- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൊട്ടോഗ്രഫർ, നടൻ, സിനിമ പിആർഒ, മാധ്യമപ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച മഹാൻ; മുപ്പതിലേറെ സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവഹിച്ച വ്യക്തി: അന്തരിച്ച ഹരി നീണ്ടകരയുടെ സംസ്‌ക്കാരം ഇന്ന് രവിപുരം വൈദ്യുത ശ്മശാനത്തിൽ: ആദരാഞ്ജലികളുമായി സിനിമാ ലോകം
കൊച്ചി: നിശ്ചല ഛായാഗ്രഹണത്തിൽ മലയാള സിനിമയിൽ ശ്രദ്ധേയനായ ഹരി നീണ്ടകര (79) യുടെ സംസ്‌ക്കാരം ഇന്ന് രവിപുരം വൈദ്യുത ശ്മശാനത്തിൽ നടക്കും. ഫൊട്ടോഗ്രഫർ, നടൻ, സിനിമ പിആർഒ, മാധ്യമപ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇന്നലെ രാവിലെ 11.30നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ അദ്ദേഹം ചളിക്കവട്ടത്തെ സാന്ത്വന പരിചരണ കേന്ദ്രത്തിലായിരുന്നു അവസാനകാലം ചെലവിട്ടത്. ഇവിടെവച്ചായിരുന്നു അന്ത്യം.
2020 ഏപ്രിൽ ഒന്നിനു പക്ഷാഘാതമുണ്ടായതു മുതൽ കിടപ്പിലായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നിനു നടക്കും. മുപ്പതിലേറെ സിനിമകളുടെ നിശ്ചല ഛായാഗ്രഹണം നിർവഹിച്ച ഹരി, യൂസഫലി കേച്ചേരി സംവിധാനം ചെയ്ത 'മരം', തിക്കുറിശ്ശിയുടെ 'ഉർവശി ഭാരതി', ഐ.വി.ശശിയുടെ 'ഉത്സവം', കെ.ജി.ജോർജിന്റെ 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
ഭാര്യ: പരേതയായ വിജയ. മക്കൾ: വിജുദാസ്, വിദ്യ (ഇരുവരും ദുബായ്). കൊല്ലം നീണ്ടകര വേട്ടുതറ കുട്ടിനഴികത്ത് നാഥൻ പത്മനാഭന്റെ മകനാണ് പി.ഹരിദാസൻ എന്ന ഹരി നീണ്ടകര. 1957ൽ പത്രപ്രവർത്തന രംഗത്തെത്തി. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതി. 30-ാം വയസ്സിൽ ചെന്നൈയിലെത്തി. സിനിമാ ആനുകാലികങ്ങൾക്കായി ലേഖനങ്ങളെഴുതി. രാഘവൻ സംവിധാനം ചെയ്ത 'പുതുമഴത്തുള്ളികൾ' എന്ന ചിത്രത്തിലാണ് ആദ്യമായി നിശ്ചല ഛായാഗ്രഹണം നിർവഹിച്ചത്. 2015ൽ കൊച്ചിയിലേക്കു താമസം മാറ്റി. എളംകുളം ഫാത്തിമ ചർച്ച് റോഡ് അരീന അപ്പാർട്‌മെന്റിലായിരുന്നു താമസം.
മറുനാടന് മലയാളി ബ്യൂറോ