- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ മൃതദേഹം സൈക്കിളിൽ കെട്ടിവച്ച് ഭർത്താവ്; ബൈക്കിനു നടുവിലിരുത്തി അമ്മയുടെ മൃതദേഹം കൊണ്ടുപോകുന്ന ആൺമക്കൾ; എല്ലാം മറച്ച് വയ്ക്കുന്ന മോദി സർക്കാർ; കോവിഡ് ബാധയുടെ ഭയാനക ദൃശ്യങ്ങളുമായി ഇന്ത്യയെ കടന്നാക്രമിച്ച് വിദേശമാധ്യമങ്ങൾ
ഇതാണോ വാഗ്ദാനം ചെയ്ത നല്ല നാളുകൾ ? മോട്ടോർബൈക്കിൽ അമ്മയുടെ മൃതദേഹവുമായി പോകുന്ന മക്കളുടെ ചിത്രം പങ്കുവച്ച് വിദേശമാധ്യമങ്ങൾ ചോദിക്കുന്നു. അച്ഛാ ദിൻ ആയേഗാ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ആന്ധ്രാപ്രദേശിൽ നടന്ന ഈ ദയനീയ സംഭവം അവർ റിപ്പോർട്ട് ചെയ്യുന്നത്. സഹോദരങ്ങളായ നരേന്ദ്ര ചെഞ്ചുവിനും രമേഷ ചെഞ്ചുവിനുമാണ് തങ്ങളുടെ മാതാവിന്റെ മൃതദേഹം നടുക്കിരുത്തി ബൈക്ക് ഓടിച്ചുകൊണ്ടുപോകേണ്ടിവന്നത്. കാരണം ഒന്നേയുള്ളും, ആംബുലൻസ് ലഭ്യമല്ല.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മ പക്ഷെ ചികിത്സകളോട് പ്രതികരിക്കാതെ ഈ ലോകത്തോട് വിടപറയുകയായിരുന്നു. ആംബുലൻസില്ലാതെ വന്നപ്പോൾ, ആ മൃതദേഹം സംസ്‌കരിക്കുന്നതിന് ആരുമില്ലാതെവന്നപ്പോൾ, ആ മക്കൾക്ക് മുന്നിൽ മറ്റൊരു വഴിയുമില്ലായിരുന്നു. അമ്മയുടെ മൃതദേഹം ബൈക്കിലിരുത്തി 15 കിലോമീറ്ററോളം ബൈക്കോടിച്ചുപോയാണ് അവർ തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. കൊറോണയുടെ താണ്ഡവത്തിൽ ദുരിതക്കയത്തിലാണ്ട ഇന്ത്യയുടെ ചിത്രം വരച്ചുകാണിക്കുകയാണ് മിക്ക വിദേശമാധ്യമങ്ങളും.
വൈറസ് തങ്ങൾക്കും ബാധിക്കുമെന്ന ഭീതിയിൽ എല്ലാവരും മൃതദേഹം സംസ്‌കരിക്കുന്നതിന് വിമുഖത കാണിച്ചപ്പോൾ, സൈക്കിളിൽ തന്റെ ഭാര്യയുടെ മൃതദേഹവും വഹിച്ച് ദഹിപ്പിക്കാനായി പോകുന്ന 70 കാരനായ ഭർത്താവിന്റെ ചിത്രം ഉത്തർപ്രദേശിൽ നിന്നുള്ളതാണ്. സൈക്കിൾ തള്ളി തളർന്ന അയാൾ റോഡരികിൽ വീണപ്പോൾ, ഒപ്പം സൈക്കിളും മൃതദേഹവും താഴെ വീണു. പിന്നീട് പൊലീസെത്തി മൃതദേഹം കൊണ്ടുപോകുന്നതിന് ആംബുലൻസ് ഏർപ്പെടുത്തി.
3,79,257 പുതിയ കേസുകളും 3,645 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്നലെയാണ് വിദേശമാധ്യമങ്ങൾ ഇന്ത്യയിൽ കോവിഡിന്റെ ഭീകരതയുടെ നേർക്കാഴ്‌ച്ചകളായ രണ്ടു ചിത്രങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ജനങ്ങൾ ദുരിതമനുഭവിക്കുമ്പോഴും, അവരെ സഹായിക്കാൻ ശ്രമിക്കാതെ സത്യം മറച്ചുവയ്ക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നതെന്ന ആരോപണവും വിദേശമാധ്യമങ്ങൾ ഉന്നയിക്കുന്നു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പുതിയ ഉത്തരവാണ് ഇതിന് ഉദാഹരണമായി അവർ എടുത്തുകാണിക്കുന്നഹ്റ്റ്. ഓക്സിജൻ ക്ഷാമത്തെ കുറിച്ചോ, ആശുപത്രികളിൽ കിടക്കകലുടെ അലഭ്യതയെ കുറിച്ചോ ആരെങ്കിലും പറഞ്ഞാൽ അവരെ അറസ്റ്റ് ചെയ്യുകയും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഉത്തരവ് എന്ന് ഇവർ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് ഓക്സിജനോ, ആശുപത്രി കിടക്കകൾക്കോ, ജീവൻ രക്ഷാ ഔഷധങ്ങൾക്കോ ഒരു ക്ഷാമവുമില്ലെന്നും അങ്ങനെ പറയുന്നവർ തെറ്റായ പ്രചാരണം നടത്തുകയാണെന്നുമാണ് യോഗിയുടെ വാദം. അതിനിടയിൽ 88 വയസ്സുള്ള തന്റെ ഒരു ബന്ധുവിനായി ഓക്സിജൻ ആവശ്യപ്പെട്ടുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. യുവാവിന്റെ ട്വീറ്റ് മറ്റുള്ളവർക്ക് സർക്കാരിനെ വിമർശിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു എന്നാണ് ഈ അറസ്റ്റിന് കാരണമായി പറയുന്നതെന്നും അവർ ഏടുത്തു പറയുന്നു.
