ഏറ്റുമാനൂർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചുനൽകി കോട്ടയം അതിരൂപത. 2018-ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അതിരൂപത സാമൂഹിക സേവനവിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വീടുവെച്ച് നൽകിയത്.

ഓരോ കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലവും ഭവനനിർമ്മാണത്തിനായി മൂന്നുലക്ഷം രൂപ വീതവും നൽകുകയായിരുന്നു. ഓരോ കുടുംബത്തിനും കൃഷിക്കായി മൂന്ന് സെന്റ് സ്ഥലവും വ്യവസ്ഥകൾക്ക് വിധേയമായി ലഭ്യമാക്കി. ഇടുക്കി ജില്ലയിലെ കരിങ്കുന്നം ഗ്രാമപ്പഞ്ചായത്തിലാണ് പദ്ധതി. പദ്ധതിക്കായി രണ്ടേക്കർ മുപ്പത്തഞ്ചുസെന്റ് സ്ഥലം സൗജന്യമായി നൽകിയത് കോട്ടയം അതിരൂപതയിലെ വൈദികനായ ജേക്കബ് കളപ്പുരയിലാണ്.

വീടുകളുടെ വെഞ്ചരിപ്പ് കർമ്മവും താക്കോൽദാനവും കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു. കെ.എസ്.എസ്.എസ്. എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കരിങ്കുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ്, ഫാ. അലക്സ് ഓലിക്കര, മാത്യൂസ് വലിയപുത്തൻപുരയിൽ, ഫാ. വിൻസൺ കുരുട്ടുപറമ്പിൽ, ഫാ. റോജി മുകളേൽ, ഫാ. ഗ്രേയ്സൺ വേങ്ങയ്ക്കൽ, ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ, ഫാ. സൈജു മേക്കര എന്നിവർ പ്രസംഗിച്ചു.