കോട്ടയം: ജയിലിലെ തടവുകാർക്ക് ബന്ധുക്കളുമായി ഇനി ഓൺലൈനിൽ കൂടിക്കാഴ്ച നടത്താം. സംസ്ഥാനത്തെ മുഴുവൻ ജയിലുകൾക്കും ഇതു ബാധമാക്കി ഇന്നലെ ഉത്തരവ് ഇറങ്ങി. തടവുകാരെ വിഡിയോ കോൺഫറൻസിങ് പരിശീലിപ്പിക്കേണ്ട ചുമതല ജയിൽ ഉദ്യോഗസ്ഥർക്കാണ്. കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഇത് കർശനമായി നടപ്പാക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഇ പ്രിസൺസ് പോർട്ടൽ എന്ന സോഫ്റ്റ്‌വെയർ ആണ് ഇതിന് ഉപയോഗിക്കുന്നത്. വാട്‌സാപ് ഉപയോഗിച്ച് ഓൺലൈൻ കൂടിക്കാഴ്ച മൂന്ന് മാസത്തോളം പരീക്ഷണാടിസ്ഥാനത്തിൽ നടത്തി. ഇത് ഫലപ്രദമെന്നു കണ്ടതിനെ തുടർന്നാണ് സ്ഥിരം സംവിധാനമാക്കിയത്. പോർട്ടലിൽ ഇ മുലാക്കാത്ത് എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്താൽ തടവുകാരുമായി സംസാരിക്കുന്നതിനു രജിസ്റ്റർ ചെയ്യാം. കൂടിക്കാഴ്ചയ്ക്ക് നിശ്ചിത സമയം അനുവദിച്ച് അപേക്ഷകരുടെ ഇ മെയിലിൽ വിവരം അറിയിക്കും. വിഡിയോ കോൺഫറൻസിനുള്ള ലിങ്കും ലഭിക്കും.

15 ദിവസത്തിനിടെ ഒരു തടവുകാരനു ഒരു തവണ പരമാവധി 5 മിനിറ്റ് സംസാരിക്കാം. തടവുകാരുടെ ഉറ്റ ബന്ധുക്കൾക്കു മാത്രമേ ഈ സൗകര്യം ഉണ്ടാകൂ. വിഡിയോ കോളുകൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ അനുവദിക്കു. 3 സെൻട്രൽ ജയിലുകളിലും ജില്ലാ ജയിലുകളിലും ഉൾപ്പെടെ ആകെ 53 ജയിലുകളിലാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്.

സംസ്ഥാനത്താകെ ഏകദേശം 7500 തടവുകാർ ഉണ്ടെന്നാണ് കണക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നു വിഡിയോ കോൺഫറൻസ് സൗകര്യം ഏർപ്പെടുത്തുന്നതിനു 1.7 കോടി രൂപ അനുവദിച്ചിരുന്നു.