ന്യൂഡൽഹി: റഷ്യയുടെ സ്പുട്‌നിക് V വാക്‌സീന് അടുത്തിടെ ബ്രസീൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ബ്രസീലിന്റെ ഈ നടപടി ഇന്ത്യയെ ബാധിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വാക്‌സീന്റെ ആദ്യ ബാച്ച് ഈ ആഴ്ച തന്നെ എത്തുമെന്നാണു വിവരം. കസൗളിയിലെ സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയിൽ ഗുണപരിശോധന നടത്തുമെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നുമാണു വിശദീകരണം.

ബ്രസീലിൽ വിതരണത്തിനെത്തിച്ച വാക്‌സീനിൽ, ജലദോഷപ്പനിക്കു കാരണമാകുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെന്ന് ആരോപിച്ചാണ് ബ്രസീൽ സ്പുട്‌നിക് നിരോധിച്ചത്. ഒരു ബാച്ചിൽ വന്ന പിഴവാണെങ്കിലും ഉൽപാദനത്തിലെ പിഴവ് സംശയിച്ചാണു നടപടി.

കോവിഷീൽഡ് വാക്‌സീനിലേതിനു സമാനമാണു സ്പുട്‌നിക്കിന്റെയും നിർമ്മാണ് രീതി. ജലദോഷപ്പനിക്കു കാരണമാകുന്ന അഡിനോ വൈറസിന്റെ രോഗം പകർത്താനുള്ള ശേഷി ഇല്ലാതാക്കി, ഇതിലേക്കു കോവിഡ് 19 വൈറസിന്റെ സ്‌പൈക് പ്രോട്ടീൻ ഉണ്ടാക്കുന്ന ജനിതക വസ്തു കൂടി ചേർത്താണു വാക്‌സിൻ തയാറാക്കുന്നത്. ബ്രസീൽ പരിശോധിച്ച വാക്‌സീനുകളിലെ അഡിനോവൈറസിനു പെരുകാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നില്ലെന്നതാണു പ്രശ്‌നം.