സുവ: ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ഫിജിയിലും കണ്ടെത്തി. ചൊവ്വാഴ്ചയാണു രാജ്യത്ത് ഇന്ത്യൻ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതിതീവ്ര വൈറസിനെ കണ്ടെത്തിയതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് തെക്കൻ ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജി. വരാനിരിക്കുന്നതു കോവിഡ് തരംഗമല്ല സൂനാമിയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

പുതിയതായി ആറു കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ സെക്രട്ടറി ജെയിംസ് ഫോങ് അറിയിച്ചു. അതിതീവ്ര വ്യാപപന ശേഷിയുള്ള ജനിതകമാറ്റം വന്ന ഇന്ത്യൻ വകഭേദമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ സാഹചര്യങ്ങൾ വീക്ഷിക്കുമ്പോൾ ഈ വകഭേദത്തെ നിസ്സാരമായി കാണാൻ കഴിയില്ല. ഫിജി ഭയന്നിരുന്ന പേടിസ്വപ്നം യാഥാർഥ്യമാകുന്നത് അനുവദിക്കാനാകില്ലെന്നും രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യവേ ഫോങ് പറഞ്ഞു. രാജ്യതലസ്ഥാനമായ സുവ അടിച്ചിട്ടിരിക്കുകയാണ്.

രണ്ടാം കോവിഡ് തരംഗമുള്ള ഇന്ത്യയിൽ നിലവിൽ ഏറ്റവും പ്രബലമായതു ജനിതക വ്യതിയാനം വന്ന വൈറസാണെന്നു പഠനങ്ങൾ കണ്ടെത്തിയിരുന്നു. അതിർത്തിയിലെ കർശന നിയന്ത്രണങ്ങളും സമയബന്ധിതമായി പ്രോട്ടോക്കോൾ നടപ്പാക്കിയും കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച രാജ്യമാണു ഫിജി. സഞ്ചാരികൾക്കടക്കം ഇവിടെ കർശന നിയന്ത്രണമുണ്ട്. തലസ്ഥാനമായ സുവയിൽ 14 ദിവസത്തേക്ക് ഇവിടെ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളായ നദി, ലൗടുക എന്നിവിടങ്ങളിലും ലോക്ഡൗണാണ്. 'സമയം വൈകിയിട്ടില്ല. ഇനിയും പ്രതിരോധം തീർക്കാൻ നേരമുണ്ട്. ചെറിയ പിഴവ് മതി കാര്യങ്ങൾ തകിടം മറിയാൻ. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും അമേരിക്കയും ആഞ്ഞടിക്കുന്ന കോവിഡ് സൂനാമി ഫിജിയിലും സംഭവിക്കും' ജെയിംസ് ഫോങ് പറഞ്ഞു. 9,30,000 ആളുകൾ താമസിക്കുന്ന ഫിജിയിൽ 109 കേസുകളും രണ്ട് മരണവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

42 സജീവ കേസുകൾ മാത്രമാണു രാജ്യത്തുള്ളത്. രോഗബാധിതരായവരിൽ 18 പേർ മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. അഞ്ഞൂറോളം ആളുകൾ പങ്കെടുത്ത ശവസംസ്‌കാര ചടങ്ങിൽ കോവിഡ് ബാധിത വന്നതാണു രോഗവ്യാപനത്തിനു വേഗം കൂട്ടിയത്. സൈനികനായ ഭർത്താവിൽനിന്നാണ് ഇവർക്കു രോഗം പകർന്നത്. വിദേശങ്ങളിൽനിന്ന് എത്തിയ സൈനികർ കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറത്തിയതാണു രാജ്യം കുഴപ്പത്തിലാകാൻ കാരണമെന്നു ഫോങ് പറഞ്ഞു. സംഭവത്തെപ്പറ്റി സൈന്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.