- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലക്ഷം രൂപയുടെ പേരിൽ തമ്മിൽ തല്ലിയത് സുഹൃത്തുക്കളായ 13 പേർ; വിവരം അറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് കാണുന്നത് മൂന്ന് മൃതദേഹങ്ങൾ; ഗുരുതരമായി പരുക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ: സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ഏഴ് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്
ദുബായ്: ഒരു ലക്ഷം രൂപയുടെ പേരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് ഏഷ്യക്കാർ കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട ഏഴ് പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസ സ്ഥലത്തായിരുന്നു സംഭവം.
5,000 ദിർഹ(ഏതാണ്ട് ഒരു ലക്ഷം രൂപ)ത്തിന്റെ പേരിലായിരുന്നു വാക്കുതർക്കം തുടങ്ങിയത്. ഇതു പിന്നീട് സംഘം ചേർന്നുള്ള കലഹമായി മാറുകയും വലിയ സംഘർഷത്തിൽ കലാശിക്കുകയും ആയിരുന്നു. കത്തിയും വടിവാളും മരക്കഷണങ്ങളും ഉപയോഗിച്ച് 13 പേർ മൃഗീയമായി തമ്മിൽ തല്ലിയതായി പൊലീസ് പറഞ്ഞു. സംഘർഷത്തിൽ മൂന്ന് പേർ മരിക്കുകയും ബാക്കിയുള്ള പലർക്കും പരുക്കേൽക്കുകയും ചെയ്തു. പൊലീസ് എത്തിയപ്പോൾ കണ്ടത് 3 മൃതദേഹങ്ങളാണ്. ഗുരുതരമായി പരുക്കേറ്റമൂന്ന് പേരെയും കണ്ടെത്തി. പൊലീസ് എത്തുന്നതിന് മുൻപേ പ്രതികൾ സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ടുവെങ്കിലും ഇവരെ 24 മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു.
ദുബായ് പൊലീസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലേയ്ക്കാണ് അടിപിടി സംബന്ധിച്ച വിവരം ലഭിച്ചത്. ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ കണ്ടതു കുത്തേറ്റും അടിയേറ്റും മരിച്ചുകിടക്കുന്ന 3 പേരെയും ഗുരുതര പരുക്കേറ്റ 3 പേരെയുമാണ്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണു മരിച്ചവരും പരുക്കേറ്റവരുമുൾപ്പെടെ 13 പേർ കേസിൽ ഉൾപ്പെട്ടതായും ഏഴ് പേർ സംഭവ സ്ഥലത്ത് നിന്നു രക്ഷപ്പെട്ടതായും കണ്ടെത്തിയത്. 10 പേരെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചു. പരുക്കേറ്റ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവേറ്റതായി പൊലീസ് പറഞ്ഞു. അതേസമയം, മരിച്ചവർ, പരുക്കേറ്റവർ, പ്രതികൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇത്തരത്തിലുള്ള സംഘർഷങ്ങൾ കാണുകയാണെങ്കിൽ ഉടൻ പൊലീസിനെ ബന്ധപ്പെടുക: 999.