- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിമാർക്കു വേണ്ടി പഞ്ചനക്ഷത്ര ഹോട്ടലിൽ കോവിഡ് കെയർ സെന്റർ; വിവാദം
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിമാർക്കും ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പഞ്ചനക്ഷത്ര ഹോട്ടലിൽ കോവിഡ് കെയർ സെന്റർ ഒരുക്കിയത് വിവാദത്തിൽ. ചാണക്യപുരിയിലെ അശോക ഹോട്ടലിലെ 100 മുറികൾ ഇവർക്കായി മാറ്റിവച്ചു സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസമാണു ഉത്തരവിറക്കിയത്.
എന്നാൽ ഇതു ചർച്ചയാകുകയും വിമർശനമുയരുകയും ചെയ്തതോടെ ഇത്തരമൊരു സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി ഡൽഹി ഹൈക്കോടതി ജഡ്ജിമാരും രംഗത്തെത്തി. ഉത്തരവ് തിരുത്തണമെന്നും വിശദീകരണം നൽകണമെന്നും സംസ്ഥാന സർക്കാരിനോടു നിർദേശിച്ച ഹൈക്കോടതി അല്ലെങ്കിൽ ഉത്തരവ് കോടതി തന്നെ റദ്ദാക്കുമെന്നും അറിയിച്ചു.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജഡ്ജിമാർക്കും ഉദ്യോഗസ്ഥർക്കുമായി ക്രമീകരണം ഒരുക്കണമെന്നു കാട്ടി ഹൈക്കോടതി സംസ്ഥാന സർക്കാരിനു അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചാണക്യപുരി സബ് കലക്ടർ ഗീത ഗ്രോവർ 100 മുറി ഇവർക്കായി മാറ്റിവച്ച് ഞായറാഴ്ച ഉത്തരവിറക്കിയത്.
പ്രൈമസ് ആശുപത്രിയുമായി സഹകരിച്ചാകും അശോക ഹോട്ടലിലെ കോവിഡ് കെയർ സംവിധാനം പ്രവർത്തിക്കുകയെന്നും ജീവനക്കാരെ ആശുപത്രി നൽകുമെന്നും ചികിത്സയ്ക്കുള്ള തുക ആശുപത്രി ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. ഹോട്ടലിനു വാടക നൽകേണ്ടത് ആശുപത്രിയാണെന്നുമാണ് നിർദ്ദേശം.
എന്നാൽ, അഭിഭാഷകർ ഉൾപ്പെടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. സാധാരണക്കാരും മറ്റും ആശുപത്രി കിടക്കയില്ലാതെ പരക്കംപായുമ്പോഴാണു ജഡ്ജിമാർക്കും ഹൈക്കോടതി ഉദ്യോഗസ്ഥർക്കും മാത്രമായി സർക്കാർ ഫൈവ് സ്റ്റാർ സംവിധാനമൊരുക്കിയതെന്നായിരുന്നു ആക്ഷേപം.