ഇരിട്ടി: കർണാടകയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാനുള്ള തത്രപ്പാടിലാണ് മലയാളികൾ. ആളുകൾ കൂട്ടത്തോടെ എത്തുന്നിനാൽ കിളിയന്തറ ചെക്‌പോസ്റ്റിൽ പരിശോധന പൂർത്തിയാക്കാനായി പലർക്കും മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നു. ഇന്നലെ മാത്രം കിളിയന്തറ ചെക്‌പോസ്റ്റിൽ എത്തിയത് 1000 ലധികം പേരാണ്. മാക്കൂട്ടം ചുരം പാത വഴി രണ്ട് ദിവസമായി ഒട്ടേറെ പേരാണ് എത്തിയത്.

വലിയ വാഹനങ്ങളേക്കാൾ ഇരു ചക്ര വാഹനങ്ങളിലാണു കൂടുതലും ആളുകൾ വരുന്നത്. ഇരു ചക്ര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് എത്തിയവരും ധാരാളമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും ആർടിപിസിആർ പരിശോധന ഫലം വേണമെന്നും നിർബന്ധമാക്കിയിട്ടുണ്ടങ്കിലും ഇതൊന്നും ഇല്ലാതെ എത്തുന്നവരും ഉണ്ട്. എല്ലാ യാത്രക്കാരെയും കിളിയന്തറയിൽ കേരള പൊലീസ് തടഞ്ഞ് ചെക്‌പോസ്റ്റിലേക്ക് അയയ്ക്കും. കോവിഡ് പരിശോധന നടത്താതെ എത്തുന്നവർക്ക് ഇവിടെ പരിശോധന നടത്തും. ക്വാറന്റീൻ നിർദേശവും നൽകിയാണ് വിടുന്നത്.

കർണാടകയിൽ ഇന്നലെ രാവിലെ മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും കുടക് ജില്ലയിൽ പ്രാബല്യത്തിൽ വന്നത് ഇന്നലെ രാത്രി 9 നു ശേഷമാണ്. മടിക്കേരി സിറ്റി കോർപറേഷനിൽ ഇന്നലെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണു കുടക് ജില്ലയ്ക്ക് ഇന്നലെ പകൽ ലോക്ഡൗൺ ഒഴിവാക്കിയത്. കുടക് ജില്ലയിലെ ഈ പകൽ ഇളവും ഇന്നലെ കേരളത്തിലേക്ക് യാത്രക്കാർ കൂടുതൽ എത്താൻ സഹായകമായി. ഇന്നു മുതൽ മാക്കൂട്ടം ചുരം പാത വഴി എത്തുന്ന യാത്രക്കാരുടെ എണ്ണം കുറയുമെന്നാണ് സൂചന.

പച്ചക്കറി, പാൽ, മത്സ്യം, മാംസം, ബാർ(ചില്ലറ വിൽപന) എന്നീ സ്ഥാപനങ്ങൾ രാവിലെ 6 മുതൽ 10 വരെ മാത്രം തുറക്കാം. ചരക്കു വാഹനങ്ങൾക്ക് ഓടാം. യാത്രാ വാഹനങ്ങൾ പാടില്ല. തൊഴിലാളികൾക്ക് അവരുടെ തിരിച്ചറിയൽ കാർഡ് കാണിച്ച് അവരുടെ വാഹനത്തിലോ,

തൊഴിൽ വാഹനത്തിലോ പോകാം. ഓട്ടോ, ടാക്‌സി സർവീസ് പാടില്ല. ഇത്തരം വാഹനങ്ങൾ എമർജൻസി ആവശ്യത്തിനു ഉപയോഗിക്കാം. മദ്യം 24 മണിക്കൂറും ഹോം ഡെലിവറിയായി ലഭിക്കും. ഇന്നലെ കുടകിൽ 630 പേർക്ക് രോഗം സ്ഥിരീകരിച്ചു. 42 പ്രദേശങ്ങൾ കൂടി കണ്ടെയ്ന്മെന്റ് സോണാക്കി. ആകെ രോഗികളുടെ എണ്ണം 9621 ഉം കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം 419 ഉം ആയി.