- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജൂണോടെ കോവിഡ് പാസ്സ്പോർട്ട് നിലവിൽ വരും; വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് വാക്സിൻ പാസ്സ്പോർട്ട് മാനദണ്ഡം; കോവിഡിനെ തോൽപിച്ച ബ്രിട്ടീഷുകാർ രണ്ട് മാസത്തിനകം പുറത്തേക്ക്

യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതു സംബന്ധിച്ച് ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ചർച്ചകൾ തുടങ്ങാനിരിക്കെ, വേനലവധി യാത്രകൾ അനുവദിക്കുവാനുള്ള മാനദണ്ഡങ്ങളിൽ ഒന്നായി കോവിഡ് പാസ്സ്പ്പോർട്ട് പരിഗണിക്കുന്നതായി സൂചനകൾ ലഭിക്കുന്നു. അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളീലേക്ക്, വാക്സിന്റെ രണ്ട് ഡോസുകളുമെടുത്ത് കോവിഡ് പാസ്സ്പോർട്ട് കരസ്ഥമാക്കിയവർക്ക് യാത്രാനുമതി നൽകിയേക്കും. എന്നാൽ, എൻ എച്ച് എസിൽ നിന്നുള്ള, വാക്സിൻ എടുത്തു എന്ന് ഉറപ്പുനൽകുന്ന കത്ത് തന്നെ വേണമെന്നാണ് ഗ്രീസ് ശഠിക്കുന്നത്.
ജൂൺ മാസത്തോടെ വിനോദ സഞ്ചാരമേഖല ഉണർത്തെഴുന്നേൽക്കും എന്ന് പ്രത്യാശ പ്രകടിപ്പിച്ച സ്പെയിനും, ബ്രിട്ടനിൽ നിന്നുള്ള സഞ്ചാരികൾക്ക് സ്വാഗതമോതുവാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയുമായി, കോവിഡ് പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കാൻ ഒരുങ്ങുകയാണ് യൂറോപ്യൻ യൂണിയൻ. സമാനമായ ഉടമ്പടി ബ്രിട്ടനുമായും ഉണ്ടാക്കാൻ യൂണിയൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതികരണമായി, ബ്രിട്ടനും ചർച്ചകൾക്ക് തയ്യാറാണെന്ന വിവരം അറിയിച്ചിട്ടുണ്ട്.
അതേസമയം, ജൂൺ മുതൽ സ്പെയിനിലെ ബീച്ചുകളും മറ്റ് വിനോദസഞ്ചാര കെന്ദ്രങ്ങളും തുറക്കുമെന്ന് സ്പാനിഷ് വിനോദസഞ്ചാര വകുപ്പ് മന്ത്രി ഫെർണാഡോ വാൽഡേസ് അറിയിച്ചു. അതിനുള്ളിൽ തന്നെ ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിന് രൂപം കൊടുക്കുമെന്നുംഅതിർത്തികൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര യാത്രകൾക്ക് അനുമതി നൽകാനുള്ള ബോറിസ് ജോൺസന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത അദ്ദേഹം പരസ്പരം അംഗീകരിക്കപ്പെടുന്ന ഡിജിറ്റൽ കോവിഡ് പാസ്സ്പോർട്ടുകൾ തയ്യാറാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സ്പെയിനിൽ വാക്സിൻ പദ്ധതി വേഗത്തിൽ നീങ്ങുന്നുണ്ട്. മൊത്തം ജനസംഖ്യയുറെ 22 ശതമാനത്തോളം പേർക്ക് ഇതുവരെ വാക്സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. ഇതേവേഗതയിൽ പദ്ധതി മുന്നോട്ട് പോവുകയാണെങ്കിൽ, ജൂൺ ആരംഭത്തോടെ അതിർത്തികൾ തുറക്കാനാകും എന്നാണ് അധികൃതർ പ്രത്യാശിക്കുന്നത്. അതേസമയം, ജൂൺ 11 മുതൽ 13 വരെ നടക്കുന്ന കോൺവെൽ ഉച്ചകോടിയിൽ ബ്രിട്ടീഷ് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് മറ്റ് ജി 7 രാജ്യങ്ങളുമായി അന്തരാഷ്ട്ര യാത്രകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നറിയുന്നു.
സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിലക്കുകൾ മാറ്റുന്നതായിരിക്കും അദ്ദേഹത്തിന്റെ ചർച്ചയിലെ മുഖ്യ ഇനം. അതുപോലെ അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുമായി അന്താരാഷ്ട്ര യാത്രാ ഇടനാഴികൾ രൂപപ്പെടുത്താനും ബ്രിട്ടൻ പരിശ്രമിക്കുന്നുണ്ട്. എന്നാൽ, കോവിഡ് പാസ്സ്പോർട്ട് ഉള്ളവരെ മാത്രമായിരിക്കും ഈ ഇടനാഴികളിൽ പരിഗണിക്കുക. എന്നാൽ, ബ്രിട്ടൻ യാത്രാനുമതി നൽകുന്നതിനും രണ്ടു ദിവസം മുൻപ് മെയ് 15-ന് അതിർത്തികൾ തുറക്കുന്ന ഗ്രീസ് പക്ഷെ കോവിഡ് പാസ്സ്പോർട്ടിനൊന്നും പ്രാധാന്യം നൽകുന്നില്ല. വാക്സിൻ എടുത്തതായി, എൻ എച്ച് എസിൽ നിന്നുള്ള, കൈകൊണ്ടെഴുതിയ സാക്ഷിപത്രം തന്നെയാണ് അവർ ആവശ്യപ്പെടുന്നത്.
മാത്രമല്ല, ഗ്രീസിൽ എത്തുന്ന സഞ്ചാരികൾ കോവിഡ് പരിശോധനക്ക് വിധേയരാകേണ്ടതായും ഉണ്ട്. അതേസമയം, ഭാവിയിൽ യൂറോപ്യൻ യൂണിയൻ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിക്കുകയാണെങ്കിൽ തങ്ങൾ അതിൽ ഭാഗഭാക്കാകുമെന്നും അതുവരെ ഇത്തരത്തിലുള്ള നടപടികൾ തുടരുമെന്നും ഗ്രീസ് അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ ഉപയോഗിക്കുന്ന അതേ വാക്സിൻ തന്നെ ഉപയോഗിക്കുന്നതിനാൽ, ഈ വേനൽ സീസണിൽ അമേരിക്കക്കാർക്കായി അതിർത്തികൾ തുറക്കുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്.

