ബ്രിട്ടനുയർത്തിയ കനത്ത പ്രതിരോധം തകർക്കാൻ ആകാതെ കൊറോണ തോറ്റു പിൻവാങ്ങുന്നതിന്റെ ഉറച്ച തെളിവായി മറിയിരിക്കുകയാണ് ഇന്നലെ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പുറത്തുവിട്ട കണക്കുകൾ. ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളിലും കോവിഡ് ബാധിക്കുന്ന 80 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം എക്കാലത്തേയും ഏറ്റവും കുറഞ്ഞ സംഖയയിലാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ 25 ലെ കണക്കുകൾ പ്രകാരം, കോവിഡ് വ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള ഈ പ്രായപരിധിയിൽ പെട്ടവരിൽ 1 ലക്ഷം പേരിൽ 6.3 പേർക്ക് രോഗം എന്ന സാഹചര്യമാണ് ഉള്ളത്.

ജനുവരിയിൽ രണ്ടാം വരവിന്റെ മൂർദ്ധന്യഘട്ട്ത്തിൽ ഇത് 1 ലക്ഷം പേരിൽ 623 രോഗികൾ എന്ന നിലയിലായിരുന്നു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 1 ലക്ഷം പേരിൽ 454 രോഗികൾ എന്ന നിലയിൽ നിന്നും 9.1 രോഗികൾ എന്ന രീതിയിലെത്തി. രോഗ പരിശോധനകളുടെ എണ്ണം കൂടുമ്പോഴും രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം എല്ലാ മേഖലകളിലും കുറഞ്ഞുവരികയാണ്. ഇന്നലെ ബ്രിട്ടനിൽ 2,445 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 22 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മരണനിരക്കിൽ കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ ചെറിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും രോഗവ്യാപനതോത് 10 ശതമാനം കുറഞ്ഞു.

വാക്സിനേഷൻ പദ്ധതിയും അതിവേഗം പുരോഗമിക്കുകയാണ്. ഇന്നലെ 4,62,000 പേർക്ക് വാക്സിന്റെ രണ്ടാം ഡോസും 1,34,000 പേർക്ക് ആദ്യ ഡോസും നൽകിയിരുന്നു. ഇതോടെ 34 മില്ല്യൺബ്രിട്ടീഷുകാർക്ക് വാക്സിന്റെ ആദ്യ ഡോസെങ്കിലും ലഭിച്ചു കഴിഞ്ഞു. 14 മില്ല്യൺ പേർക്ക് രണ്ടു ഡോസും ലഭിച്ചിട്ടുണ്ട്. കോവിഡിന്റെ പിന്മാറ്റം ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടെങ്കിലും, ബ്രിട്ടനിൽ ജീവിതം പഴയരീതിയിലേക്ക് തിരിച്ചുപോകാൻ ഇനിയും ഏഴ് ആഴ്‌ച്ചകൾ കൂടി വേണം. ബോറിസ് ജോൺസൺ പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശ രേഖ പ്രകാരം ജൂൺ 21 ന് മാത്രമെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കുകയുള്ളു.

അതേസമയം നിലവിൽ ബ്രിട്ടനിലെ രോഗവ്യാപന നിരക്ക് വളരെ കുറവായതിനാൽ, ക്വാറന്റൈന് വിധേയരാകാതെ തന്നെ ബ്രിട്ടീഷുകാർക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ആയേക്കുമെന്ന് ഈസി ജറ്റിന്റെ സഹായത്തോടെ അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. മെയ്‌ 17 നാണ് വിദേശയാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഒന്ന് രണ്ടാഴ്‌ച്ചത്തെ നിർബന്ധിത ക്വാറന്റിൻ പല രാജ്യങ്ങളിലും നിലനിൽക്കുന്നത് വിനോദ സഞ്ചാരമേഖലക്ക് കനത്ത തിരിച്ചടിയാണ്.

ഏപ്രിൽ മാസത്തിലെ രോഗവ്യാപനത്തിന്റെ കണക്കുകളും, വാക്സിനേഷൻ പദ്ധതി വിജയകരമായി പോകുന്നു എന്ന അനുമാനവും അടിസ്ഥാനമാക്കിയാണ് യൂണിവേഴ്സിറ്റി ഈ പഠനം നടത്തിയത്. വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങൾ പഠിച്ച ഗവേഷകർ ഇറ്റലി, ഗ്രീസ്, ഫിൻലാൻഡ്, നോർവേ, ജർമ്മനി, സ്വിറ്റ്സർലാൻഡ്, ആസ്ട്രിയ, ബെൽജിയം, നെതർലാൻഡ്സ്, ബൾഗേറിയ, ചെക് റിപ്പബ്ലിക്, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളിലേക്ക് ക്വാറന്റൈന് വിധേയരാകാതെ ബ്രിട്ടീഷുകാർക്ക് പോകാമെന്നാണ് പറയുന്നത്. അതുപോലെ ഈ രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തുമ്പോൾ ബ്രിട്ടനിലും ക്വാറന്റൈൻ ആവശ്യമായി വരില്ല.

പോർച്ചുഗലിൽ രണ്ടു ദിവസത്തെ ക്വാറന്റൈനും ടർക്കിയിൽ ഒമ്പത് ദിവസത്തെ ക്വാറന്റൈനുമാണ് പഠനം നിർദ്ദേശിക്കുന്നത്. രോഗവ്യാപനം കൂടുതലുള്ള രാജ്യത്തു നിന്നും കുറവുള്ള രാജ്യത്തേക്ക് യാത്രചെയ്യുമ്പോൾ യാത്രയ്ക്ക് മുൻപും, പിന്നീട് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴും നടത്തുന്ന പരിശോധനകൾ തന്നെ രോഗവ്യാപനം തടയാൻ മതിയാകും എന്നും ഇവർ പറയുന്നു. മെയ്‌ 17 ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വിദേശയാത്രകൾക്ക് അനുമതി നൽകുകയാണെങ്കിൽ, സ്പെയിൻ, പോർച്ചുഗൽ, ഗ്രീസ് എന്നിവ ഏറ്റവും സുരക്ഷിതമായ ലക്ഷ്യസ്ഥാനങ്ങളുടെ ലിസ്റ്റിൽ ചേർക്കാമെന്നും പഠനം പറയുന്നു.