തൊടുപുഴ;ഇടുക്കി വെൺമണിയിലെ റബർ കർഷക കൂട്ടായ്മ കൃഷി സംരക്ഷണയ്ക്കണമെന്നവാശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. അഡ്വ: ടോമി ചെറുവള്ളി ആൻഡ് മാത്യു സ്‌കറിയ അസോസിയേറ്റ്സ് മുഖേന ഇവർ നൽകിയ 8016/2021ാം നമ്പർ റിട്ട് പെറ്റീഷൻ ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവായി.

കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങളായ നടുവത്താനിയിൻ മാത്യു തോമസ്, ആണ്ടുകുന്നേൽ വർക്കി ദേവസ്യ, താഴത്തുകോഴിക്കുന്നേൽ വർഗീസ് തോമസ്, തെക്കേടത്ത് ജോൺ സാമുവൽ, കുഴിയപ്ലാവിൽ നാരായണൻ ചെട്ടിയാർ തുടങ്ങിയവരാണ് ഹർജിയിലെ പങ്കാളികൾ. സംസ്ഥാന സർക്കാർ, കൃഷി വകുപ്പ്,ഇടുക്കി ജില്ലാകളക്ടർ,കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി, റബർ ബോർഡ്, റബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,ഇടുക്കി ജില്ലാ ലീഗൽ സർവ്വീസ് അതോരിറ്റി,കഞ്ഞിക്കുഴി ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരാണ് ഹർജ്ജിയെ എതിർകക്ഷികൾ.

കൃഷിക്കാർ റബർ മരങ്ങൾക്ക് മുളയുണ്ടാകുന്ന ഗന്ധകം അടിക്കുന്നതിന് തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി വെൺമണി സ്വദേശിയായ കുന്നുംപുറത്ത് വീട്ടിൽ മാത്യു ജോൺ ഇടുക്കി ജില്ല ലീഗൽ സർവ്വീസ് അതോരിറ്റി മുമ്പാകെ നൽകിയ പരാതിയും ഇതെത്തുടർന്ന് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ ഇടപെടലും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചിട്ടുള്ളത്.

മരങ്ങൾക്ക് ഗന്ധകം അടിയക്കുന്നത് തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും അതിനാൽ ഇത് അവസാനിപ്പിക്കണമെന്നുമായിരുന്നു മാത്യു ജോണിന്റെ പരാതിയിലെ ആവശ്യം. ഈ പരാതിയിൽ മേഖലയിലെ റബ്ബർകൃഷിക്കാരെ ആരെയും അറിയിക്കാതെയും അവരുമായി ആലോചിക്കാതെയും കഞ്ഞിക്കുഴി ഹെൽത്ത് ഇൻസ്പെക്ടറോടും ചേലച്ചുവട് കൃഷി ഓഫീസറോടും മാത്രം വിവരങ്ങൾ ആരാഞ്ഞ്് ഇടുക്കി ലീഗൽ സർവ്വീസ് അതോരിറ്റി,കൃഷിക്കാർ ഗന്ധകം റബർ കൃഷിക്ക് ഉപയോഗിക്കരുതെന്ന് 2018 മാർച്ച് 7-ന് ഉത്തരവിറക്കുകയായിരുന്നു.

ഇതെത്തുടർന്ന് കഞ്ഞിക്കുഴി പൊലീസ് റബർ കർഷകരുടെ പേരിൽ കേസെടുക്കുകയും ഗന്ധകം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് അധികാരികളും കഞ്ഞിക്കുഴി പൊലീസും മൈക്ക് അനൗൺസ്മെന്റുകൾ നടത്തുകയും ചെയ്തു.കൃഷിക്കാരുടെ പേരിൽ കേസെടുക്കുമെന്ന് പൊലീസിന്റെ ഭാഗത്തുനിന്നും അറിയിപ്പും പുറത്തുവന്നിരുന്നു.കർഷകരിൽ ചിലരെ അറസ്റ്റ് ചെയ്യു,ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. പിന്നീട് കൃഷിക്കാർ സംഘടിച്ച് ഈ വിഷയത്തിൽ പരിഹാരത്തിനായി രാഷ്ട്രീയ പാർട്ടികളെ സമീപിച്ചു.നേതാക്കന്മാർ കൃഷിക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചെങ്കിലും അവർക്ക് വേണ്ടി ഒരുതരത്തിലുള്ള ഇടപെടലിനും തയ്യാറായില്ല.

ഈ സാഹചര്യത്തിൽ കൃഷിക്കാർ തൊടുപുഴയിൽ പത്രസമ്മേളനം നടത്തി അവരുടെ ദുഃഖങ്ങളും വേദനകളും പങ്കിട്ടിരുന്നു.എന്നിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ രാഷ്ട്രീയ ഭാഗത്തു നിന്നോ ഒരു തരത്തിലുമുള്ള ഇടപെടലും ഉണ്ടായില്ല. ഇതെത്തുടർന്നാണ് അഡ്വ: ടോമി ചെറുവള്ളിയെ സമീപിച്ച് ഇടുക്കി ലീഗൽ സർവ്വീസ് അതോരിറ്റിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കയ്ക്കാർൻ കർഷക കൂട്ടായ്മ തീരുമാനിക്കുന്നത്.

റബർ മരങ്ങളുടെ ഇലപൊഴിയുമ്പോൾ തുരിശ് അടിക്കുകയും മുളകൾ ഉണ്ടാകുമ്പോൾ ഗന്ധകം സ്പ്രേ ചെയ്യുകയും ചെയ്യേണ്ടത് റബർ കൃഷിക്ക് അത്യന്താപേക്ഷിതമാണ് എന്നാണ് ഹർജിക്കാരുടെ വാദം. ഹർജിക്കാർക്ക് വേണ്ടി അഡ്വ: ടോമി ചെറുവള്ളി, മാത്യൂസ് സ്‌കറിയ പടിഞ്ഞാറേകുടിയിൽ, ബാലു ടോം ചെറുവള്ളി എന്നിവർ ആണ് ഹൈക്കോടതിയിൽ ഹാജരായി.