ടിയെ അച്ഛൻ പ്രസാദിന്റെ സഹോദരൻ പ്രിൻസിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
25നു രാത്രി രണ്ടാമത് ഒന്നു കൂടി കുട്ടിയെ കാണാതെ മെറിൻ മരണത്തിനു കീഴടങ്ങി. വീട്ടിൽ പ്രിൻസിന്റെ മക്കൾക്ക് ഒപ്പമാണ് ആൺകുട്ടി ഇപ്പോൾ കഴിയുന്നത്. പേര് ഇട്ടിട്ടില്ല. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നു പ്രിൻസ് പറഞ്ഞു. 15ാം ദിവസം കുട്ടിയെ ആശുപത്രിയിൽ കാണിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പാല് നൽകുന്നുണ്ട്. കുട്ടി അത് കുടിക്കുന്നുമുണ്ട്. മുലപ്പാൽ നുണയാൻ കോവിഡ് അനുവദിക്കാത്ത പിഞ്ചു കുഞ്ഞ് വീട്ടുകാർക്കും നാട്ടുകാർക്കും നൊമ്പരമാണ്. എന്നാൽ അവന്റെ ചിരി പ്രതീക്ഷയും.
മറുനാടന് മലയാളി ബ്യൂറോ