വൻ നഗരങ്ങളായ ഡൽഹിയും മുംബൈയുമൊക്കെയായിരുന്നു നേരത്തേ കോവിഡിന്റെ എപിസെന്ററുകളെങ്കിൽ ഇപ്പോൾ ചെറു നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും അതുപോലെ ഗ്രാമീണ മേഖലയിലേക്കും രോഗം വ്യാപിക്കുവാൻ തുടങ്ങിയിട്ടുണ്ട്. ഇത് തികച്ചും ആശങ്കയുളവാക്കുന്ന ഒരു സ്ഥിതിവിശേഷമാണ്. സ്ഥിതിഗതികൾ ഇത്രയ്ക്ക് രൂക്ഷമായിട്ടും ലോക്ക്ഡൗണിന് സർക്കാർ മുതിരുന്നില്ല. മറിച്ച് വാക്സിനേഷനിലൂടെ പ്രതിസന്ധി മറികടക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത് എന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, അത് എത്രമാത്രം പ്രായോഗികമാണെന്ന ചോദ്യവും അവർ ഉയർത്തുന്നു. 14 കോടി ജനങ്ങൾക്ക് മുഴുവൻ നൽകാനുള്ള വാക്സിനുകൾ ഉദ്പാദിപ്പിക്കുവാൻ തന്നെ എത്ര കാലമെടുക്കുമെന്ന കാര്യം ഓർക്കണമെന്നും അവർ പറയുന്നു. നഗരങ്ങളിൽ പലയിടങ്ങളിലും ഇപ്പോൾ തന്നെ ആവശ്യത്തിന് വാക്സിൻ ഡോസുകൾ ലഭ്യമല്ലാത്ത അവസ്ഥയാണ്. അതിനിടയിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുന്ന പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നത് ആലോചിക്കേണ്ട കാര്യമാണ്.
ഇന്ത്യൻ സർക്കാരിന്റെ അമിത ആത്മവിശ്വാസവും തീർത്തും മണ്ടത്തരങ്ങൾ നിറഞ്ഞ സമീപനവുമാണ് സ്ഥിതിഗതികൾ ഇത്ര വഷളാക്കിയതെന്നാണ് മിക്ക മാധ്യമങ്ങളും പറയുന്നത്. ആദ്യ വരവിനെ താരതമ്യേന കാര്യക്ഷമമായി തന്നെ നേരിട്ട ഇന്ത്യ അതിൽ നിന്നുണ്ടായ അമിതമായ ആത്മവിശ്വാസത്തിൽ രണ്ടാംവരവിനെ നേരിടാനുള്ള മുൻകരുതലുകൾ എടുത്തില്ല. മാത്രമല്ല, ധാരാളം ജനങ്ങൾ ഒത്തുകൂടാൻ സാഹചര്യമുണ്ടാക്കുന്ന തെരഞ്ഞെടുപ്പ്, മതപരമായ ഉത്സവങ്ങൾ എന്നിവയുമായി മുന്നോട്ട് പോവുകയും ചെയ്തു.
സാമൂഹിക അകലം പാലിക്കലും, മാസ്‌ക് ധരിക്കലുമൊന്നും നടന്നില്ല. ഇതിനുപുറമേയായിരുന്നു ആയിരങ്ങൾ നിരന്ന തെരഞ്ഞെടുപ്പു റാലികളും ലക്ഷങ്ങൾ പങ്കെടുത്ത കുംഭമേളയും. സർക്കാരിന്റെ കെടുകാര്യസ്ഥത തന്നെയാണ് ഇന്ന് രാവും പകലും ഭേദമില്ലാതെ ചിതകൾ കത്തിയമരുന്നതിന് കാരണമെന്ന് ഒരു പ്രമുഖ ബ്രിട്ടീഷ് മാധ്യമം പറയുന്നു. ഏതായാലും വിദേശ രാജ്യങ്ങൾ ഇന്ത്യയുടെ സഹായത്തിനെത്തിയത് ഒരു അനുഗ്രഹമായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