2,685 പുതിയ രോഗികളും വെറും 17 കോവിഡ് മരണങ്ങളും. എന്നിട്ടും കരുതൽ വിടാൻ സമയമായിട്ടില്ലെന്ന് ബോറിസ് ജോൺസൺ. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ കോവിഡ് മരണനിരക്കിൽ ദ്രൃശ്യമായിരിക്കുന്നത് 33 ശതമാനത്തിന്റെ കുറവാണ്. അതുപോലെ പരിശോധനകളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിപ്പിച്ചിട്ടും രോഗവ്യാപന തോത് വർദ്ധിച്ചത് 6.8 ശതമാനം മാത്രം. എന്നിട്ടും കരുതലോടെ സാവധാനം മുന്നോട്ട് പോകുവാനാണ് ബോറിസ് ജോൺസന്റെ തീരുമാനം. ഈ ഒരു ഭരണാധികാരിയുടെ കരുതലാണ് ഒരു മഹാമാരിയിൽ നിന്നും രാജ്യത്തെ കരകയറ്റിയതെന്ന് നാളെ ചരിത്രം രേഖപ്പെടുത്തും എന്നതുറപ്പ്.

ബ്രിട്ടനിലാകമാനം നിലവിൽ 1,608 രോഗികൾ മാത്രമാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. പ്രതിദിനം ചികിത്സതേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കാര്യമായി കുറയുകയാണ്. കരുതലോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഓരോന്നായി നീക്കം ചെയ്യുമ്പോഴും ബോറിസ് ജോൺസൺ ശുഭാപ്തി വിശ്വാസം കൈവിടാതെ തന്നെ മുന്നറിയിപ്പ് നൽകുന്നത് ജനിതകമാറ്റം സംഭവിച്ച പുതിയ ഇനങ്ങൾ വരാനുള്ള സാധ്യതകളെ കുറിച്ചാണ്. മുന്നോട്ടുള്ള പാത അനുകൂലമായി തന്നെ നിലകൊള്ളുമ്പോഴും, ആകസ്മികമായ പല വെല്ലുവിളികളും വന്നുചേരാമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം ബ്രിട്ടന്റെ വാക്സിൻ പദ്ധതിയും അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇന്നലെ 3,04,688 പേർക്കാണ് വാക്സിന്റെ രണ്ടാം ഡോസ് എടുത്തിട്ടുള്ളത്. ഇതോടെ ചുരുങ്ങിയത് 33.84 മില്ല്യൺ പേർക്ക് വാക്സിന്റെ ആദ്യ ഡോസും 13.2 പേർക്ക് രണ്ടു ഡോസുകളും ലഭ്യമായി കഴിഞ്ഞു. അതായത്, ബ്രിട്ടന്റെ ജനസംഖ്യയിൽ 25 ശതമാനം പേർ പൂർണ്ണമായും പ്രതിരോധ ശേഷി കൈവരിച്ചിരിക്കുന്നു എന്നർത്ഥം. 42 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ കൊടുത്തു തുടങ്ങുകയും ചെയ്തിട്ടുണ്ട്.

അതിസൂക്ഷ്മതയാർന്ന ആസൂത്രണവും ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകരുടെ സമർപ്പണ മനോഭാവത്തോടെയുള്ള കഠിനപ്രവർത്തനവുമാണ് ബ്രിട്ടന്റെ വാക്സിൻ പദ്ധതി വിജയത്തിൽ എത്തിച്ചത്. ടി വി ഉൾപ്പടെയുള്ള മാധ്യമങ്ങളിലൂടെ നൽകിയ പ്രചാരണങ്ങളും വാക്സിൻ പദ്ധതിയുടെ വിജയത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത് അസ്ട്രസെനെകയുടെ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുള്ളവരിൽ ലക്ഷണങ്ങളോടു കൂടിയ കോവിഡ് ബാധ 74 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട് എന്നാണ്.

രോഗവ്യാപനം കുറയുകയും അതുപോലെ രോഗം ഗുരുതരമാകാതെ തടയുന്നതിലും വാക്സിൻ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. സാഹചര്യം അനുകൂലമായി വരുന്നതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വേഗം നീക്കണമെന്ന ആവശ്യത്തിനും ശക്തി വർദ്ധിച്ചു വരുന്നുണ്ട്. എന്നാൽ, കരുതലോടെ തന്നെ മുന്നോട്ട് നീങ്ങാനാണ് ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനം.