ന്യൂഡൽഹി: ചികിത്സ ലഭിക്കാൻ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ മണിക്കൂറുകൾ കാത്തിരുന്ന മുൻ ഇന്ത്യൻ സ്ഥാനപതി അശോക് അമ്രോഹി കാറിനുള്ളിൽ ഹൃദയാഘാതം മൂലം മരിച്ചു.

കഴിഞ്ഞ 27ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ ആശുപത്രിയിൽ കിടക്ക ലഭിക്കുന്നതിനു വേണ്ടി നിർത്തിയിട്ട കാറിൽ 5 മണിക്കൂറോളമാണ് അമ്രോഹിയും കുടുംബാംഗങ്ങളും കാത്തിരുന്നത്.

ബ്രൂണയ്, മൊസാംബിക്, അൾജീരിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞയാഴ്ചയാണ് രോഗബാധിതനായതെന്ന് ഭാര്യ യാമിനി പറയുന്നു. സ്ഥിതി വഷളായതോടെ, കിടക്ക ഒഴിവുണ്ടെന്നറിഞ്ഞു രാത്രി ഏഴരയോടെ ആശുപത്രിയിലെത്തി. കോവിഡ് പരിശോധനയ്ക്ക് ഒന്നരമണിക്കൂറോളം കാത്തിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മകൻ ക്യൂവിൽ നിന്നെങ്കിലും നടപടികൾ വൈകി. പലവട്ടം കരഞ്ഞുപറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലെന്ന് യാമിനി ആരോപിച്ചു.

ഈ സമയമെല്ലാം കാറിലിൽ അവശനിലയിൽ ഇരിക്കുകയായിരുന്ന അമ്രോഹിക്ക് ഇടയ്‌ക്കെപ്പോഴോ ഓക്‌സിജൻ സിലിണ്ടർ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്വാസ തടസ്സം കാരണം മാസ്‌ക് വലിച്ചെറിഞ്ഞു. സംസാര തടസ്സവുമുണ്ടായി. അർധരാത്രിയോടെ കാറിനുള്ളിൽ തന്നെ മരിച്ചതായും യാമിനി പറഞ്ഞു.